ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
ഭാഷാപോഷിണിസഭയുടെ അഞ്ചാംസമ്മേളനം വറുഗീസുമാപ്പിളയുടെ അത്യദ്ധ്വാനത്താൽ 1073-ൽ കോട്ടയത്തുവച്ചു കൂടി. വലിയകോയിത്തമ്പുരാനായിരുന്നു അദ്ധ്യക്ഷൻ. പ്രസ്തുത സമ്മേളനത്തിൽവച്ചു ഭാഷാപോഷിണിസഭയുടെ ഭാവിയെ ഭാസുരമാക്കുവാൻ വേണ്ടി കേരളത്തെ മുഴവൻ പ്രതിനിധാനം ചെയ്യുന്ന അൻപതോളം സാഹിത്യകാരന്മാറുൾപ്പെട്ട ഒരു പുതിയ പ്രവർത്തകസംഘത്തെയും തിരഞ്ഞെടുത്തു. സഭയുടെ ചരിത്രത്തിൽ അതു വലിയൊരു നേട്ടമായിരുന്നു. പക്ഷേ, വറുഗീസുമാപ്പിളയുടെ ആരോഗ്യത്തിനു് ഇക്കാലം മുതൽ അല്പാല്പം ഹാനിതട്ടിത്തുടങ്ങുകയാൽ ഉദ്ദേശിച്ചപോലെ പ്രവർത്തിക്കുവാൻ അദ്ദേഹം ശക്തനായില്ല. 1075 കന്നി 25-ാം തീയതി തിരുവനന്തപുരത്തുവച്ച് ആറാമത്തെ സമ്മേളനം നടന്നു. അനാരോഗ്യം നിമിത്തം കാര്യദർശിസ്ഥാനം വഹിക്കുവാൻ താനശക്തനാണെന്നുള്ള വസ്തുത റിപ്പോട്ടിൽ വറുഗീസുമാപ്പിള വ്യക്തമാക്കിയിരുന്നെങ്കിലും. കാര്യാലോചന വന്നപ്പോൾ വീണ്ടും അദ്ദേഹത്തെത്തന്നെ തിരഞ്ഞെടുക്കുകയാണുണ്ടായത്. സഭയുടെ ഏഴാം സമ്മേളനം, 1079 ചിങ്ങം 26, 27 എന്നീ തീയതികളിൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽവച്ചു കൊണ്ടാടി. കടത്തനാട്ട് ഉദയവർമ്മരാജാവിൻ്റെ നേതൃത്വത്തിൽ നടന്ന പ്രസ്തുത സമ്മേളനത്തിൻ്റെ അദ്ധ്യക്ഷൻ ചിറക്കൽ രാജാവായിരുന്നു. തലശ്ശേരി സമ്മേളനം. അതേവരെ കഴിഞ എല്ലാ സമ്മേളനങ്ങളേയും അപേക്ഷിച്ചു വളരെയധികം ശ്രോതാക്കൾനിറഞ്ഞ ഒന്നായിരുന്നു. സമ്മേളനാനന്തരം വറുഗീസുമാപ്പിളയുടെ ദേഹാസ്വാസ്ഥ്യം വളരെ വർദ്ധിച്ചു. ആ ആണ്ടു് മിഥുനമാസം 23-ാം തീയതി 47-ാമത്തെ വയസ്സിൽ ആ ഭാഷാഭിമാനി യശശ്ശരീരനായിത്തീരുകയും ചെയ്തു.
