ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
എൻ. ബി. എസ്സും ബുള്ളററിനും: 1950 വരെ സഹകരണസംഘത്തിൻ്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നുവെന്നു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. എങ്കിലും ആ കാലഘട്ടത്തിൻ്റെ അവസാനത്തിൽ സംഘത്തിന് സ്വന്തമായി ഒരു വില്പനശാല ഉണ്ടാക്കുവാൻ സാധിച്ചു. അതു വലിയൊരു നേട്ടമാണു്. 1949 ജൂൺമാസത്തിൽ കോട്ടയം കളരിക്കൽ ബസാറിൽ പ്രവർത്തിച്ചിരുന്ന നാഷനൽ ബുക്ക്സ്റ്റാൾ സഹകരണസംഘം വിലയ്ക്കുവാങ്ങി. അതിൻ്റെ പ്രവർത്തനം പിന്നീടു വിവിധപ്രകാരേണ വിപുലപ്പെടുത്തുകയും, പുസ്തക വില്പനയിൽ ആധുനികരീതിക്കു യോജിച്ച പല സമ്പ്രദായങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. അതോടുകൂടി ആ സ്ഥാപനം ഇന്നു കേരളത്തിലെ ഏററവും മേലെക്കിടയിലുള്ള ഒരു പുസ്തക വ്യാപാര കേന്ദ്രമായിത്തീർന്നിരിക്കയാണു്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ എന്നീ കേന്ദ്രങ്ങളിലും അതിൻ്റെ ശാഖകൾ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞിരിക്കുന്നു. എൻ. ബി. എസ്സ്. ഇന്നു കേരളത്തിലെ അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും ഗ്രന്ഥശാലകളുടേയും ആശാകേന്ദ്രമായിത്തീർന്നിരിക്കയാണു്. പ്രതിവർഷം ഏഴെട്ടുലക്ഷം രൂപ വിലവരുന്ന പുസ്തകങ്ങൾ പ്രസ്തുത സ്ഥാപനങ്ങൾവഴി ഇപ്പോൾ വിററു വരുന്നുണ്ടെന്നു പറഞ്ഞാൽ, സുസംഘടിതമായ ആ വ്യവസായ സ്ഥാപനങ്ങളുടെ വളർച്ചയും പുരോഗതിയും ഒട്ടൊക്കെ ഊഹിക്കാവുന്നതാണല്ലൊ.
സാഹിത്യ പ്രവർത്തക സഹകരണ സംഘം വകയായി എൻ. ബി. എസ്’. ബുള്ളററിൻ എന്നൊരു പ്രസിദ്ധീകരണവും നടത്തി വരുന്നുണ്ടു്. 1950 മുതൽക്ക് ബുള്ളറ്റിൻ ആരംഭിച്ചുവെങ്കിലും 1956 മുതൽക്കേ അതു പ്രതിമാസ പ്രസിദ്ധീകരണമെന്നനിലയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ചുവരുന്നുള്ളു. മറ്റു മാസികകൾപോലെ വിജ്ഞാന പ്രദങ്ങളായ ലേഖനങ്ങളും കവിതകളും ഉൾക്കൊള്ളുന്ന ഒന്നല്ല എൻ. ബി. എസ്സ്. ബുള്ളറ്റിൻ. മലയാളത്തിൽ അതാതുമാസം പ്രസിദ്ധപ്പെടുത്തുന്ന പുസ്തകങ്ങളെപ്പറ്റി — വിശേഷിച്ച് എൻ. ബി. ബി. എസ്സ്. പുസ്തകങ്ങളെപ്പറ്റി — സാമാന്യമായ ഒരു വിവരണം നല്കുകയാണു് അതിൻ്റെ ലക്ഷ്യം. പുസ്തകങ്ങ ളെസ്സംബന്ധിച്ച വാർത്തകൾ, ലഘുവിമർശങ്ങൾ, ചെറുലേഖനങ്ങൾ ഇവയൊക്കെ പതിവായി അതിൽ എഴുതുകയും പലതിൽനിന്നും ഉദ്ധരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. സാഹിത്യത്തേയും സാഹിത്യകാരന്മാരേയും സംബന്ധിക്കുന്ന വാർത്തകൾക്ക് അതിൽ സവിശേഷസ്ഥാനം നല്കാറുമുണ്ടു്. ചുരുക്കത്തിൽ സാഹിത്യകാരന്മാക്കു് സാഹിത്യത്തെസ്സംബന്ധിച്ച അന്നന്നത്തെ സ്ഥിതിവിവരങ്ങൾ നല്കിക്കൊണ്ടിരിക്കുന്ന ഉത്തമമായ ഒരു കാലിക പ്രസിദ്ധീകരണം തന്നെയാണതു്.
