ഗദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)

കേരളത്തെ മുഴുവൻ പ്രതിനിധാനം ചെയ്യുന്നതെന്ന് അഭിമാനിക്കാവുന്ന കേരള ജനതയുടെ ഏക സാംസ്‌കാരിക‌ സംഘടന, ഇന്നു സാഹിത്യപരിഷത്തു മാത്രമാണു്. അതിനു് അഭിമാനാവഹമായ ഒരു പൂർവ്വ ചരിത്രവുമുണ്ടു്. ഇത്രയേറെ സാംസ്ക്‌കാരിക പാരമ്പര്യം സിദ്ധിച്ചിട്ടുള്ള ഒരു സംഘടനയെ ഇല്ലാതാക്കി തൽസ്ഥാനത്തു മറെറാന്നു കെട്ടിപ്പടുത്തു് ഈ നിലയിൽ എത്തിക്കുവാൻ അത്ര എളുപ്പമൊന്നുമല്ല. അതിനാൽ കേരളത്തിലെ സാഹിത്യകാരന്മാരും, സംസ്‌കാരപ്രണയികളും മഹത്തായ ഈ സംഘടനയുടെ കാര്യക്ഷമമായ പുരോഗതിയിൽ ശ്രദ്ധ ചെലുത്തേണ്ടതു് എത്രയും ആവശ്യമാണെന്ന് ഇവിടെ അനുസ്മരിപ്പിക്കുക മാത്രം ചെയ്തു കൊള്ളുന്നു.

പുരോഗമന സാഹിത്യ സംഘടന: ഇക്കഴിഞ്ഞ രണ്ടു പതിററാണ്ടുകൾക്കിപ്പുറം കേരളസാഹിത്യത്തിൽ പുതിയൊരു സംഘടനകൂടി ഉടലെടുക്കുകയുണ്ടായി. 1944 ജനുവരി 29-ാംതീയതി ഷൊർണ്ണൂറിൽവെച്ചാരംഭിച്ച ‘കേരള പുരോഗമനസാഹിത്യസംഘടന’യാണതു്. ‘പുരോഗമനപരമായ സ്വഭാവത്തോടുകൂടിയ സാഹിത്യം നിർമ്മിക്കലും, തർജ്ജമ ചെയ്യലും, സംസ്ക്കാരരംഗത്തിൽ പ്രതിലോമ ശക്തികളോടു് പോരാടി സ്വാതന്ത്ര്യത്തേയും സാമൂഹ്യോന്നമനത്തെയും പ്രചോദിപ്പിക്കലും’ മററുമാണു് ഈ സംഘടനയുടെ ഭരണഘടനയിൽ വിവരിച്ചുകാണുന്ന ‘ഉദ്ദേശലക്ഷ്യങ്ങൾ.’

ഷൊർണ്ണൂർ സമ്മേളനത്തിലെ പ്രഥമ യോഗത്തിൽ ജി. ശങ്കരക്കുറുപ്പും, ദ്വിതീയ യോഗത്തിൽ എം. പി. പോളും ആദ്ധ്യക്ഷ്യം വഹിച്ചു. ഒ. എം. സി. നാരായണൻനമ്പൂതിരിപ്പാടു്, മുണ്ടശ്ശേരി, സി. ഏ. കുഞ്ഞുണ്ണിരാജാ മുതലായവർ പ്രസംഗിക്കുകയും ചെയ്തു. ഏതാനും സാഹിത്യകാരന്മാർകൂടി ആലോചിച്ചു തയ്യാറാക്കിയ മാനിഫെസ്റ്റൊ (വിജ്ഞാപനം) പി. കേശവദേവു് സദസ്സിൽ അവതരിപ്പിച്ചു. വോട്ടിനിട്ട് അതു പാസ്സാക്കുകയും ചെയ്തു. അനന്തരം വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിട്ടുള്ള പരിപാടികൾ നടപ്പിൽവരുത്തുവാനും മറ്റുമായി 9 പേർ ഉൾപ്പെട്ട ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തു. കമ്മററി പ്രസിഡണ്ടു് എം. പി. പോളും സെക്രട്ടറിമാർ സി. അച്യുതക്കുറുപ്പ്, പി. കേശവദേവ് എന്നിവരുമായിരുന്നു.