ഗദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)

രജിസ്റ്റർചെയ്ത പരിഷത്തും: പരിഷത്തിൻ്റെ ആറാം സമ്മേളനം വളരെ പ്രാധാന്യമർഹിക്കുന്നു. 1931 ഡിസംബർ 28, 29, 30 (1107 ധനു 13, 14, 15) എന്നീ തീയതികളിൽ അതു് എറണാകുളം മഹാരാജ കലാലയത്തിൽവച്ചു കൊണ്ടാടി. സമ്മേളനത്തിൻ്റെ പൊതുഅദ്ധ്യക്ഷൻ എം. രാജരാജവർമ്മയായിരുന്നു. സാഹിത്യപോഷണം, നിഘണ്ടു നിർമ്മാണം, പ്രസാധനം, പത്രപ്രവത്തനം, കേരളകലാപ്രവർത്തനം എന്നീ വിഷയങ്ങളെപ്പറ്റി ആലോചിക്കുന്നതിനു് അഞ്ചു് ഉപ യോഗങ്ങളും കൂടുകയുണ്ടായി. ഉള്ളൂർ, അപ്പൻതമ്പുരാൻ, തോമസ് പോൾ, സി. വി. കുഞ്ഞുരാമൻ, വള്ളത്തോൾ എന്നിവരായിരുന്നു യഥാക്രമം ഓരോ ഉപ സമിതിയുടേയും അദ്ധ്യക്ഷന്മാർ. പ്രദർശനോൽഘാടനം ഡോ. എൽ. എ. രവിവർമ്മ നിർവ്വഹിച്ചു. മേല്പറഞ്ഞ സമ്മേളനത്തിൽവെച്ചാണു് പരിഷത്തു് സ്ഥിരമായ ഒരു സംഘടനയാക്കിത്തീർക്കുവാൻ രജിസ്റ്റർ ചെയ്യേണ്ടതാണെന്നുള്ള തീരുമാനമുണ്ടായതു്. അതുവരെ ഒരോ സമ്മേളനവും ഭാഷാപ്രണയികളിൽ ആരെങ്കിലും അവരുടെ സ്ഥലത്തേക്കു ക്ഷണിക്കുക, ഓരോ സമ്മേളനത്തിലുംവച്ച് അടുത്തകൊല്ലത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുക, അവർ പുതിയ അംഗങ്ങളെ ചേർക്കുക, കണക്കുകൾ സൂക്ഷിക്കുക, അടുത്ത കൊല്ലത്തെ ഭാരവാഹികളെ ഏല്പിക്കുക എന്നിങ്ങനെ തുടർന്നുവന്നു. എന്നാൽ അതു് സ്ഥാപനത്തിൻ്റെ സുസ്ഥിതിക്കും വ്യവസ്ഥിതിക്കും അനുരൂപമായ മട്ടിലല്ലാ നിർവ്വഹിച്ചുവന്നതു്. ഈ ന്യൂനതയെ പരിഹരിക്കാൻ പരിഷത്തു് രജിസ്റ്റർ ചെയ്തേ മതിയാകൂ എന്നു തീരുമാനിക്കയും, അതനുസരിച്ചു കൊച്ചിയിലെ 1088-ലെ രണ്ടാം റഗുലേഷൻ പ്രകാരം എറണാകുളം രജിസ്ട്രാപ്പീസിൽ 1107 ധനു 27-ാം തീയതി ഒന്നാം നമ്പായി അതു രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതോടുകൂടി പരിഷത്തു് ഒരു സ്ഥിരം സംഘടനയായിത്തീർന്നു. പരിഷത്തുവക ത്രൈമാസികത്തിൻ്റെ ഉൽപത്തിക്കും അതു കാരണമായിത്തീർന്നു. 1108 ചിങ്ങംമുതൽക്ക് ത്രൈമാസികം ആരംഭിച്ചുവെന്നുകൂടി പറഞ്ഞു കൊള്ളട്ടെ.