ഗദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)

1950-ാമാണ്ടിനുള്ളിൽ സംഘത്തിനു 1000 പുസ്തകങ്ങൾ പ്രസിദ്ധീകരീക്കുവാൻ കഴിഞ്ഞു. 1964 ആഗസ്റ്റ് ആയപ്പോഴേക്കും പ്രസിദ്ധീകരണങ്ങളുടെ സംഖ്യ ആയിരത്തിഅറുനൂറിലധികമായിരിക്കുന്നു. സംഘത്തിൻ്റെ മൂലധനം ആറുലക്ഷമായും ഉയർന്നു. അതിൽ അഞ്ചുലക്ഷത്തിലധികവും ഇപ്പോൾത്തന്നെ പിരിഞ്ഞുകഴിഞ്ഞിട്ടുമുണ്ട്. സഹകരണസംഘത്തിൽ ഇന്നു സാഹിത്യ പ്രണയികളായ നാനൂറോളം അംഗങ്ങൾ ഉൾപ്പെടുന്നു. ചെറുകഥ, നോവൽ എന്നുതുടങ്ങിയ സാഹിത്യ പ്രസ്ഥാനങ്ങളിൽ പലതിനേയും വിപുലമായ തോതിൽ പോഷിപ്പിക്കുവാനും, പുതിയ പുതിയ വായനക്കാരേയും എഴുത്തുകാരേയും വളരെയേറെ വർദ്ധിപ്പിക്കുവാനും സംഘത്തിനു് ഇതിനകം കഴിഞ്ഞിട്ടുണ്ടു്. ആധുനിക ഉപകരണങ്ങളോടുകൂടിയ ഒരു നല്ല പ്രസ്സും (ഇൻഡ്യാ പ്രസ്സ്) കെട്ടിടവും ഇന്നു സംഘത്തിൻ്റെ പൊതുസ്വത്തായിത്തീർന്നുകഴിഞ്ഞിരിക്കുന്നു. സംഘാംഗങ്ങളിൽ നിന്നു യഥാകാലം തിരഞ്ഞെടുക്കപ്പെടുന്ന ഡയറക്ടർ ബോർഡ് അംഗങ്ങളും സെക്രട്ടറിയും ചേർന്നു് നിയമ വിധേയമായി ഈ സ്ഥാപനം ഭരിച്ചുപോരുകയാണു്. ചുരുക്കത്തിൽ, കേരള സാഹിത്യത്തിൻ്റേയും സാഹിത്യകാരന്മാരുടേയും ഉയർച്ചയ്ക്കും വളർച്ചയ്ക്കും സർവ്വപ്രകാരേണയും സഹായകമായ വിധത്തിൽ സാഹിത്യ പ്രവത്തക സഹകരണ സംഘം വിപുലവും ശക്തവുമായ ഒരു മഹാസ്ഥാപനമായി ഇന്നു വിലസുന്നു എന്നു പറയുന്നതിൽ യാതൊരു അതിശയോക്തിയുമില്ല.