ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
ഭാരതവിലാസം സഭ: ഭാഷാപോഷിണിസഭയ്ക്കുശേഷം ഭാഷയുടേയും സാഹിത്യത്തിൻ്റേയും ഉൽക്കർഷത്തെ ലക്ഷ്യമാക്കി ചില സമാജങ്ങളും സംഘടനകളും കേരളത്തിൽ രൂപവൽകൃതങ്ങളാകാതിരുന്നിട്ടില്ല. മാളിയമ്മാവു കുഞ്ഞുവറിയതിൻ്റെ ഉത്സാഹശക്തിയാൽ സമാരബ്ധമായ തൃശ്ശിവപേരൂർ ഭാരതവിലാസംസഭ അവയിൽ മുഖ്യമായ ഒന്നത്രെ. കുഞ്ഞുവറിയതു സ്ഥാപിച്ച ഭാരതവിലാസം അച്ചുക്കൂടത്തിൻ്റെ ഉത്ഘാടനം 1080 ചിങ്ങം 28-ാംതീയതി (1905)യാണു നടന്നതു്. അന്ന്പ്ര തീക്ഷയിൽക്കവിഞ്ഞുണ്ടായ വിദ്വൽസമാഗമവും പ്രസംഗങ്ങളും കുഞ്ഞുവറിയതിൽ പുതിയൊരാശയത്തെ ഉണർത്തിവിട്ടു. കൊല്ലംതോറും മേടമാസത്തിൽ പൂരത്തോടനുബന്ധിച്ചു് ഒരു വിദ്വൽസമ്മേളനം വിളിച്ചുകൂട്ടുന്നതു നന്നായിരിക്കുമെന്നുള്ള ഒരാശയമായിരുന്നു അത്. കണ്ടത്തിൽ വറുഗീസുമാപ്പിളയുടെ ചരമത്തോടുകൂടി ഭാഷാപോഷിണിസഭ നാമാവശേഷമായി എന്നൊരു വിചാരം അക്കാലത്തു് സഹൃദയരിൽ വേരൂന്നിയിരുന്നു. അങ്ങനെയും വന്നുചേർന്ന ഒരു ചുററുപാടിലാണു്. 1081 മേടം 22-ാം തീയതി ഭാരതവിലാസംസഭ ആരംഭിക്കപ്പെട്ടത്. 1087 വരെ, ഏഴുകൊല്ലത്തോളം അതു തുടർച്ചയായി നടന്നിരുന്നു. കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ, ഏ. ആർ. രാജരാജവർമ്മ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, ഉള്ളൂർ, അപ്പൻ തമ്പുരാൻ, പുന്നശ്ശേരി, കെ. നാരായണപ്പിഷാരൊടി എന്നീ മഹാരഥന്മാരായിരുന്നു ഓരോ സമ്മേളനത്തിലും ആദ്ധ്യക്ഷ്യം വഹിച്ചിരുന്നതു്. കെ. നാരായണപ്പിഷാരൊടി ബി. എ., ബി. എൽ. കലാലോകത്തിൽ വളരെ പേരും പെരുമയും ആർജ്ജിച്ചിരുന്നില്ലെങ്കിലും കൊച്ചിയിലെ വലിയൊരുദ്യോഗസ്ഥനും സഹൃദയസമ്മതനുമായിരുന്നു. ആദ്യസമ്മേളനത്തിലെ അദ്ധ്യക്ഷനായിരുന്നതു് അദ്ദേഹമാണു്. രണ്ടാം സമ്മേളനം കൊച്ചുണ്ണിത്തമ്പുരാൻ്റെ അദ്ധ്യക്ഷതയിലും, മൂന്നാമത്തേതു്, കേരളപാണിനിയുടെ അദ്ധ്യക്ഷതയിലുമായി നടന്നു.
