ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
രജിസ്റ്റർ ചെയ്ത പരിഷത്തിൻ്റെ മെമ്മോറാണ്ടവും നിയമാവലിയും ത്രൈമാസികത്തിൻ്റെ ഒന്നാം ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അപ്പൻതമ്പുരാൻ്റെ നേതൃത്വത്തിൽ പ്രവർത്തിച്ച ഒരു ഉപസമിതി എഴുതിയുണ്ടാക്കിയതാണു് നിയമാവലി. അന്നത്തെ നിയമാവലിതന്നെയാണു് ഇന്നും നിലവിലിരിക്കുന്നതു്. പരിഷത്തിൽ അംഗങ്ങളായി ചേരുന്നവർക്കു പരിഷത്തുവക ത്രൈമാസികം സൗജന്യമായി കിട്ടുമെന്നാണു് നിയമം അനുശാസിക്കുന്നതു്. ഇന്നും ആ വ്യവസ്ഥതന്നെ തുടർന്നുപോരുന്നു. പരിഷത്തിൻ്റെ നടത്തിപ്പിനായി ഒരദ്ധ്യക്ഷൻ, ഒരു കാര്യദർശി, ഒരു സഹകാര്യദർശി, ഒരു ഖജാൻജി എന്നീ ഔദ്യോഗികാംഗങ്ങളുൾപ്പെടെ 25 പേരടങ്ങിയ ഒരു പ്രവർത്തകസമിതി ഉണ്ടായിരിക്കണമെന്നാണ് നിയമം. പിരീഷത്തു് റജിസ്റ്റർചെയ്ത കൊല്ലത്തിൽ നടന്ന പൊതുയോഗം, അപ്പൻ തമ്പുരാൻ (അദ്ധ്യക്ഷൻ). പി. ശങ്കരൻനമ്പ്യാർ (കാര്യദർശി), ഏ.ഡി. ഹരിശർമ്മ (സഹകാര്യദർശി), അമ്മാമൻതമ്പുരാൻ (ഖജാൻജി) എന്നിവരുൾപ്പടെയുള്ള 25 പേരെയാണു പ്രവർത്തകസംഘമായി തിരഞ്ഞെത്തതു്. ഇന്നും കൊല്ലംതോറും പരിഷദംഗങ്ങളുടെ പൊതുയോഗത്തിൽ വച്ച് ഈ നിയമമനുസരിച്ചുതന്നെ തിരഞ്ഞെടുപ്പു നടന്നുപോരുന്നു.
ആദ്യത്തെ രണ്ടു കൊല്ലത്തിനുശേഷം നിർവ്വാഹകസംഘത്തിൻ്റെ അദ്ധ്യക്ഷസ്ഥാനം മഹാകവി ഉള്ളൂരിലും, കാര്യാദർശിയുടെ ചുമതല ഏ. ഡി. ഹരിശർമ്മയിലും ചെന്നുറച്ചു. സാഹിത്യപരിഷത്തിൻ്റെയും ത്രൈമാസികത്തിൻ്റെയും അഭിവൃദ്ധിക്കായി ഉള്ളരും, ഹരിശർമ്മയും അന്നുചെയ്ത അളവറ്റ യത്നം സാഹിത്യപ്രണയികൾക്ക് ഒരിക്കലും വിസ്മരിക്കുവാൻ സാധിക്കുന്നതല്ല. വലിയകോയിത്തമ്പുരാനും വറുഗീസ്‌മാപ്പിളയും ചേർന്നു ഭാഷാപോഷിണിയെ എങ്ങനെ മുമ്പോട്ടു നയിച്ചിരുന്നുവോ, അതേവിധത്തിലുള്ള ത്യാഗവും ക്ലേശവും അനുഭവിച്ചുകൊണ്ടു തന്നെയാണു്, ഈ സാഹിത്യപ്രണയികളും പരിഷത്തിനെ അന്ന് അനവധി വിഷമതകളിൽക്കൂടി മുന്നോട്ടു നയിച്ചുകൊണ്ടിരുന്നതു്.
