ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
1940 ഡിസംബർ 28, 29, 30 (1116 ധനു 14, 15, 16) എന്നീ തീയതികളിൽ പാലക്കാട്ടുവച്ചു കൂടിയ 14-ാം സമ്മേളനം. 13-ാംസമ്മേളനത്തിൻ്റെ കുറവിനെ നിശ്ശേഷം പരിഹരിക്കുന്ന ഒന്നായിരുന്നു. നൃത്യകല, ഗദ്യസാഹിത്യം, ഹാസസാഹിത്യം, വിമർശം, പത്രപ്രവർത്തനം, ഗവേഷണം, വിവർത്തനം, പദ്യസാഹിത്യം, ഗ്രാമീണസാഹിത്യം, ജീവത്സാഹിത്യം എന്നീ വിവിധവിഷയങ്ങളെ പുരസ്‌കരിച്ചുള്ള പ്രത്യേക പ്രത്യേക സമ്മേളനങ്ങൾക്കു പുറമേ, ഒരു മഹിളാസമ്മേളനവും നടത്തുകയുണ്ടായി. വള്ളത്തോൾ, ടി. കെ. കൃഷ്ണമേനോൻ, ടി. കെ. ജോസഫ്, വടക്കുംകൂർ, കെ. രാമകൃഷ്ണപിള്ള, ആററൂർ, അപ്പൻതമ്പുരാൻ, ഉള്ളൂർ, കുട്ടമത്തു കുഞ്ഞികൃഷ്ണക്കുറുപ്പു്, ജി. ശങ്കരക്കുറുപ്പ് എന്നിവർ യഥാക്രമം ഓരോ യോഗത്തിലും ആദ്ധ്യക്ഷ്യം വഹിച്ചു. ശ്രീമതി ഗൗരിപവിത്രനായിരുന്നു, മഹിളാസമ്മേളനത്തിൻ്റെ അദ്ധ്യക്ഷ. ലളിത കലാപ്രകടനങ്ങൾക്കു പുറമേ, കേരളത്തിലെ പ്രാചീന വീരകലയായ വാൾപ്പയററു്, കഠാരിപ്പയററു് തുടങ്ങിയ കളരിപ്പയറ്റുകളുടെ പ്രകടനങ്ങളും പ്രസ്തുത സമ്മേളനത്തിൻ്റെ ഒരു പ്രത്യേകതയായിരുന്നു. പാലക്കാട്ടു സാഹിത്യ സമ്മേളനത്തിൻ്റെ സാരഥ്യം വഹിച്ചിരുന്നതു മഹാകവി പള്ളത്തുരാമനായിരുന്നുവെന്നുള്ളതും എടുത്തുപറയത്തക്ക ഒരു വസ്തുതയാണ്.
പതിനഞ്ചാം സമ്മേളനം, 1943 മെയ് 4, 5 (1118 മേടം 21, 22) എന്നീ തീയതികളിൽ വടക്കൻപറവൂർവച്ചു നടത്തപ്പെട്ടു. വള്ളത്തോളായിരുന്നു സമ്മേളനോദ്ഘാടകൻ. ഉള്ളൂർ, കോമാട്ടിൽ അച്യുതമേനോൻ (അദ്ധ്യക്ഷനായി വരിച്ചിരുന്ന എം. പി. പോൾ വന്നുചേരായ്മയാൽ ഒരു പ്രാസംഗികൻ്റെ നിലയിൽ വന്നിരുന്ന അച്യുതമേനോനെ പെട്ടെന്നു് അദ്ധ്യക്ഷനായി വരിക്കയാണുണ്ടായതു്.), പള്ളത്തുരാമൻ, ജെ. ഭാഗീരഥി അമ്മ എം. എ. എന്നിവർ അദ്ധ്യക്ഷരുമായിരുന്നു.
