ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
പരപ്പനാട്ട് രാമവർമ്മ വലിയകോയിത്തമ്പുരാൻ്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നതു്: സമ്മാനദാനാനന്തരം കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഭാഷാപോഷണവിഷയകമായി സുദീർഘമായ ഒരു പ്രസംഗം ചെയ്തു. ഒന്നാമത്തെ കവിസമാജ സമ്മേളനത്തിൻ്റെ പരിസമാപ്തി ഈവിധത്തിലായിരുന്നു. തൃശ്ശിവപേരൂർവെച്ചു നടന്ന ഭാഷാപോഷിണിസഭയുടെ 2-ാംസമ്മേളനത്തിനു രണ്ടാഴ്ചമുമ്പാണു് ഈ സംഭവം നടന്നതെന്നുള്ളതും സ്മരണീയമാണു്. തൃശ്ശൂരെ സമ്മേളനത്തിൽവെച്ചു സഭ വകയായി ‘ഭാഷാപോഷിണി’ എന്ന പേരിൽ നാലുമാസത്തിലൊരിക്കൽ ഒരു പത്രഗ്രന്ഥം പ്രസിദ്ധീകരിക്കണമെന്നുള്ള നിശ്ചയം പാസ്സാക്കിയിരുന്നു എന്നുള്ള വസ്തുത കൂടി ഇവിടെ പ്രസ്താവാർഹമാണു്.
സഭയുടെ മൂന്നാംസമ്മേളനം, 1069 തുലാം 25, 26, 27 എന്നീ തീയതികളിൽ മാനവികമ ഏട്ടൻതമ്പുരാൻ്റെ നേതൃത്വത്തിൽ കോഴിക്കോട്ടു വെച്ച നടന്നു. 1070 കന്നി 18, 19, 20 എന്നീ തീയതികളിൽ, നാലാം സമ്മേളനം തിരുവനന്തപുരത്തുവച്ചു കൂടി. ഭാഷാപോഷിണിയുടെ ആരംഭംമുതല്ക്കേ മനോരമയേയും അതിൻ്റെ അധിപരേയും മഹാന്മാർ മുക്തകണ്ഠം പ്രശംസിച്ചുവന്നു. അതു ചിലർക്കു തലവേദനയെ ജനിപ്പിച്ചു തുടങ്ങി. സ്വരം നന്നായിരിക്കുമ്പോൾ പാട്ടു നിർത്തുകയാണു നല്ലതെന്നുള്ള നിലയിൽ, വലിയകോയിത്തമ്പുരാൻ മുതൽപേരുടെ നിർബ്ബന്ധത്തെ കൂടി കൂട്ടാക്കാതെ വറുഗീസുമാപ്പിള നാലാംസമ്മേളനത്തോടുകൂടി കാര്യദർശിസ്ഥാനം രാജിവെച്ചു. തൽസ്ഥാനത്തേക്ക് വിദ്യാവിനോദിനി പത്രാധിപർ സി. പി. അച്യുതമേനോനെ യോഗം തിരഞ്ഞെടുത്തു. ഭാഷാപോഷിണി മാസികയ്ക്കു പകരം വിദ്യാവിനോദിനിയെ സഭവകയാക്കിത്തീർക്കുകയും ചെയ്തു. ‘ഭാഷാപോഷിണിസഭവക’ എന്ന മേലെഴുത്തോടു കൂടിയാണു പിന്നീടു വിദ്യാവിനോദിനി പുറപ്പെട്ടതു്. എന്നാൽ സഭാ വിഷയകമായി അതിൽ പ്രത്യേകിച്ചു യാതൊന്നും പ്രസ്താവിച്ചിരുന്നില്ല. ഒരു കൊല്ലം കഴിഞ്ഞപ്പോൾ തലക്കുറിപ്പും ഇല്ലാതായി. ഈ ഘട്ടത്തിലാണു വിമർശനംകൊണ്ടു വറുഗീസുമാപ്പിളയെ കറക്കിയിരുന്ന ചിലർക്കു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന വിഷമതകൾ മനസ്സിലായി ത്തുടങ്ങിയതു്. വലിയകോയിത്തമ്പുരാൻ നിർബ്ബന്ധത്താൽ വറുഗീസുമാപ്പിള വീണ്ടും കാര്യദർശിസ്ഥാനം ഏറെറടുത്തു. നിന്നു പോയ ഭാഷാപോഷിണിയെ ഇക്കാലഘട്ടംമുതൽ മാസികയാക്കി പ്രസിദ്ധപ്പെടുത്തുവാനും തുടങ്ങി. 1072-ലായിരുന്നു ഈ സംഭവം. 1072
കന്നി മുതൽ ഭാഷാപോഷിണി മാസികയായി പുറപ്പെടുവിക്കയും ചെയ്തു.
