ഗദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)

കേരളസാഹിത്യഅക്കാദമി: സ്വതന്ത്രഭാരതത്തിൽ ഭൗതികമായ ക്ഷേമനിർമ്മാണ പരിപാടികൾക്കൊപ്പം സാംസ്‌കാരികമായ നവോത്ഥാനങ്ങൾക്കും നമ്മുടെ ദേശാഭിമാനികൾ പ്രാധാന്യം കല്പിക്കാതിരുന്നിട്ടില്ല. അതിൻ്റെ ഫലമായിട്ടാണു്, ഭാരതത്തിലെ എല്ലാ അംഗീകൃത ഭാഷകളുടേയും സമുൽക്കർഷത്തെ ഉന്നംവച്ചുകൊണ്ടു് 1954-ൽ ദൽഹി യിൽ കേന്ദ്രസാഹിത്യഅക്കാദമി എന്നൊരു സാംസ്‌കാരിക സംഘടന സ്ഥാപിതമായതു്. പ്രസ്തുത സംഘടനയുടെ ഉൽഘാടനാവസരത്തിൽ, അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുൾക്കലാം ആസാദും, ഉപരാഷ്ട്രപതി ഡോ. രാധാകൃഷ്ണനും, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും അതതു സംസ്ഥാനങ്ങളിലെ ഭാഷകളുടെ ഉന്നമനാർത്ഥം ഓരോ അക്കാദമി സംഘടിപ്പിച്ചു പ്രവർത്തിക്കണമെന്ന ആശയം വ്യക്തമാക്കിയിരുന്നു. ആ ആശയത്തിൻ്റെ അല്ലെങ്കിൽ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ ഉടലെടുത്ത ആദ്യത്തെ പ്രാദേശിക സംഘടനയാണു’ ‘കേരള സാഹിത്യ അക്കാദമി.’

1956 ആഗസ്റ്റ് 15-ാം തീയതിയാണു് കേരള സാഹിത്യ അക്കാദമി ഉൽഘാടനം ചെയ്യപ്പെട്ടതു്. അന്നു തിരുകൊച്ചിയിലെ ഭരണാധികാരിയായിരുന്ന രാജപ്രമുഖനും, അദ്ദേഹത്തിൻ്റെ ഉപദേഷ്ടാവായിരുന്ന പി. എസ്. റാവുവും ഇക്കാര്യത്തിൽ നമ്മുടെ കൃതജ്ഞതയെ കൂടുതൽ അർഹിക്കുന്നു. എന്തുകൊണ്ടെന്നാൽ അവരുടെ സമർത്ഥവും ഊർജ്ജസ്വലവുമായ പ്രവത്തനങ്ങളാണ് ഇവിടെ ഇത്രവേഗം ഒരു അക്കാദമി ഉൽഘാടനം ചെയ്യാൻ കാരണമായിത്തീർന്നതു്.

മേൽപ്രകാരം ഉടലെടുത്ത കേരളസാഹിത്യഅക്കാദമിയുടെ ഭരണ ഘടനയിൽ കേരളഗവണ്മെൻറു താൽക്കാലികമായ ചില നിയമങ്ങൾ ഏർപ്പെടുത്തുകയും, അഞ്ചുകൊല്ലത്തെ കാലാവധിവച്ചുകൊണ്ടു് ഗവർമ്മൻറുതന്നെ അക്കാദമിയിലേക്ക് ആവശ്യമുള്ളത്ര അംഗങ്ങളെ നിർദ്ദേശിക്കുകയുമാണുണ്ടായത്. അതനുസരിച്ച് ആദ്യത്തെ കേരള സാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായി സർദാർ കെ. എം. പണിക്കരും. ഉപാദ്ധ്യക്ഷനായി മഹാകവി വള്ളത്തോളും തൽസ്ഥാനങ്ങളിൽ നിയമിതരായി. അന്നത്തെ ഗവർണ്മെൻറിൻ്റെ പ്രഖ്യാപനമനുസരിച്ചു് അക്കാദമിയുടെ വളർച്ചയ്ക്കും ഉയർച്ചയ്ക്കും അനുകൂലമായ വിധത്തിൽ ഉചിതമായ ഒരു ഭരണഘടന എഴുതിയുണ്ടാക്കുന്നതിനുള്ള അധികാരാവകാശങ്ങൾ ജനറൽ കൗൺസിലിനു നല്കുകയുമുണ്ടായി. പക്ഷേ, ആദ്യത്തെ വ്യവസ്ഥയെ പിന്നീടു വന്ന ഗവണ്മെൻറ് അത്രതന്നെ ആദരിക്കുകയുണ്ടായില്ല. മേൽപറഞ്ഞ കാലാവധിക്കുശേഷം 1961-ൽ പുതിയ ഒരു ഭരണഘടനയോടുകൂടി ഗവർണ്മെൻറ് ഒരു ജനറൽ കൗൺസിലും എക്സിക്യൂട്ടീവും ഏർപ്പെടുത്തുകയാണുണ്ടായതു്. ധനദാനം മുഴുവൻ ഗവർണ്മെൻറിൽനിന്നു ള്ളതാകകൊണ്ടായിരിക്കാം. ഇങ്ങനെയുള്ള ഒരധികാരം ഗവർണ്മെൻറു കൈക്കൊണ്ടതെന്നു വിചാരിക്കുവാനേ തരമുള്ളു. 1961-ൽ ഏർപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ അക്കാദമിയുടെ കാലാവധി മൂന്നു വർഷത്തേക്കാണു്. പുനസ്സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഇപ്പോഴത്തെ അക്കാദമിയുടെ അദ്ധ്യക്ഷൻ സാഹിത്യകുശലൻ പുത്തേഴത്തു രാമമേനവനത്രെ. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അക്കാദമിയുടെ പ്രവത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി പുരോഗമിച്ചുകൊണ്ടിരിക്കയാണു്.