ഗദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)

ചതുർത്ഥസമ്മേളനം തിരുവനന്തപുരത്തുവച്ചാണു് നടന്നത്. ഉള്ളൂരും മള്ളൂരും ആയിരുന്നു പ്രവർത്തനത്തിൻ്റെ സാരഥികൾ. 1929 ഡിസംബർ 28, 29, 30 (1105 ധനു 13, 14, 15) എന്നീ തിയതികളിൽ നടന്ന പ്രസ്തുത സമ്മേളനം 6 യോഗങ്ങളോടുകൂടിയതായിരുന്നു. അപ്പൻ തമ്പുരാൻ, ഐ. സി ചാക്കോ, അമ്പാടി കാർത്ത്യായനിഅമ്മ, പുന്നശ്ശേരി നീലകണ്ഠശർമ്മ, സി. വി. കുഞ്ഞുരാമൻ, പി. കെ. നാരായണപിള്ള എന്നിവർ യഥാക്രമം ഓരോ യോഗത്തിലും ആദ്ധ്യക്ഷ്യം വഹിച്ചു. എം. രാജരാജവർമ്മയാണു് പ്രദർശനോൽഘാടനം നിർവ്വഹിച്ചത്. ഒരു സാഹിത്യപരിഷന്മാസിക നടത്തണമെന്നുള്ള പ്രമേയം ഇടപ്പള്ളി പരിഷത്തിൽവച്ചുതന്നെ പാസ്സാക്കിയിരുന്നെങ്കിലും, അതിനെ ഊർജ്ജസ്വലമാക്കിത്തീർത്തതു തിരുവനന്തപുരം പരിഷൽസമ്മേളനത്തിച്ചായിരുന്നു. ഒരു കേരളസർവ്വകലാശാല സ്ഥാപിക്കുക എന്നുതുടങ്ങിയ മററു പ്രമേയങ്ങളും അവതരിപ്പിച്ചു പാസ്സാക്കാതിരുന്നില്ല. നാലാം സമ്മളനത്തിൻ്റെ റിപ്പോർട്ടു വി. വി. പ്രസ്സിൽ അടിപ്പിച്ച് ഭാരവാഹികൾ പ്രകാശിപ്പിച്ചിട്ടുണ്ട്.

അഞ്ചാംസമ്മേളനം: പരിഷത്തിൻ്റെ അഞ്ചാംവാർഷികം ആറ് യോഗങ്ങളോടുകൂടി 1930 ഡിസംബർ 29, 30, 31 (1106 ധനു 14, 15, 16) എന്നീ തീയതികളിൽ കെ. ജി. ശങ്കർ മുതലായവരുടെ ഉത്സാഹത്താൽ കൊല്ലത്തു മലയാളിസഭാമന്ദിരത്തിൽവച്ചു കൊണ്ടാടി. കെ. ആർ. കൃഷ്ണപിള്ളയായിരുന്നു സ്വീകരണ സംഘാദ്ധ്യക്ഷൻ, വള്ളത്തോൾ സമ്മേളനോൽഘാടകനും, ഉള്ളൂർ, കോട്ടൂർ കെ. ഭാഗീരഥി അമ്മ എം. എം., മാവേലിക്കര എം. ഉദയവർമ്മരാജാ ബി. എ.. മൂർക്കോത്തു കുമാരൻ, പി. കെ. നാരായണപിള്ള (സാഹിത്യപഞ്ചാനനൻ), മള്ളൂർ ഗോവിന്ദപ്പിള്ള എന്നിവർ യഥാക്രമം ഓരോ യോഗത്തിലെ അധ്യക്ഷരുമായിരുന്നു. കേരളത്തിനു പൊതുവായ ഒരു സർവ്വകലാശാല വേണമെന്നു തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ ഗവർമ്മേൻ്റെുകളോടഭ്യർത്ഥിക്കുന്നതും മററുമായ ചില പ്രമേയങ്ങൾ സമ്മേളനത്തിൻ്റെ ഒടുവിലത്തെ യോഗത്തിൽ അവതരിപ്പിക്കയുണ്ടായി. ദ്രുതകവനപരീക്ഷ, ഉപന്യാസപരീക്ഷ, പ്രസംഗമത്സരം എന്നിങ്ങനെ ചില പരീക്ഷകൾ സമ്മേളനത്തോടനുബന്ധിച്ചു നടത്തി ഒടുവിലത്തെ യോഗത്തിൽവച്ചുതന്നെ അവയ്ക്കു സമ്മാനം നല്കുകയുമുണ്ടായി.