ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
മദിരാശി സമ്മേളനം: പരിഷത്തിൻ്റെ 27-ാം സമ്മേളനം, 1958 നവംബർ 21, 22, 23, 24 എന്നീ തീയതികളിൽ മദിരാശിയിൽവെച്ചു കൊണ്ടാടി. കേരളത്തിനു വെളിയിൽ ഒരു പരിഷൽ സമ്മേളനം നടത്തുക അതാദ്യമായിട്ടാണു്. കേരളീയരുടെ ജന്മഭൂമിയായ കേരളത്തിനു പുറ ത്തുവെച്ച് പരിഷത്തിൻ്റെ വാർഷികം ആഘോഷിക്കുന്നതു് അനുചിതമാണെന്നുംമററുമുള്ള ആക്ഷേപങ്ങൾ അക്കാലത്തുണ്ടാകാതിരുന്നില്ല. ഏതായാലും മദിരാശിസമ്മേളനം ഏററവും ഭംഗിയാക്കുവാൻ അതിൻ്റെ പ്രവർത്തകന്മാർ അകമഴിഞ്ഞു പ്രവർത്തിച്ചിരുന്നു. സമ്മേളനം വിജയമായത്തീരുകയും ചെയ്തു. സാധാരണയായ പ്രസംഗങ്ങൾക്കുപുറമേ, ‘നോവൽ’, ‘വിജ്ഞാനശാഖയുടെ വികാസത്തിന്നൊരു പദ്ധതി’ എന്നീ വിഷയങ്ങളെസ്സംബന്ധിച്ച രണ്ടു ചർച്ചാസദസ്സുകളും സംഘടിപ്പിച്ചിരുന്നു. ചർച്ചാസദസ്സിൻെറ ഉദ്ഘാടനം ഡോക്ടർ പി. ജെ. തോമസും, അദ്ധ്യക്ഷത, എൻ. കൃഷ്ണപിള്ള, ഡോക്ടർ കെ. ഭാസ്ക്കരൻനായർ എന്നിവരുമാണു നിർവ്വഹിച്ചത്. വാർഷിക സമ്മേളനത്തിൻ്റെ പൊതു അദ്ധ്യക്ഷൻ ജി. ശങ്കരക്കുറുപ്പും, ഉദ്ഘാടകൻ ശൂരനാട്ടു കുഞ്ഞൻപിള്ളയുമായിരുന്നു. ഡോക്ടർ സി. ആർ. കൃഷ്ണപിള്ളയുടെ നേതൃത്വത്തിലും കെ. പത്മനാഭൻനായരുടെ കാര്യദർശിത്വത്തിലുമാണു് മദിരാശി സമ്മേളനം പുരോഗമിച്ചതു്.
ഇരുപത്തെട്ടാമത്തെ സമ്മേളനം: മദിരാശി സമ്മേളനത്തിനുശേഷം അഞ്ചുവർഷത്തേക്കു സാഹിത്യപരിഷത്തിൻ്റെ ഒരു വാർഷിക സമ്മേളനവും നടത്തുവാൻ സാധിച്ചിരുന്നില്ല. രജിസ്റ്റർചെയ്ത സാഹിത്യപരീഷത്തിൻ്റെ 1957-ലെ വാർഷികപ്പൊതുയോഗത്തിൽവച്ചു നടന്ന പുതിയ നിർവ്വാഹകസമിതിയുടെ തിരഞ്ഞെടുപ്പിനെത്തുടർന്നു്, പരിഷത് പ്രസ്സ്, മാസിക തുടങ്ങിയവയുടെ മുന്നോട്ടുള്ള പ്രവർത്തനം, പല പ്രകാരത്തിലും പ്രതിബന്ധങ്ങളുള്ളതായിത്തീർന്നു. ഒരു വർഷത്തിലധികം കാലം കോടതി വരാന്തയിൽത്തന്നെ കഴിഞ്ഞുകൂടുവാനുള്ള ദുര്യോഗവും പരിഷത്തിനുണ്ടാകാതിരുന്നില്ല. നിഗ്രഹാനുഗ്രഹശക്തിയുള്ളവർ ആദ്യത്തേതിനു മാത്രം