ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
പതിനാറാം സമ്മേളനം: പരിഷത്തിൻ്റെ പതിനാറാം സമ്മേളനം, 1944 മെയ് 13, 14, 15 എന്നീ തീയതികളിൽ എറണാകു ളത്തുവച്ചു നിർവ്വഹിക്കപ്പെട്ടു. പരിഷന്നിർവ്വാഹകസമിതിയുടെ നേരിട്ടുള്ള ചുമതലയിൽ ആദ്യമായി നടത്തിയ പരിഷത്സമ്മേളനമായിരുന്നു അതു്. “പരിഷത്ത് 6-ാംസമ്മേളനത്തിനുശേഷം രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സംഘടനയാണെങ്കിലും, ഇതിനുമുമ്പുവരെ നടത്തിയിട്ടുള്ള സാംവത്സരികസമ്മേളനങ്ങളെല്ലാം സ്ഥിരം പരിഷത്തിനോടു ബന്ധമില്ലാതെ അതാതു പ്രദേശങ്ങളിലെ ഭാഷാപ്രണയികളുടെ ഉത്സാഹത്താൽ നടത്തി വരികയായിരുന്നു പതിവു്. വാർഷികസമ്മേളനങ്ങൾ ഇങ്ങനെ നടന്നു പോന്നതുകൊണ്ട് ആവക സമ്മേളനങ്ങൾക്കും സ്ഥിരം പരിഷത്തിനും തമ്മിൽ ബന്ധമില്ലാതെ വന്നു. ഓരോ സമ്മേളനവും കഴിയുമ്പോഴേക്കും അതിൽ നിഷ്ണാതരായിരുന്നവരുടെ ഉന്മേഷം മന്ദീഭവിക്കുകയും, അവർ സജ്ജമാക്കിയ പരിപാടികൾതന്നെ വിസ്മരിക്കപ്പെടുകയുമാണു് ഉണ്ടായിട്ടുള്ളത്.” * ( സ്വാഗതസംഘാദ്ധ്യക്ഷൻ ശ്രീ. പരീക്ഷിത്തു തമ്പുരാൻ ചെയ്ത പ്രസംഗത്തിൽ നിന്നു.) ഈവക കുഴപ്പങ്ങൾ അധികം കൂടാതെ കഴിക്കുവാൻ വേണ്ടിയാണു് സാംവത്സരിക സമ്മേളനം രജിസ്റ്റർ ചെയ്ത പരിഷത്തുതന്നെ നേരിട്ടു നടത്തുവാൻ അത്തവണ തീർച്ചയാക്കിയതു്. തന്നെയുമല്ല, കുറച്ചുകാലമായി പരിഷത്തിൻ്റെ ജീവാതുവായിരുന്ന മഹാകവി ഉള്ളൂർ തന്നെ അതിൻ്റെ നടത്തിപ്പിൽ നിരാശനായിത്തീർന്നിരുന്നു. 1119-ാ മാണ്ടായപ്പോഴേക്കും പരിഷത്തു് ഭാഷാപോഷിണി തുടങ്ങിയ പൂർവ്വജർക്കു നേരിട്ട ദുരദൃഷ്ടത്തിനു വിധേയമായിത്തീരുമോ എന്ന നിലപാടിൽ എത്തിച്ചേരുകയും ചെയ്തു. പരിഷത്തിൻ്റെ ഈ ദുരവസ്ഥയിൽ സഹതാപം തോന്നിയ എറണാകുളത്തെ ‘സാഹിത്യസമിതി’ അതിൻ്റെ ഉദ്ധാരണത്തിനുവേണ്ടി അതേറെറടുക്കണമെന്ന ഒരാശയം വെളിപ്പെടുത്തി. സമിതിയുടെ അദ്ധ്യക്ഷനായ പ്രിൻസിപ്പാൾ പി. ശങ്കരൻനമ്പ്യാർതന്നെയാണു് അങ്ങനെ ഒരാശയം ആദ്യമായി ആവിഷ്ക്കരിച്ചതും. പക്ഷേ, സാഹിത്യസമിതിയംഗങ്ങളല്ലാത്ത ചിലരും പരിഷത്തിൻ്റെ നിർവ്വാഹക സമിതിയിൽ ഉണ്ടായിരുന്നതുകൊണ്ടു് സമിതിയുടെ ആഭിമുഖ്യത്തിൽ എന്ന ആശയം മാററുകയും, പരിഷന്നിർവ്വാഹകസമിതിയുടെ ആഭിമുഖ്യത്തിൽ എന്നു ഭേദഗതി ചെയ്യുകയും ചെയ്തു. അങ്ങനെയാണു് പരിഷത്തിൻ്റെ 16-ാമതു സമ്മേളനം എറണാകുളത്തുള്ള പരിഷന്നിർവ്വാഹക സമിതിയംഗങ്ങൾ ഏറെറടുക്കുവാനും, അതു് എറണാകുളം മഹാരാജകലാലയത്തിൽ വച്ചു കൊണ്ടാടുവാനും ഇടയായതു്. അന്ന് ആ സമ്മേളനത്തിൻ്റെ ചുമതല ഏറ്റെടുത്ത പരിഷന്നിർവ്വാഹകസമിതിയംഗങ്ങൾ താഴെപ്പറയുന്നവരാണു്: പി. ശങ്കരൻനമ്പ്യാർ (പ്രസിഡണ്ടു്), ജി. ശങ്കരക്കുറുപ്പ്, പി. വി. കൃഷ്ണൻനായർ, പി. നാരായണമേനോൻ, കണ്ണൻ ജനാർദ്ദനൻ, പി. കെ. കരുണാകരമേനോൻ, ടി. സുധാകരമേനോൻ, അമ്പാടി കാർത്ത്യായനിയമ്മ, ടി. എം. ചുമ്മാർ, ടി. കെ. കൃഷ്ണമേനോൻ, കെ. ആർ. രാമചന്ദ്രൻ, വി. കരുണാകരൻനായർ (ഖജാൻജി), ഏ.ഡി. ഹരിശർമ്മ, എം. ഒ. ജോസഫ് (കാര്യദശിമാർ).
