ഗദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)

വൈക്കം സമ്മേളനം: വറുഗീസുമാപ്പിളയുടെ നിര്യാണശേഷം സഭയുടെ പ്രവത്തനത്തിനു് ആരുമില്ലെന്ന നിലയായി. വലിയകോയിത്തമ്പുരാനും, തൻ്റെ വലങ്കയ്യായിരുന്ന വറുഗീസുമാപ്പിളയുടെ വേർപാടോടുകൂടി നിരുന്മേഷനായ് ചമഞ്ഞു. എങ്കിലും, സഭയുടെ 8-ാം സമ്മേളനം 1081-ൽ തിരുവനന്തപുരത്തുവച്ചു നാമമാത്രമായി നടക്കുകയുണ്ടായി. അതോടുകൂടി ഭാഷാപോഷിണി സഭയുടെ ഭരതവാക്യം ചൊല്ലിയെന്നാണു് പലരും വിചാരിച്ചതു്. എന്നാൽ, 1082 മുതൽ ആരംഭിച്ചു നടത്തിവന്ന വൈക്കം സന്മാർഗ്ഗപോഷിണിസഭ, ഭാഷാപോഷിണിസഭയുടെ 9-ാം സമ്മേളനം, അല്ല, ഒടുവിലത്തെ സമ്മേളനം, ഏറെറടുക്കുവാൻ തയ്യാറായി. സന്മാർഗ്ഗപോഷിണിസഭയുടെ പ്രധാന പ്രവർത്തകനും സഹൃദയാഗ്രണിയുമായിരുന്ന വടക്കുംകൂർ കേരളവർമ്മരാജാവിന്റെ പ്രോത്സാഹനമാണു് പ്രസ്തുതസമ്മേളനത്തിനു മുഖ്യമായ അവലംബമായിരുന്നതു് എന്നുകൂടി പറയേണ്ടതുണ്ടു്. അങ്ങനെ 9-ാമതു സമ്മേളനം വൈക്കത്തു വച്ച് 1086-ൽ കൊണ്ടാടി. സമ്മേളനാദ്ധ്യക്ഷൻ വലിയകോയിത്തമ്പുരാനും, കാര്യദർശി ഇരുവനാട്ടു് കെ. സി. നാരായണൻ നമ്പ്യാരുമായിരുന്നു. വൈക്കം സമ്മേളനത്തിലെ ഒരു സംഭവം പ്രത്യേകം വക്തവ്യമാണു്. സാഹിത്യസഖി ടി. സി. കല്യാണിയമ്മയുടെ ഒരു പ്രബന്ധപരായണം ആ സമ്മേളനത്തിൽ ഉണ്ടായിരുന്നു. പ്രസ്തുതപ്രസംഗം സകലരും വളരെ ശ്രദ്ധിച്ചു കേട്ടുകൊണ്ടിരുന്നു. അദ്ധ്യക്ഷൻ ഉൾപ്പടെയുള്ള ആ സഭാരംഗം ഏതാണ്ടു ചിത്രത്തിലെഴുതപ്പെട്ടതു പോലെയാണ് ആ ഘട്ടത്തിൽ കാണപ്പെട്ടിരുന്നതു്. ഉപസംഹാരപ്രസംഗത്തിൽ, വലിയ

കോയിത്തമ്പുരാൻ, കല്യാണിയമ്മയുടെ ഭർത്താവായ ടി. കെ. കൃഷ്ണമേനവൻകൂടി ഉണ്ടായിരുന്ന ആ സദസ്സിൽവച്ച്, കല്യാണിയമ്മയെ അകമഴിഞ്ഞഭിനന്ദിക്കുകയും,

“പരസ്പരതപസ്സമ്പൽഫലായിതപരസ്പരൗ
വിദധാതേ മമാനന്ദം കല്യാണീകൃഷ്ണമേനവൗ”

എന്നൊരു ശ്ലോകം ചൊല്ലി, ആ അനുഗൃഹീതദമ്പതിമാരെ ആശീർവദിക്കുകയും ചെയ്തു. ഇതായിരുന്നു ആ വിശേഷസംഭവം. വൈക്കത്തെ ഈ സമ്മേളനത്തോടുകൂടി ഭാഷാപോഷിണിസഭയുടെ ഭരതവാക്യവും ചൊല്ലി എന്നുതന്നെ പറയാം. അങ്ങനെ, കേരളസാഹിത്യകാരന്മാരുടെ സംഘടനാപ്രസ്ഥാനം 1067-ൽ കവിസമാജമായാരംഭിച്ചു, ഭാഷാപോഷിണിസഭയായി വളന്നു്, ഏകദേശം 20-ാമത്തെ വയസ്സിൽ അതിൻ്റെ പ്രതിച്ഛായ എന്നനിലയിൽ ഭാഷാപോഷിണിമാസികയെ അവശേഷിപ്പിച്ചിട്ട് ഇങ്ങിനിവരാതവണ്ണം മറയുകയും ചെയ്തു.