ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
സാഹിത്യപരിഷത് സഹകരണ സംഘം: സാഹിത്യ പ്രവർത്തക സഹകരണസംഘത്തിൻ്റെ മാതൃകയിൽ എറണാകുളത്തു സാഹിത്യ പരിഷത്തിൻ്റെ ആഫീസിനോടനുബന്ധിച്ചു് 1957 മുതൽ ആരംഭിച്ചിട്ടുള്ള ഒരു പുസ്തക വ്യാപാരകേന്ദ്രമാണു് ‘സാഹിത്യപരിഷത് സഹകരണ സംഘം’. കോട്ടയത്തെ സഹകരണസംഘം വളരെ വലിയ തോതിൽ പ്രവർത്തിക്കുന്നുവെങ്കിൽ, സാഹിത്യപരിഷത് സഹകരണസംഘം ചെറിയ തോതിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്നേ അതുമായി വ്യത്യാസമുള്ളു. സാഹിത്യകാരന്മാരും സാഹിത്യപ്രേമികളുമാണ് ഇതിലെയും അംഗങ്ങൾ. മുമ്മൂന്നു കൊല്ലം കൂടുമ്പോൾ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭരണസമിതിയാണു് സംഘത്തിൻ്റെ പ്രവർത്തനം നയിച്ചുകൊണ്ടിരിക്കുന്നതു്. ഇപ്പോഴത്തെ ഭരണസമിതിയിൽ ഡി എച്ച്. നമ്പൂതിരിപ്പാട് (പ്രസിഡണ്ടു്), ഏ. ചന്ദ്രഹാസൻ (വൈസ്പ്രസിഡണ്ട്). ടി. എം. ചുമ്മാർ, പി. എസ്. വേലായുധൻ, കുട്ടപ്പൻതമ്പുരാൻ, ആർ. കെ. റാവ്, പി. ആർ. രാമചന്ദ്രമേനോൻ, എ. പി. ചെല്ലപ്പൻനായർ (അംഗങ്ങൾ), പരമേശ്വരൻ നമ്പൂതിരി (സെക്രട്ടറി) എന്നിവർ ഉൾപ്പെടുന്നു. ഇതിനകം എൺപതോളം പുസ്തകങ്ങൾ സംഘം വകയായി പ്രസിദ്ധ പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.
കേരളസാഹിത്യ സമിതി: അഖില കേരള പ്രാതിനിദ്ധ്യം സിദ്ധിച്ചുകഴിഞ്ഞിട്ടില്ലെങ്കിലും കേരളത്തിൽ ഇന്നുള്ള സാഹിത്യസംഘടനകളിൽ ശ്രദ്ധേയമായ ഒന്നാണു് 1961 സെപ്തംബർ 17-ാം തീയതി കോഴിക്കോട്ടു ഗുരുവായൂരപ്പൻഹാളിൽ യോഗം ചേർന്നു സംഘടിപ്പിച്ചിട്ടുള്ള ‘കേരളസാഹിത്യസമിതി.’ എസ്. കെ. പൊറെറക്കാട്ട്, എൻ. വി. കൃഷ്ണവാര്യർ എന്നിവരുടെ ഉത്സാഹ ഫലമായിട്ടാണു് ഇങ്ങനെ ഒരു സംഘടന രൂപംകൊണ്ടതെന്നു തോന്നുന്നു. ആദ്യസമ്മേളനത്തിൽവച്ചു തന്നെ സംഘടനയുടെ പ്രസിഡണ്ടായി കുററിപ്പുഴ കൃഷ്ണപിള്ള തിരഞ്ഞടുക്കപ്പെട്ടു. കുററിപ്പുഴ, മുണ്ടശ്ശേരി മുതലായവരുടെ അന്നത്തെ പ്രസംഗങ്ങളിൽ, സാഹിത്യപരിഷത്ത്, കേരളസാഹിത്യഅക്കാദമി മുതലായി നിലവിലുള്ള ചില സംഘടനകളിൽനിന്നു ഭിന്നമായി പുതുതായി ഒരു സംഘടന ഇപ്പോൾ ഉണ്ടാകേണ്ടതുണ്ടോ എന്നു സംശയം പ്രകടിപ്പിക്ക യുണ്ടായി. എന്നുവരികിലും ഈ പുതിയ സാഹിത്യസമിതി അതിൻ്റെ പ്രവർത്തകന്മാരുടെ ഉത്സാഹശക്തിയാൽ ഉത്തരോത്തരം വളർന്നുകൊണ്ടിരിക്കയാണു്. ഇതിനകം കോഴിക്കോടു്, ഷൊർണ്ണൂർ എന്നീ സ്ഥലങ്ങളിൽവച്ചു യുവ സാഹിത്യകാരന്മാരുടെ ചില പരിശീലന ക്യാമ്പുകളും വിദഗ്ദ്ധന്മാർ ചേർന്നുള്ള ചർച്ചാസദസ്സുകളും നടത്തുകയുണ്ടായി എന്നതു് എടുത്തു പറയത്തക്ക വസ്തുതകളാണു്. ഉത്തര കേരളത്തിലും മദ്ധ്യകേരള ത്തിലുമുള്ള പല സാഹിത്യകാരന്മാരും ഈ പുതിയ സംഘടനയിൽ ഇന്നു ഭാഗഭാക്കുകളായിത്തീർന്നിട്ടുണ്ട്. അചിരേണ ഇതു സമസ്തകേരള പ്രാതിനിധ്യമുള്ള ഒന്നായിത്തീരുകയും, നന്മയിൽ വേരുറച്ച ഒരു സംഘടനയായി വളർന്നുവരുകയും ചെയ്യുമെന്നു നമുക്കു വിശ്വസിക്കാം.
