ഗദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)

ഒന്നാംസമ്മേളനം: കവിസമാജത്തിൻ്റെ ഒന്നാമത്തെ സമ്മേളനം 1067 വൃശ്ചികം 11, 12, 13 എന്നീ തീയതികളിൽ കോട്ടയത്തുവെച്ചു നടത്തുന്നതിനും തീർച്ചയാക്കി. മനോരമയാപ്പീസിൻ്റെ മുൻവശത്തു സജ്ജമാക്കിയിരുന്ന പന്തലിൽവെച്ചാണു് യോഗനടപടികൾ ആരംഭിച്ചതു്. ഏ. ആർ. രാജരാജവർമ്മയായിരുന്നു ആദ്യസമ്മേളനത്തിലെ അദ്ധ്യക്ഷൻ. സമാജത്തിൻ്റെ നാമധേയം മാറ്റണമെന്നുള്ള ചിലരുടെ ശക്തിയായ പ്രതിഷേധസ്വരം ആ യോഗത്തിൽ അലയടിച്ചു. കാര്യം നടക്കണമെന്നല്ലാതെ മർക്കടമുഷ്ടി ഒന്നിലുമില്ലാത്ത വറുഗീസുമാപ്പിള അതിനെ ആദരിക്കുകയും, പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മാവിനെക്കൊണ്ടു് സമാജത്തിനു ‘ഭാഷാപോഷിണി’ എന്ന പേർ പ്രഖ്യാപിപ്പിക്കുകയും ചെയ്തു. ഇങ്ങനെ കവിസമാജത്തിൻ്റെ ഒന്നാമത്തെ സമ്മേളന ത്തിൽവെച്ചു അതു ഭാഷാപോഷിണിസഭയായി രൂപാന്തരപ്പെട്ടുവെങ്കിലും, കവിസമാജത്തിൻ്റെ നാമധേയത്തിൽത്തന്നെയാണു് മൂന്നു ദിവസത്തെ സമ്മേളനങ്ങളും അവിടെ നടന്നതു്.

മൂന്നുദിവസവും ഓരോ പരീക്ഷയും ഉണ്ടായിരുന്നു. ഒന്നാംദിവസം ‘ഘടികാവിംശതി’പരീക്ഷ. ഒരു മണിക്കൂർകൊണ്ടു ശാർദ്ദൂലവിക്രീഡിത വൃത്തത്തിൽ സദാചാരവിഷയകമായി 20 പദ്യങ്ങൾ നിർമ്മിക്കണമെന്നുള്ളതായിരുന്നു വ്യവസ്ഥ. കെ.സി. കേശവപിള്ള വിജയിയായി. രണ്ടാം ദിവസം രാവിലെ കവിതാചാതുര്യപരീക്ഷ നടന്നു. രണ്ടു മണിക്കൂർകൊണ്ടു ചില സമസ്യകൾ പുരിപ്പിക്കുക, സംസ്കൃതപദ്യങ്ങൾ വൃത്താനുവൃത്തമായി തർജ്ജമചെയ്യുക എന്നു തുടങ്ങിയവയായിരുന്നു അതിലെ പരിപാടികൾ. കൊട്ടാരത്തിൽ ശങ്കുണ്ണിയാണു് അതിൽ മുഖ്യവിജയം നേടിയതു. 2-ാംദിവസം ഉച്ചതിരിഞ്ഞു നാടക നിർമ്മാണപരീക്ഷയും നടന്നു. അതായിരുന്നു പരീക്ഷകളിൽ മുഖ്യമായിരുന്നതും. ‘ഗംഗാവതരണം’ എന്ന കഥയെ ആസ്പദമാക്കി നൂറിൽ കുറയാതെ പദ്യങ്ങൾ ഉൾപ്പെടുത്തി 5 മണിക്കൂർകൊണ്ടു് 5 അങ്കത്തിൽ ഒരു നാടകമെഴുതണമെന്നായിരുന്നു നിശ്ചയം. കൊട്ടാരത്തിൽ ശങ്കുണ്ണി, കട്ടക്കയം ചെറിയാൻമാപ്പിള, ചക്രപാണിവാര്യർ, പെരുന്നെല്ലി കൃഷ്ണൻവൈദ്യൻ, കെ.സി. കേശവപിള്ള മുതലായി 25-ലധികം കവികൾ അതിൽ പങ്കുകൊണ്ടു. എന്നാൽ എല്ലാ വരുംതന്നെ ഒന്നും രണ്ടും അങ്കങ്ങൾവരെ എഴുതി അസാദ്ധ്യതനിമിത്തം വിരമിക്കുകയാണുണ്ടായതു്. കുഞ്ഞിക്കുട്ടൻതമ്പുരാൻ മാത്രം കൂസൽ കൂടാതിരുന്നെഴുതുവാൻ തുടങ്ങി. 5 മണിക്കൂറും 8 മിനിററുംകൊണ്ട് ഗംഗാവതരണം നാടകം അദ്ദേഹം മുഴുമിക്കുകയും ചെയ്തു. അന്യാദൃശമായ ഒരു വിജയംതന്നെയായിരുന്നു അതു്. ചിന്തിച്ചു പറയുന്നതുപോലെ എഴുതുന്നതിനു തമ്പുരാനു കൈവേഗം കുറവായിരുന്നു. അതിനാൽ, കൂനേഴത്തു പരമേശ്വരമേനോനെയാണു് ആ ‘സരസദ്രുതകവികിരീടമണി’ തൻ്റെ അനർഗ്ഗളമായ വാഗ്വിലാസത്തെ രേഖപ്പെടുത്തുവാൻ അടുത്തിരുത്തിയതു് എന്ന വസ്തുതകൂടി ഈ അവസരത്തിൽ പറയേണ്ടതുണ്ടു്.