ഗദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)

പരിഷത്തു രജിസ്റ്റർ ചെയ്തതിനു ശേഷം : പരിഷത്തു രജിസ്റ്റർ ചെയ്തതിനു ശേഷമുള്ള ഏഴാംസമ്മേളനം കോഴിക്കോട്ടുവെച്ചാണ് നടന്നതു്. അപ്പൻതമ്പുരാൻ സമ്മേളനത്തിൻ്റെ പൊതുഅദ്ധ്യക്ഷനായിരുന്നു. 1933 ഏപ്രിൽ 22, 23, 24 എന്നീ തീയതികളിൽ കൊണ്ടാടിയ പ്രസ്തുത സമ്മേളനത്തിൻ്റെ റിപ്പോർട്ട് ഭാരവാഹികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

എട്ടാംസമ്മേളനം 1934 ഏപ്രിൽ 28, 29 എന്നീ തീയതികളിൽ നിലമ്പൂർ മാനവേദരാജാവിൻ്റെ ആതിഥ്യത്തിലും, പുന്നശ്ശേരി, വള്ളത്തോൾ, ഉള്ളൂർ, മൂർക്കോത്തുകുമാരൻ എന്നിവരുടെ അദ്ധ്യക്ഷതയിലും നിലമ്പൂർവച്ച് ആഘോഷിക്കപ്പെട്ടു. 8-ാംസമ്മേളനത്തിൻ്റെ റിപ്പോർട്ടും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് .

ഒൻപതാം സമ്മേളനം 1935 മെയ് 11, 12 എന്നീ തീയതികളിൽ (1110-ൽ) തലശ്ശേരിയിൽവെച്ചു കൊണ്ടാടി. വറുഗീസ് തലക്കെട്ടിയുടെ ‘മംഗള’ത്തോടും, സി. വി. കുഞ്ഞുരാമൻ്റെ ‘കൈരളീപ്രാർത്ഥന’യോടുംകൂടിയാണു് സമ്മേളനം ആരംഭിച്ചതു്. ചിറയ്ക്കൽ രാമവർമ്മ വലിയതമ്പുരാൻ ഉദ്ഘാടകനും, കെ. സി. മാമ്മൻമാപ്പിള, ഏ. കെ. ശങ്കരവർമ്മ രാജാ, മിസ്സിസ് സി. കുട്ടൻനായർ, കെ. എം. സീതിസാഹിബ് എന്നിവർ അദ്ധ്യക്ഷരുമായിരുന്നു. സമ്മേളനറിപ്പോർട്ടു ഭാരവാഹികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പത്താംസമ്മേളനം, 1936 ഏപ്രിൽ 30, മെയ് 1 എന്നീ തീയതികളിൽ തൃശ്ശിവപേരൂർ സെൻറ് തോമസ് കോളേജിൽവച്ചു കൊണ്ടാടി. വി. കൃഷ്ണൻതമ്പിയായിരുന്നു പൊതുഅദ്ധ്യക്ഷൻ. രണ്ടാമത്തെ ദിവസം ഒരു ചർച്ചായോഗമാണു് നടന്നതു്. “കലയ്ക്കു സാന്മാർഗ്ഗികമായ ഉദ്ദേശ്യമില്ല” എന്ന പ്രമേയത്തെ അവതരിപ്പിച്ചുകൊണ്ടു് പി. ശങ്കരൻനമ്പ്യാർ ഒരു പ്രസംഗം ചെയ്തു. പ്രമേയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും പ്രസംഗിച്ചു, എത്രയും സജീവമായിരുന്നു ആ സദസ്സെന്നു് പ്രത്യേകം പറയേണ്ടതുണ്ടു്. തൃശൂർ സമ്മേളനത്തിൻ്റെ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.