ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
പക്ഷേ, എന്താണു് അക്കാദമിയുടെ പ്രവത്തനങ്ങൾ എന്നല്ലേ? 1964 മാർച്ചു 28-ാം തീയതി നടന്ന അക്കാദമിയുടെ ആറാം വാർഷിക സമ്മേളനത്തിൽ ചെയ്ത അദ്ധ്യക്ഷപ്രസംഗം, അക്കാദമിയുടെ ആദർശത്തേയും ലക്ഷ്യത്തേയും അതിൻ്റെ പ്രവർത്തന പരിപാടികളേയും ഒട്ടൊക്കെ വ്യക്തമാക്കുന്ന ഒന്നാകയാൽ അതിൽനിന്നുതന്നെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം
“സാഹിത്യലോകവുമായി ഒരു സൗഹൃദ സമ്പർക്കം പുലർത്തി അവിടെ ഐക്യബോധവും ആദർശ ശുദ്ധിയും, പരസ്പരം സ്നേഹാദരങ്ങളും കൈവരുത്തി, പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുക, വളർന്നുവരുന്നവരെയും തളർന്നുപോയവരേയും ആവുംവിധം സഹായിക്കയും പ്രോത്സാഹിപ്പിക്കയും ചെയ്യുക, അങ്ങനെ ആകപ്പാടെ സാഹിത്യാന്തരീക്ഷത്തെ സുന്ദരവും സാത്വികവും സമുന്നതവുമാക്കി നിലനിർത്തുവാൻ ശ്രമിക്കുക എന്നാണു് സാമാന്യമായി പറഞ്ഞാൽ അക്കാദമി അംഗീകരിച്ചിട്ടുള്ള ആദർശവും പ്രവർത്തനപരിപാടിയും. ആവശ്യമായ പഴയ സൽഗ്രന്ഥങ്ങളെ സ്വന്തമായി അച്ചടിപ്പിക്കുക, പ്രസിദ്ധീകൃതങ്ങളായ ഗ്രന്ഥങ്ങൾക്കു യുക്തംപോലെ പാരിതോഷികം നല്കുക, അച്ചടിക്കുവാൻ ഗ്രന്ഥകാരന്മാർക്ക് ആവുംവിധം ധനസഹായം ചെയ്യുക, സാഹിത്യപ്രവർത്തനങ്ങളെ അഭിനന്ദിച്ചു സംഭാവനകൾ കൊടുക്കുക, സെമിനാറുകൾ നടത്തുക, ഇതര സാഹിത്യ സമിതികളുടേയോ സംഘങ്ങളുടേയോ നടത്തിപ്പിനു ദ്രവ്യ സഹായം എത്തിക്കുക, മഹാന്മാരുടെ ജന്മദിനാഘോഷങ്ങൾ, ശതവാർഷികങ്ങൾ മുതലായവയെ യഥോചിതം കൊണ്ടാടുകയോ, കൊണ്ടാടുന്നവരെ സഹായിക്കയോ ചെയ്യുക, പരേതരായ സാഹിത്യാചാര്യന്മാരുടെ ഛായാപടങ്ങൾ വരപ്പിച്ച് അനാച്ഛാദനം നടത്തിക്കുക എന്നിവയാകുന്നു മേല്പറഞ്ഞ പരിപാടികളെ ഫലപ്രദങ്ങളാക്കുവാൻ സ്വീകരിച്ചു വന്നിട്ടുള്ള പ്രധാന പ്രവൃത്തികൾ.”
മേല്പറഞ്ഞ ലക്ഷ്യംവച്ചുനോക്കിയാൽ കേരളസാഹിത്യ അക്കാദമി ഇതിനകം പലതും പ്രവർത്തിച്ചിട്ടുണ്ടെന്നുള്ളതു സ്പഷ്ടമാണ്. ഓരോ കൊല്ലത്തെ റിപ്പോർട്ട് ആ വസ്തുത വിളംബരം ചെയ്യുന്നുമുണ്ടു്. അതിൽ അതാതുകാലത്തെ പ്രവർത്തകന്മാർ അഭിനന്ദനാർഹരുമാണു്. പക്ഷേ, അതുകൊണ്ടു മാത്രമായില്ല; കേരള സാഹിത്യ അക്കാദമി ഒരു ഗവർണ്മെന്റ സ്ഥാപനം എന്ന നിലവിട്ട് ഒരു ജനകീയ സ്ഥാപനം എന്ന നിലയിലേക്ക് ഉയരുകയും വളരുകയും ചെയ്താൽ മാത്രമേ അതുകൊണ്ടു സാഹിത്യകാരന്മാരും സഹൃദയരായ ജനങ്ങളും ആഗ്രഹിക്കുന്ന ഫലം മുഴുവൻ ഉണ്ടാവുകയുള്ളു. ഭരണഘടനയുടെ പരിഷ്കരണം, അംഗങ്ങളെ തിരഞ്ഞെടുക്കൽ, ഗവർണ്മെൻറുമായുള്ള ബന്ധം എന്നുതുടങ്ങിയ കാര്യങ്ങളിലെല്ലാം ജനകീയമായ ചില തത്ത്വങ്ങൾ ആദരിച്ചേ മതിയാവൂ. “സാംസ്‌കാരികമായ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം, രംഗം സജ്ജീകരിച്ചു തിരശ്ശീല നീക്കുന്ന ജോലിയേ ഗവർണ്മെൻ്റിനു് ചെയ്യാനുള്ളു” എന്നു് 1954-ൽ, കേന്ദ്രസാഹിത്യഅക്കാദമിയുടെ ഉൽഘാടനാവസരത്തിൽ ഡോക്ടർ രാധാകൃഷ്ണനും, അന്നത്തെ വിദ്യാഭ്യാസമന്ത്രി അബുൽ കലാം ആസാദും ഊന്നിപ്പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളിൽ അന്തർഭൂത മായിട്ടുള്ളതും ഇതല്ലാതെ മറെറാന്നല്ല. അത്തരം ഒരു പരിവർത്തനം അചിരേണ കേരളസാഹിത്യഅക്കാദമിക്കു വന്നുചേരുമെന്നു നമുക്കു പ്രത്യാശിക്കാം.
