ഗദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)

രജതജൂബിലി: 1927-ൽ തുടങ്ങിയ സാഹിത്യപരിഷത്തിൻ്റെ 25-ാം സമ്മേളനമാണു്. 1956 മേയ് 13 മുതൽ 18 വരെ 6 ദിവസങ്ങളിൽ എറണാകുളം മഹാരാജ കലാലയത്തിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽവച്ച് രജതജൂബിലിയായി വമ്പിച്ച പരിപാടികളോടുകൂടി കൊണ്ടാടിയതു്. കേന്ദ്രത്തിലെ വാർത്താനിവേദകമന്ത്രിയായ ഡോക്ടർ ബി. വി. കേസ്കരായിരുന്നു ജൂബിലി സമ്മേളനത്തിൻ്റെ ഉൽഘാടകൻ. കെ. പി. കേശവമേനോൻ പൊതുഅദ്ധ്യക്ഷനും. 12 പൊതുയോഗങ്ങൾ ഉണ്ടായിരുന്നതിൽ രണ്ടെണ്ണം ഇന്ത്യയിലെ പ്രാദേശികഭാഷകളിലെ അനേകം പ്രതിനിധികളെ സംബന്ധിപ്പിച്ച ‘ഭാരത സാഹിത്യ സമ്മേളന’ങ്ങളായിരുന്നുവെന്നതു് ജൂബിലിയുടെ ഒരു പ്രത്യേകതയായി കണക്കാക്കേണ്ടതാണ്. സമ്മേളനോൽഘാടകനായ ബുദ്ധദേവ ബോസിനു പുറമേ, ഡാക്ടർ ശ്രീകൃഷ്ണശർമ്മ (സംസ്കൃതം), ഹേംകാന്ത് ബാരുവാ (ആസ്സാമിസ്), ഗനികുമാർ ബ്രഹ്മ (ഒറിയ), ഏ. ഏ. സുരൂർ (ഉർദു), കെ. എസ്സ്. കരന്ത് (കർണ്ണാടകം), പി. എൻ. പുഷ്പ് (കാശ്മീരി), മൻ സുഖ്‌ലാൽ ജാവേരി (ഗുജറാത്തി), ജൈനേന്ദ്രകുമാർ (ഹിന്ദി), എൻ. ഗോവിന്ദപൈ (കർണ്ണാടകം), ദേവുലപ്പള്ളി കൃഷ്ണശാസ്ത്രി (തെലുങ്ക്), പ്രഭാകർ മാച്ച്വേ (ഹിന്ദി), അമൃതപ്രീതം (പഞ്ചാബി), സച്ചിൻ സെൻ ഗുപ്ത (ബംഗാളി), യശ്വന്ത് ദിൻകർ ചേണ്ഠാക്കർ (മറാത്തി), ത്രിലോക സീതാറാം (തമിഴ്) എന്നീ സാഹിത്യനായകന്മാർ പ്രസംഗകരായും പ്രസ്തുത സമ്മേളനങ്ങളിൽ പങ്കെടുക്കുകയുണ്ടായി. കേരളത്തിലെ ഒട്ടുമിക്ക കലാകാരന്മാരെയും ഏകത്ര ആനയിച്ചുവെന്നതും രജതജൂബിലിയുടെ മറെറാരു സവിശേഷതയായി കണക്കാക്കാം. ഈ വിഷയത്തിൽ ജി. ശങ്കരക്കുറുപ്പിൻ്റെ കഴിവിനേയും സ്വാധീനശക്തിയേയും പ്രശംസിച്ചേ മതിയാവൂ. തിരു-കൊച്ചി ഗവർണ്മെൻറും കേന്ദ്രഗവർണ്മെൻറും ഉദാരമായ ധനസഹായം നല്കിയും മറ്റും പരിഷത്തിനെ സമാദരിച്ച വസ്തുതയും ഈയവസരത്തിൽ പ്രസ്താവ്യമാണു്. ജൂബിലി സമ്മേളനത്തിൻ്റെ ചെലവുകൾ കഴിച്ചു ഗണ്യമായ ഒരു സംഖ്യ മിച്ചമുണ്ടാക്കുവാൻ തൽപ്രവർത്തകർക്കു സാധിച്ചുവെന്നതും വിസ്മരിക്കത്തക്കതല്ല. പ്രസ്തുത സംഖ്യ വിനിയോഗിച്ചാണു് ഇന്നു് എറണാകുളത്തു കാണുന്ന പരിഷന്മുദ്രണാലയമന്ദിരം, ബുക്ക്സ്റ്റാൾ മന്ദിരം മുതലായവ നിർമ്മിച്ചിട്ടുള്ളതു്. നാമമാത്രമായി സ്ഥിതിചെയ്തിരുന്ന പരിഷത്ഗ്രന്ഥാലയം നല്ലനിലയിൽ വികസിപ്പിക്കുവാനും രജതജൂബിലി സഹായകമായിത്തീർന്നു. പ്രസ്സും കെട്ടിടങ്ങളും മറ്റുമുൾപ്പെടെ ഗണ്യമായ ഒരു സംഖ്യ വിലവരുന്ന വസ്തുവകകൾ ഇന്നു പരിഷത്തിനു മൂലധനമായി എറണാകുളത്തു നിലവിലുണ്ട്. പരിഷത്തിൻ്റെ 26-ാം സമ്മേളനം, വിപുലമായ പരിപാടികളോടെ സാഹിത്യപ്രവർത്തക സഹകരണസംഘത്തിൻ്റെ ആഭിമുഖ്യത്തിൽ 1957 ഒക്ടോബർ 3 മുതൽ 7 വരെയുള്ള അഞ്ചു ദിവസങ്ങളിലായി കോട്ടയം തിരുനക്കര മൈതാനത്തു കെട്ടിയുണ്ടാക്കിയ വിശാലവും വിമോഹനവുമായ കൂററൻ പന്തലിൽവച്ചു കൊണ്ടാടി. കേരളത്തിൽ ആദ്യമായി ഒരു സാഹിത്യസംഘടന കെട്ടിപ്പടുത്ത കണ്ടത്തിൽ വറുഗീസുമാപ്പിളയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചുമായിരുന്നു, പ്രസ്തുത സമ്മേളനം നടത്തിയതെന്ന യാഥാർത്ഥ്യവും പ്രത്യേകം എടുത്തുപറയത്തക്ക ഒന്നാണു്. സമ്മേളനത്തിൻ്റെ പൊതു അദ്ധ്യക്ഷൻ മഹാകവി വള്ളത്തോളായിരുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പു മന്ത്രി പ്രഫ്‌സർ ഹുമയൂൺ കബീർ സമ്മേളനം ഉൽഘാടനം ചെയ്തു. പതിനഞ്ചു യോഗങ്ങളിലും കലാപരിപാടികളിലും വമ്പിച്ച ജനസഞ്ചയം വളരെ അച്ചടക്കത്തോടുകൂടി പങ്കെടുത്തിരുന്ന കാഴ്ച അഭൂതപൂർവ്വമായ ഒന്നായിരുന്നു. കഴിഞ്ഞ രണ്ടു സമ്മേളനങ്ങളിലെപ്പോലെ, വൈഭാഷിക സാഹിത്യകാരന്മാരെ ഉദ്ദേശിച്ചു രണ്ടു “ഭാരതീയ സാഹിത്യ സമ്മേളനങ്ങൾ ഇവിടെയും സംഘടിപ്പിക്കുകയുണ്ടായി. മറാട്ടി സാഹിത്യചക്രവർത്തിയായ മാമാ വരേർക്കറാണു പ്രസ്തുത സമ്മേളനങ്ങളിൽ ആദ്ധ്യക്ഷ്യം വഹിച്ചതു്. നാടകം വളരണമെങ്കിൽ നാടകശാലകൾ — തീയ്യേറ്ററുകൾ വളരണമന്നുള്ള ആശയം വാരേർക്കർ ശക്തിയായ ഭാഷയിൽ വ്യക്തമാക്കി. ആദ്യരങ്കാചാര്യാ (കർണ്ണാടകം), ബി. എസ്. രാമയ്യാ (തമിഴ്‌), കാളിന്ദീചരൺ പാണി ഗ്രാഹി (ഒറിയാ), ഡോക്ടർ മഹമ്മദ് ഹസ്സൻ (ഉറുദു), ജെ. എൽ. കൗൾ (കാശ്മീരി), ചന്ദ്രവദൻ സി. മേത്താ (ഗുജറാത്തി), സച്ചിൻ സെൻ ഗുപ്താ (ബംഗാളി), ഡോക്ടർ റാംകുമാർ വർമ്മാ (ഹിന്ദി), ശ്രീ ചക്രേശ്വർ (ആസാമീസ്) എന്നിവർ അതാതു ഭാഷയിലെ ആധുനിക നാടക സാഹിത്യത്തെപ്പറ്റി ചർച്ച ചെയ്യുകയുണ്ടായി. ആധുനിക മലയാളനാട കത്തെപ്പററി പ്രതിപാദിക്കുവാൻ എൻ. കൃഷ്ണപിള്ളയാണു് ചർച്ചാസമ്മേളനത്തിൽ പങ്കെടുത്തതു്. കഴിഞ്ഞ പരിഷൽ സമ്മേളനങ്ങളെ അപേക്ഷിച്ചു് ഈ സമ്മേളനത്തിലെ മറെറാരു പ്രത്യേകത, കുട്ടികളുടെ ഒരു സമ്മേളനം പ്രത്യേകമായി നടത്തി എന്നുള്ളതാണു്. കോട്ടയം സമ്മേളന പ്രവർത്തകന്മാർ പരിഷത്തിൻ്റെ ഒരു സൂവനീറും, പരിഷൽ സമ്മേളന പ്രസംഗങ്ങളും പ്രത്യേകം പ്രത്യേകം അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.