ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
രണ്ടാമത്തെ പുരോഗമനസാഹിത്യസമ്മേളനം 1945-ൽ (1120 മേടം 16, 17) കോട്ടയത്തുവെച്ചു കൊണ്ടാടി. അഖിലേന്ത്യാപ്രസിദ്ധനും പ്രശസ്ത കവിയുമായ ശ്രീ ഹരീന്ദ്രനാഥചതോപാദ്ധ്യായയാണു് സമ്മേളനം ഉദ്ഘാടനം ചെയ്തതു്. ഉദ്ഘാടനയോഗത്തിൻ്റെ ആരംഭത്തിൽ എം. പി. പോൾ സദസ്സിനു സ്വാഗതമരുളി. പ്രഥമയോഗത്തിൽ മുണ്ടശ്ശേരിയും, രണ്ടാമത്തേതിൽ ചങ്ങമ്പുഴ കൃഷ്ണപിള്ളയും, തൃതീയ യോഗത്തിൽ കുററിപ്പുഴ കൃഷ്ണപിള്ളയും അദ്ധ്യക്ഷത വഹിച്ചു. പലരും പ്രസംഗിക്കുകയുമുണ്ടായി. ഈ പ്രസംഗങ്ങളിൽ നിന്നു പുരോഗമനസാഹിത്യം എന്തെന്നുള്ളതിനെപ്പറ്റി ദൃഢവും വ്യക്തവുമായ ഒരഭിപ്രായം നമ്മുടെ സാഹിത്യകാരന്മാർക്കു് ഉണ്ടായിക്കഴിഞ്ഞിട്ടില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, പരസ്പര വിരുദ്ധങ്ങളായ അഭിപ്രായങ്ങളാണു് ഒരേ പ്രസംഗവേദിയിൽ നിന്നുകൊണ്ടു് പലരും പ്രസ്താവിച്ചത്. കോട്ടയം സമ്മേളനത്തിലെ പ്രസംഗങ്ങൾ ‘പുരോഗമനസാഹിത്യം എന്തിനു?’ എന്ന തലക്കെട്ടിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു കൊണ്ടു് ഈ വസ്തുത ആർക്കും ഹസ്താമലകംപോലെ തെളിഞ്ഞുകാണാവുന്നതാണു്. 16-ാം തീയതി കൂടിയ വിഷയ നിർണ്ണയക്കമ്മററിയിൽ, ഷൊർണ്ണൂർവെച്ചു തിരഞ്ഞെടുത്ത 9 കമ്മറ്റിയംഗങ്ങളെ കൂടാതെ മുണ്ടശ്ശേരി, ശങ്കരക്കുറുപ്പു തുടങ്ങി 28 അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി ഒരു പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു. എം. പി. പോളിനെ പ്രസിഡണ്ടായും, സി. അച്യുതക്കുറുപ്പിനെ ജനാൽ സെക്രട്ടറിയായും നിശ്ചയിക്കുകയും ചെയ്തു.
തൃശ്ശൂർ വച്ചു കൂടിയ തൃതീയ സമ്മേളനം പുരോഗമന സാഹിത്യ സംഘടനയുടെ ശക്തിയെ താറുമാറാക്കുകയാണുണ്ടായതു്. സോവിയററു റഷ്യയുടെ വിദേശവകുപ്പിൻ്റെ പ്രേരണയിൽനിന്നുടലെടുത്ത ‘കൽക്കത്ത തിസീസ്’ കേരളത്തിലെ പുരോഗമന സാഹിത്യകാരന്മാരെക്കൊണ്ടു് അംഗീകരിപ്പിക്കുവാൻ ഇ. എം. ശങ്കരൻനമ്പൂതിരിപ്പാട്ട്, കെ. ദാമോദരൻ (മലബാർ) മുതൽപേർ ചെയ്ത ശ്രമം, എം. പി. പോൾ, കേശവദേവു തുടങ്ങിയവരുടെ എതിർപ്പുമൂലം വിഫലമായിത്തീർന്നു. സംഘാംഗങ്ങളുടെ വീക്ഷണഗതിയിൽ വന്നുകൂടിയ ഈ വൈവിദ്ധ്യ വൈരുദ്ധ്യങ്ങൾമൂലം സംഘടനയുടെ ശക്തി ക്രമേണ ശിഥിലമാകുവാൻ തുടങ്ങി. എങ്കിലും, പിന്നീടു വൈക്കം, കൊല്ലം എന്നീ സ്ഥലങ്ങളിൽവച്ച് ഓരോ സമ്മേളനങ്ങൾകൂടി നടക്കാതിരുന്നില്ല. 1954 ഒക്ടോബറിൽ കോട്ടയത്തുവെച്ചും ഒരു അഖിലകേരള പു. സാ. സമ്മേളനം നടന്നു. ആദ്യത്തെ യോഗത്തിൽ ജി. ശങ്കരക്കുറുപ്പും, ദ്വിതീയ യോഗത്തിൽ കെ. ദാമോദരനും ആദ്ധ്യക്ഷ്യം വഹിച്ചു. മുണ്ടശ്ശേരി, പി.കെ. ബാലകൃഷ്ണൻ മുതൽപേർ പ്രസംഗിക്കുകയും ചെയ്തു. മുണ്ടശ്ശേരിയുടെ പ്രസംഗത്തിൽ, സമസ്തകേരളസാഹിത്യപരിഷത്തും പുരോഗമന സാഹിത്യസംഘടനയും ഭിന്നങ്ങളായ ആദർശങ്ങളോടുകൂടിയവയാകയാൽ, ഈ വിരുദ്ധ ശക്തികൾ കൂടിക്കലരാതിരിക്കുകയായിരിക്കും ഭംഗി എന്നൊരഭിപ്രായം പ്രകടമാക്കുകയുണ്ടായി. ഇങ്ങനെയൊക്കെയാണെങ്കിലും, സാഹിത്യപരിഷത്തുമായി ബന്ധമുള്ള പല സാഹിത്യകാരന്മാരേയും പു സാ. സമ്മേളനങ്ങളിൽ പങ്കുകൊള്ളിക്കുവാൻ അതിൻ്റെ ഭാരവാഹികൾ ഉററുശ്രമിച്ചുകൊണ്ടിരുന്നു. ഒരു കാര്യം തീർച്ചതന്നെ. അഭിപ്രായവ്യത്യാസങ്ങൾ എന്തൊക്കെയായാലും കേരളത്തിലെ സാംസ്ക്കാരിക നവോത്ഥാനത്തിൻ്റെ ഒരു ഘടകമെന്ന നിലയിൽ പുരോഗമന സാഹിത്യ സംഘടനയ്ക്ക്, അതിൻ്റെ പ്രവർത്തനകാലംവരെ കേരളത്തിൽ ഒരു ഉന്നത സ്ഥാനമുണ്ടായിരുന്നു.