തയ്യാറായതോടെ, പരിഷൽപ്രവത്തനം സുഗമമായി മുന്നോട്ടു നീങ്ങാതെയുമായി. എങ്കിലും പുതിയ അന്തരീക്ഷത്തിൽ അവയുടെ ചുമതല ഏറെറടുത്തവരുടെ കർമ്മശക്തി ഒരുവിധത്തിലും നിന്നുപോയിരുന്നില്ല. മററു പ്രവർത്തനങ്ങളോടൊപ്പം സമ്മേളനം നടത്തുവാനുള്ള ശ്രമങ്ങളും തുടർന്നുകൊണ്ടേയിരുന്നു. അതിൻ്റെ ഫലമായിട്ടാണു് 1963 സെപ്തംബർ 29-ാം തിയതി മുതൽ ഒക്ടോബർ 3-ാം തീയതി വരെ, അഞ്ചു ദിവസങ്ങളിലായി സാഹിത്യപരിഷത്തിൻ്റെ 28-ാം വാർഷിക സമ്മേളനം തിരുവനന്തപുരം യൂണിവേഴ്‌സിററി സ്റ്റേഡിയത്തിൽവച്ചു കൊണ്ടാടുവാൻ സാധിച്ചതു്. 1963-ലെ പരിഷന്നിർവ്വാഹകസമിതിയുടെ അദ്ധ്യകൻ ഡോ. പി. കെ. നാരായണപിള്ളയുടെ ഉത്സാഹശക്തിയാണു് അതിനു പ്രധാന അവലംബമായിത്തീർന്നതെന്നും പറയേണ്ടതുണ്ടു്. നിയമസഭാ സ്പീക്കർ അലക്സാണ്ഡർ പറമ്പിത്തറയായിരുന്നു സ്വാഗതസംഘാദ്ധ്യക്ഷൻ. ഉദ്‌ഘാടകനായി രാഷ്ട്രപതി ഡോ. എസ്സ്. രാധാകൃഷ്ണനെ ലഭിച്ചതു് 28-ാം സമ്മേളനത്തിൻ്റെ വലിയൊരു നേട്ടമായിരുന്നു. സാഹിത്യകാരന്മാർ ജനജീവിതവുമായി ഇഴുകിച്ചേരണമെന്നും, ആളുകളെ അകററുകയല്ല, കൂട്ടിയിണക്കുകയാണ് സാഹിത്യധർമ്മമെന്നും മററുമുള്ള ഉൽകൃഷ്ട തത്വങ്ങൾ നാതിദീർഘമായ അദ്ദേഹത്തിൻ്റെ ഉത്ഘാടന പ്രസംഗത്തിൽ അവസരോചിതമായി ഉത്ബോധിപ്പിക്കുകയുണ്ടായി. ഉൽഘാടന സമ്മേളനം കഴിഞ്ഞ് അടുത്ത നാലു ദിവസങ്ങളിലായി 11 യോഗങ്ങൾ സമ്മേളിച്ചു. ‘സാഹിത്യവും പ്രതിരോധവും’ എന്ന തലക്കെട്ടിലാണു് അവയിൽ ഒന്നു നിർവ്വഹിക്കപ്പെട്ടത്. ഇന്നത്തെ യുദ്ധപരിതസ്ഥിതിയാണു് പ്രതിരോധസാഹിത്യത്തിനു വഴിതെളിച്ചതെന്നു തോന്നുന്നു. ഇപ്പോഴത്തെ ചേരിതിരിവുകളും വിടവുകളും കൂട്ടിയിണക്കി ശക്തമായ ഒരു സംഘടനയുടെ സുഗമപ്രവർത്തനത്തിനു പരിപാടിയിലെ ‘സുഹൃൽസമ്മേളനം’ വഴിതെളിക്കുമെന്നു മാദൃശന്മാർ പ്രതീക്ഷിച്ചിരുന്നു. ഫലം വല്ലതുമുണ്ടായോ ഉണ്ടാകുമോ എന്നറിയുവാൻ കഴിഞ്ഞിട്ടില്ല. ഏതായാലും സാധാരണ ജനങ്ങളിൽ ഒരു ചലനം സൃഷ്ടിക്കുവാൻ പരിഷത്തിൻ്റെ 28-ാം സമ്മേളനം ഒരവസരമായിത്തീർന്നിട്ടുണ്ടു്.
