ഗദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)

പരിഷത്തിൻ്റെ 11-ാംസമ്മേളനം, 1936 ഡിസംബർ 28, 29, 30 (1112 ധനു 14, 15, 16) എന്നീ തീയതികളിൽ തിരുവനന്തപുരത്തുവച്ചു കൂടി. സമ്മേളനോദ്ഘാടകൻ, സചിവോത്തമൻ സി. പി. രാമസ്വാമി അയ്യരും, കലാപ്രദർശനത്തിൻ്റെ ഉദ്ഘാടകൻ പ്രഫ്‌സർ ഏ. ഗോപാലമേനോനുമായിരുന്നു. ഏഴു യോഗങ്ങളുണ്ടായിരുന്നതിൽ നിലമ്പൂർ വലിയരാജാ, ഡോക്ടർ പി ജെ. തോമസ്. പി. അനന്തൻപിള്ള, ടി. സി. കല്യാണിയമ്മ, ഡോക്ടർ സി. കുഞ്ഞൻരാജ, മള്ളൂർ, ഉള്ളൂർ എന്നിവർ യഥാക്രമം ഓരോന്നിലും ആദ്ധ്യക്ഷ്യം വഹിച്ചു. പന്ത്രണ്ടാം സമ്മേളനം 1938 ഏപ്രിൽ 27, 28, 29 (1113 മേടം 14, 15, 16) എന്നീ തീയതികളിൽ കോട്ടയത്തുവച്ചു കൊണ്ടാടി. വരാപ്പുഴ ആർച്ചു ബിഷപ്പ് ഡോക്ടർ ജോസഫ് അട്ടിപ്പേറ്റി സമ്മേളനം ഉദ്ഘാടനം ചെയ്തു. മള്ളൂരായിരുന്നു സമ്മേളനത്തിൻ്റെ പൊതുഅദ്ധ്യക്ഷൻ. ഉള്ളൂർ, പി. അനന്തൻപിള്ള, പള്ളത്തു രാമൻ, ഫാദർ പാലോക്കാരൻ, പി. ശങ്കരൻനമ്പ്യാർ, വള്ളത്തോൾ, എം. ആർ. മാധവവാര്യർ എന്നിവർ പ്രത്യേക യോഗങ്ങളുടെ അദ്ധ്യക്ഷന്മാരുമായിരുന്നു.

അടുത്ത സമ്മേളനം ഇടപ്പള്ളിയിൽ വച്ചു് 1939 ആഗസ്റ്റ് 16, 17, 18 (1114 കർക്കടകം 31, 1115 ചിങ്ങം 1, 2) എന്നീ തീയതികളിലായി കൊണ്ടാടപ്പെട്ടു. ഡോക്ടർ ഏ. ആർ. മേനോൻ ഉദ്ഘാടകനും ഡോക്ടർ ചേലനാട്ടു അച്യുതമേനോൻ, വടക്കുംകൂർ, മിസ്സിസ് മീനാക്ഷി എൻ. മേനോൻ, ഡോക്ടർ ഏ. ആർ. പൊതുവാൾ, കെ. വാസുദേവൻ മൂസ്സതു്, ജോസഫ് മുണ്ടശ്ശേരി എന്നിവർ യഥാക്രമം ഓരോ യോഗത്തിൻ്റെ അദ്ധ്യക്ഷരുമായിരുന്നു. ഈ സമ്മേളനം അതേവരെ കഴിഞ്ഞ സമ്മേളനങ്ങളോടു തുലനം ചെയ്യുമ്പോൾ എല്ലാവിധത്തിലും വളരെ ശോഷിച്ച ഒന്നായിരുന്നു എന്നു പറയാതെ തരമില്ല.