ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)
ചതുർത്ഥസമ്മേളനം: 1094 മേടം 18-ാംതീയതി നടന്ന നാലാം സമ്മേളനം പലതുകൊണ്ടും പ്രാധാന്യമർഹിക്കുന്നു. കവിതാചാതുര്യ പരീക്ഷ, ദ്രുതകവിതാപരീക്ഷ തുടങ്ങിയ ചില മത്സരപ്പരീക്ഷകൾ അത്തവണ ഏർപ്പെടുത്തിയിരുന്നതിനാൽ, അക്കാലത്തെ പ്രസിദ്ധ കവികളും സാഹിത്യകാരന്മാരുമായ പലരും അതിൽ സംബന്ധിക്കയുണ്ടായി. അപ്പൻതമ്പുരാൻ, കുഞ്ഞിക്കുട്ടൻതമ്പുരാൻ, പന്തളം, ഉള്ളൂർ, പുന്നശ്ശേരി, ശങ്കുണ്ണി, ഒടുവിൽ, നടവം, കൂനേഴൻ, കുററിപ്പുറം, കാത്തുള്ളിൽ തുടങ്ങിയവർ പ്രസ്തുത സമ്മേളനത്തിൽ സംബന്ധിച്ചിരുന്നവരിൽ ചിലർ മാത്രമാണു്. ഇതിൽനിന്നുതന്നെ ചതുർത്ഥസമ്മേളനത്തിൻ്റെ പ്രാധാന്യം ഒട്ടൊക്കെ വ്യക്തമാണല്ലൊ.
ഭാരതവിലാസംസഭയുടെ മൂന്നു സമ്മേളനങ്ങളേ പിന്നീടു നടന്നുള്ളു. ആദ്യത്തെ നാലു സമ്മേളനങ്ങളുടെ റിപ്പോർട്ട് ഭാരതവിലാസത്തിൽനിന്ന് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു കാണുവാൻ കഴിഞ്ഞിട്ടുണ്ട്. ഭാഷാപോഷിണിസഭയെപ്പോലെ ഭാരതവിലാസംസഭയെ സജീവവും കാര്യക്ഷമവുമാക്കി മുന്നോട്ടു കൊണ്ടുപോകണമെന്നു കുഞ്ഞുവറിയതിനു താല്പര്യമുണ്ടായിരുന്നു. അതിനുവേണ്ടി ചില ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു. പക്ഷേ, അതൊന്നും ഫലരൂപത്തിൽ എത്തിക്കുന്നതിനുമുമ്പു് അദ്ദേഹം രോഗാതുരനായിത്തീർന്നു. അതിനാൽ ആദ്യം പ്രസ്സിൻ്റെ ചുമതലയും, പിന്നീടു് ഉടമസ്ഥാവകാശവും അനുജൻ മാത്തുവിനു വിട്ടുകൊടുത്തു. സുഖക്കേട്ട് ഒരുവിധം ശമിച്ചശേഷം, ‘വാണികളേബരം’ എന്നൊരു പ്രസ്സ് സ്വന്തമായി പിന്നെയും ആരംഭിച്ചുവെങ്കിലും മരണംവരെ നീണ്ടുനിന്ന അനാരോഗ്യം നിമിത്തം സഭാകാര്യങ്ങളിലും മറെറാന്നിലും ശ്രദ്ധിക്കാൻ തരമാകാതെ കഴിഞ്ഞുകൂടുകയാണുണ്ടായതു്. അങ്ങനെ 1087-ാമാണ്ടത്തെ ഏഴാംസമ്മേളനത്തോടുകൂടി ഭാരതവിലാസംസഭ ഭരതവാക്യം ചൊല്ലി കലാശിച്ചു എന്നു പറഞ്ഞാൽ മതിയല്ലൊ.
