ഗദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)

കേരളഗ്രന്ഥശാലാസംഘം: കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളിൽ പലതുകൊണ്ടും പ്രമുഖതയർഹിക്കുന്ന ഒരു സംഘടനയാണു് കേരളഗ്രന്ഥശാലാസംഘം. 18 വർഷത്തെ പ്രവർത്തനഫലമായി പ്രസ്തുത സംഘം ഇന്നു കേരളത്തിലെ സാംസ്‌കാരിക രംഗത്തു് ഏററവും ശ്രദ്ധേയമായിത്തീർന്നിരിക്കയാണു്. ഏതാനും ഗ്രന്ഥശാലാ പ്രവർത്തകരുടെ ഉത്സാഹഫലമായി 1946-ൽ അമ്പലപ്പുഴ പി കെ. മെമ്മോറിയൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ 47 അംഗ ഗ്രന്ഥശാലകളോടുകൂടി പ്രവർത്തനം ആരംഭിച്ച ഒരു സംഘടനയാണു് ഇന്നു കേരളത്തിലെ 3000-ൽ പരം ഗ്രന്ഥശാലകളുടെ അധിനായകത്വം വഹിച്ചുപോരുന്ന കേരള ഗ്രന്ഥശാലാസംഘം. അഖിലതിരുവിതാംകൂർ ഗ്രന്ഥശാലാസംഘം എന്നായിരുന്നു ആരംഭത്തിൽ ഈ സ്ഥാപനത്തിൻ്റെ നാമധേയം. സ്റ്റേറ്റിലെ എല്ലാ ഗ്രന്ഥശാലകളുടേയും കേന്ദ്രസംഘടനയായി പ്രവർത്തിച്ചു മറ്റു ഗ്രന്ഥശാലകളെ പുഷ്ടിപ്പെടുത്തുക, വയോജന വിദ്യാഭ്യാസത്തെ വർദ്ധിപ്പിക്കുക, എന്നുതുടങ്ങിയ ലക്ഷ്യങ്ങളാണു് സംഘത്തിനുള്ളതു്. ഗവർമെൻ്റെിൽ നിന്നു് ഈ സംഘടനയ്ക്കു ധനസഹായം ലഭിച്ചു തുടങ്ങിയതോട്കൂടി സംഘത്തിൻ്റെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തുവാനും പ്രവർത്തകന്മാർ തയ്യാറായി. തൽഫലമായി പല നേട്ടങ്ങളും സംഘത്തിനുണ്ടാവുകയും ചെയ്തു. ഗ്രന്ഥശാലാ പ്രവർത്തനത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട പല വിവരങ്ങളും, ഗ്രന്ഥങ്ങളുടെ നിരൂപണങ്ങളും മറ്റും ഉൾക്കൊള്ളുന്ന ‘ഗ്രന്ഥാലോകം’ എന്ന മാസികയുടെ പ്രസിദ്ധീകരണം ആ നേട്ടങ്ങളിൽ എടുത്തുപറയത്തക്ക ഒന്നാണു്. ആരംഭത്തിൽ തിരുവിതാംകൂറിൽ മാത്രം പ്രവർത്തിച്ചിരുന്ന ഈ സംഘം തിരു-കൊച്ചി സംയോജനത്തോടുകൂടി പ്രവർത്തനം കൊച്ചിയിലും വ്യാപിപ്പിച്ചു. 1956 നവംബറിൽ സംഭവിച്ച കേരളപ്പിറവിയോടെ സംഘത്തിൻ്റെ പേരു് ‘കേരള ഗ്രന്ഥശാലാസംഘം’ എന്നാക്കി മാറ്റുകയും പ്രവർത്തനം കേരളമൊട്ടാകെ വ്യാപിപ്പിക്കയും ചെയ്തു. ഗ്രന്ഥശാലാസംഘത്തിൻ്റെ ഘടനയിൽ അതനുസരിച്ചുള്ള മാറ്റങ്ങളും വരുത്തുകയുണ്ടായി. പൊതുവായ ഒരു ഗ്രന്ഥ ശാലാസംവിധാനം ഇന്നു കേരളക്കരയിൽ ഉണ്ടായിക്കഴിഞ്ഞിരിക്കയാണ്. ഗ്രന്ഥശാലാ സംഘത്തിൽ അംഗത്വം സ്വീകരിച്ചിട്ടുള്ള 3000-ൽ പരം ഗ്രന്ഥശാലകൾ ഇപ്പോൾ കേരളത്തിൽ പ്രവർത്തിച്ചുവരുന്നുണ്ടെന്നു പറഞ്ഞാൽ പ്രസ്തുത സംഘടനയുടെ ശക്തിയും വ്യാപ്തിയും ഏറക്കുറെ ഊഹിക്കാവുന്നതാണല്ലോ.

കേരളത്തിൽ ഇന്ന് ഈ സംഘടനയുടെ കീഴിലുള്ള മുവായിരത്തിൽ പരം ഗ്രന്ഥശാലകൾവഴി വിജ്ഞാനത്തിൻ്റെ ഒരന്തരീക്ഷം വികസിച്ചുവരികയാണു്. ഓരോ ഗ്രന്ഥശാലയോടനുബന്ധിച്ചു പല സാംസ്‌കാരിക പ്രവർത്തനങ്ങളും നടന്നുവരുന്നുമുണ്ടു്. ഈവക ചുററുപാടുകളിൽനിന്നു നോക്കുമ്പോൾ കേരളഗ്രന്ഥശാലാസംഘം, ഇന്നാട്ടിലെ വമ്പിച്ച ഒരു സാംസ്കാരിക സംഘടിത ശക്തിയാണെന്നു തന്നെ പറയാം.