ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
ഉള്ളൂരിൻ്റെ രാജിക്കു ശേഷം പ്രവർത്തകസമിതിയുടെ അദ്ധ്യക്ഷനായി മഹാകവി വള്ളത്തോളിനെയാണു തിരഞ്ഞെടുത്തതു്. അന്നുമുതൽ 1956 വരെ, പത്തുവർഷത്തോളം, അദ്ദേഹമായിരുന്നു പരിഷത്സംഘടനയുടെ അദ്ധ്യക്ഷൻ. ഉള്ളൂരിൻ്റെ സ്ഥാനത്യാഗത്തോടടുത്തകാലത്തുതന്നെ, അതുവരെ കാര്യദർശിയായിരുന്ന ഹരിശർമ്മ പരിഷത്തിൻ്റെ കാര്യദർശിത്വം വെച്ചൊഴിയുകയുണ്ടായി. പി. വി. കൃഷ്ണൻനായരാണു പിന്നീട് ആ സ്ഥാനം ഭംഗിയായി വളരെക്കാലം അലങ്കരിച്ചുപോന്നത്
പരിഷത്തിൻ്റെ 18-ാം സമ്മേളനം, 1947 മെയ് 17, 18 എന്നീ തീയതികളിൽ കോഴിക്കോട്ടുവച്ചും, 19-ാം സമ്മേളനം, 1948 ഏപ്രിൽ 23, 24, 25 എന്നീ തീയതികളിൽ കണ്ണൂർ വച്ചും, 20-ാം സമ്മേളനം, 1949 ഏപ്രിൽ 23, 24, 25 എന്നീ തീയതികളിൽ നീലേശ്വരത്തുവച്ചും കൊണ്ടാടി. നീലേശ്വരം സമ്മേളനത്തിലെ റിപ്പോർട്ടു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 21-ാം സമ്മേളനം. 1951 ഒക്ടോബർ 10, 11, 12, 13 എന്നീ തിയതികളിൽ വീണ്ടും പരിഷന്നിർവ്വാഹക സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം മഹാരാജ കലാലയത്തിൽവച്ചു നിർവ്വഹിക്കപ്പെട്ടു.
22-ാം സമ്മേളനം 1952 ഡിസംബർ 26, 27, 28 എന്നീ തിയതികളിൽ ഒററപ്പാലത്തുവച്ചു കൊണ്ടാടി. പ്രസ്തുത സമ്മേളനം പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്നു. സമ്മേളനത്തിൻ്റെ ഉദ്ഘാടകൻ, ഇന്ത്യൻ റിപ്പബ്ലിക്ക് വൈസ് പ്രസിഡണ്ടും, സർവ്വശാസ്ത്രധുരന്ധരനുമായ ഡോക്ടർ എസ്. രാധാകൃഷ്ണനായിരുന്നുവെന്നുള്ളതാണു അതിൽ സർവ്വപ്രധാനമായത്. പരിഷന്നിർവവ്വാഹകസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട രണ്ടു സമ്മേളനങ്ങൾക്കു പുറമെ, അന്നേവരെ മാറ്റുസ്ഥലങ്ങളിൽവച്ചു നടത്തപ്പെട്ട സമ്മേളനങ്ങളിൽ, ഒററപ്പാലത്തെ സമ്മേളന പ്രവർത്തകർക്ക് മാത്രമേ സാമ്പത്തികമായ സംഭാവനകൊണ്ടു സ്ഥിരം പരിഷത്തിനെ സഹായിക്കുവാൻ കരുത്തും കാരുണ്യവും ഉണ്ടായിട്ടുള്ളു എന്ന പരമാർത്ഥവും ഇവിടെ എടുത്തു പറയാവുന്നതാണു്. പ്രസ്തുത സമ്മേളനപ്രവർത്തകന്മാർ നാലയ്യായിരം രൂപ സംഭാവന നല്കി സ്ഥിരം പരിഷത്തിനെ അന്നു സഹായിക്കുകയുണ്ടായി. അവരുടെ ആ ഔദാര്യമാണു്, ഋണബാദ്ധ്യതയിൽ കഴിഞ്ഞിരുന്ന പരിഷന്മുദ്രണാലയത്തെ അതിൽനിന്നു വിമോചിപ്പിക്കുവാനും മുദ്രണാലയത്തിലെ പ്രവർത്തനം കാര്യക്ഷമമായ വിധത്തിൽ വികസിപ്പിക്കുവാനും സഹായിച്ചതു്.
പരിഷത്തിൻ്റെ 24-ാം സമ്മേളനം. 1934 ഡിസംബർ 24. 25, 26, 27, 28 എന്നീ തീയതികളിൽ അത്യാഡംബരപൂർവ്വം തിരുവനന്തപുരത്തുവച്ചു കൊണ്ടാടി. സർദാർ കെ. എം. പണിക്കരായിരുന്നു പൊതു അദ്ധ്യക്ഷൻ. ആർ. ആർ. ദിവാകർ സമ്മേളനം ഉൽഘാടനം ചെയ്തു. ഭാരതത്തിലെ അന്യഭാഷാഭാഷികളായ ഏതാനും പ്രമുഖ സാഹിത്യകാരന്മാർ, മള്ളൂർ ഗോവിന്ദപ്പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ ‘സൗഹൃദസമ്മേളന’ത്തിൽ പങ്കെടുത്തതു പരിഷത്തിൻ്റെ ചരിത്രത്തിൽ അഭൂതപൂർവ്വമായ ഒരു സംഭവമായിരുന്നു. പ്രഭാകർ മാച്ച്വേ (ഹിന്ദി), ഏ. എൻ. മൂർത്തിറാവു (കർണ്ണാടകം), ദേവലപ്പള്ളി കൃഷ്ണശാസ്ത്രി (തെലുങ്ക്), ഏ. ജി. വെങ്കിടാചാരി (തമിഴ്) എന്നിവരുടെ പ്രസംഗങ്ങളായിരുന്നു പ്രസ്തുത സമ്മേളനത്തിൽ നടന്നത്. ഉദ്ഘാടന സമാപന സമ്മേളനങ്ങളുൾപ്പെടെ പതിനൊന്നു യോഗങ്ങൾ തിരുവനന്തപുരത്തു കൂടിയ 24-ാം സമ്മേളനത്തിൽ നടത്തുകയുണ്ടായി. ലളിത, പത്മിനി, രാഗിണി മുതലായവരുടെ നൃത്തം, അതുപോലെയുള്ള അനേകം കലാപരിപാടികൾ എന്നിവയല്ലാം തിരുവനന്തപുരം സമ്മേളനത്തിൻ്റെ മേളം വർദ്ധിപ്പിക്കുവാൻപോരുന്നവയായിരുന്നു.
