ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
പിറ്റേദിവസം സമ്മേളനപ്പന്തലിൽ വിദ്വൽസ്സദസ്സു കൂടി. പുന്നശ്ശേരിനമ്പിയായിരുന്നു അദ്ധ്യക്ഷൻ. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണവും പ്രബന്ധപാരായണവും നടന്നു. ഏ. ആർ., മാവേലിക്കര ഉദയവർമ്മരാജാ, വയസ്‌കരെ ആര്യാൻ നാരായണൻമുസ്സ്, കുഞ്ഞികുട്ടൻതമ്പുരാൻ മുതലായവരായിരുന്നു ഇവയുടെ അവതാരകന്മാർ, സദസ്യരുടെ താല്പര്യമനുസരിച്ചു് നീലകണ്ഠശർമ്മാവിൻ്റെ പ്രസംഗം സംസ്കൃത ഭാഷയിലായിരുന്നു. ഒന്നൊന്നര മണിക്കൂർ നീണ്ടുനിന്ന ആ വാഗ്വിലാസത്തിൽ സദസ്യർ ആകമാനം അത്ഭുതപരതന്ത്രരായി.
“രണ്ടായിരം രസന കണ്ഠതലത്തിലുള്ള
തണ്ടാർദളാക്ഷനുടെ തല്പമതാം ഫണിക്കും
ഉണ്ടാകയില്ലിതുവിധം വിബുധേന്ദ്രരൊക്കെ-
ക്കൊണ്ടാടുമാറുടനനർഗ്ഗളവാഗ്വിലാസം”
എന്നും മറ്റുമുള്ള പ്രശംസകൾ ആ പ്രസംഗത്തെപ്പറ്റി പിന്നീടു പരക്കുകയുണ്ടായി. കോട്ടയത്തു നടന്ന ഈ കവിസമാജത്തിൻ്റെ വിവരങ്ങളെല്ലാം ഉള്ളടക്കി കെ. സി. കേശവപിള്ള ‘കവിസമാജയാത്രാശതകം’ എന്നൊരു കവിതയും, ചങ്ങനാശ്ശേരി രവിവർമ്മ കോയിത്തമ്പുരാൻ ‘കവി സഭാരഞ്ജനം’ എന്നൊരു നാടകവും പിന്നീടു ചമയ്ക്കുവാനിടയായിട്ടുണ്ടെന്നുള്ള വസ്തുതയും ഇവിടെ പ്രസ്താവയോഗ്യമാണു്.
അനന്തരസമ്മേളനങ്ങൾ : കോട്ടയം സമ്മേളനത്തിൽ വെച്ചു തന്നെ ഭാഷാപോഷിണിസഭയുടെ അദ്ധ്യക്ഷനായി, വലിയകോയിത്തമ്പുരാനേയും, കാര്യദർശിയായി വറുഗീസുമാപ്പിളയേയും, യോഗം ഐകണ്ഠ്യേന തിരഞ്ഞെടുത്തു. സഭയുടെ രണ്ടാംസമ്മേളനം, കുഞ്ഞിക്കുട്ടൻ തമ്പുരാനും വെണ്മണി മഹൻനമ്പൂതിരിപ്പാടും കൂടി ക്ഷണിച്ചതനുസരിച്ചു, സി. പി. അച്യുതമേനോൻ്റെ മേൽനോട്ടത്തിൽ തൃശ്ശിവപേരൂർ വെച്ച് 1067 മേടം 22, 23, 24 എന്നീ തീയതികളിലായി നടന്നു. കോട്ടയത്തുവെച്ചു നടന്ന ഒന്നാമത്തെ ഭാഷാപോഷിണിസഭയിൽ, അല്ല, കവിസമാജസമ്മേളനത്തിൽ, വലിയകോയിത്തമ്പുരാനു സംബന്ധിക്കുവാൻ സാധിച്ചിരുന്നില്ല. അതിനാൽ ആ മഹാപുരുഷനെ ഏതുവിധത്തിലും ആ സമ്മേളനത്തോടനുബന്ധിപ്പിക്കണമെന്നു നയജ്ഞനും കാലാവലോകിയുമായ വറുഗീസുമാപ്പിള തീർച്ചപ്പെടുത്തി. പ്രസ്തുത ലക്ഷ്യത്തെ മുൻനിറുത്തി കവിതാചാതുര്യാദി പരീക്ഷകളിൽ വിജയികളായവർക്കു സമ്മാനദാനം നിവ്വഹിക്കുവാനെന്ന പേരിൽ 1067 മേടം 15-ാംതീയതി തിരുവനന്തപുരത്തുവെച്ച് ഒരു പൊതുയോഗം കൂടുവാൻ വേണ്ട ഏർപ്പാടകൾ ചെയ്തു.
