ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
മേല്പറഞ്ഞ ഭാരവാഹികളുടെ ഉത്സാഹഫലമായി, വിശേഷിച്ച് ഖജാൻജി, കാര്യദശിമാർ എന്നിവരുടെ പരിശ്രമഫലമായി ഒട്ടേറെ ആജീവനസാമാജികന്മാരെ ചേർത്തും, സംഭാവനകൾ പിരിച്ചും ഗണ്യമായ ഒരു തുക പരിഷത്തിനു നേടുവാൻ കഴിഞ്ഞു. പ്രസ്തുതസംഖ്യ സമ്മേളനത്തിൻ്റെ ആർഭാടത്തിനും മററുമായി അധികം ചെലവുചെയ്യാതിരിക്കാൻ നിർവ്വാഹകസമിതി പ്രത്യേകം ശ്രദ്ധിക്കയും ചെയ്തു. അങ്ങനെ അന്നു മിതമായിമാത്രം ചെലവുചെയ്തു മിച്ചം സമ്പാദിച്ച (ആജീവന സാമാജികന്മാരിൽനിന്നുള്ള വരവുൾപ്പെടെ) നാലയ്യായിരം ഉറുപ്പിക കൊണ്ടാണു്. പിന്നീട്, 1124-ൽ കുറെ ബാദ്ധ്യതയോടുകൂടിയാണെങ്കിലും, എറണാകുളത്തു് ഇന്നു കാണുന്ന മുദ്രണാലയം സ്ഥാപിക്കുവാൻ സാധിച്ചതു്. പരിഷത്തിനു് അതിൻ്റെ വകയായി നേടുവാൻ കഴിഞ്ഞ ആദ്യത്തെ മൂലധനവും അതുതന്നെ * (ഇവിടെ ഒരു വിശദീകരണം നല്കിക്കൊള്ളട്ടെ. സംഭാവനവകയായി പിരിച്ചെടുത്ത മുവ്വായിരം ഉറുപ്പികയിൽ പകുതിയോളം സംഖ്യ സമ്മേളനച്ചെലവുകഴിച്ചു മിച്ചം വരുത്തുവാൻ കഴിഞ്ഞു. അതിനു പുറമെ 50 ആജീവനസാമാജികന്മാരിൽ നിന്നുള്ള വരവുമുണ്ടായിരുന്നു. 50 ആജീവനസാമാജികന്മാരെ ചേർക്കുക എന്നു പറഞ്ഞാൽ, പരിഷത്തിനു് 5,000 ഉറുപ്പിക മൂലധനം സമ്പാദിക്കുക എന്നതുമാണു്. പക്ഷേ, ഗണ്യമായ ഒരു വിഭാഗം, 10, 15, 20, 50 എന്നിങ്ങനെയുള്ള തുകകൾ കൊടുത്തു് ആജീവന സാമാജികന്മാരായി ചേർന്നിട്ടുള്ളവരായിരുന്നു. അടുത്ത സമ്മേളനത്തിനു മുമ്പായി മുഴുവൻ തുകയും കിട്ടുമെന്നു പ്രതീക്ഷിക്കാമായിരുന്നതേയുള്ളൂ. എന്നാൽ ചിലരിൽനിന്നു പിന്നീടു കാര്യമായ തുകയൊന്നുംതന്നെ ലഭിക്കാതെപോയിട്ടുമുണ്ട്. അതുകൊണ്ടാണു് സമ്മേളനാവസാനത്തിൽ എല്ലാ ഇനത്തിലുംകൂടി നാലയ്യായിരം ഉറുപ്പിക മിച്ചമുണ്ടായതെന്ന് ഇവിടെ കുറിക്കുവാൻ കാരണമുണ്ടായതു്. ) പ്രസ്തുത മുദ്രണാലയവും, അതിൽ നിന്നു പുറപ്പെടുന്ന പരിഷന്മാസികയും, കാര്യാലയവുമാണു് പരിഷത്തിൻ്റെ സുസ്ഥിതിക്കും അഭിവൃദ്ധിക്കും പശ്ചാത്തലമായി നിലകൊള്ളുന്നതെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ.
