ഗദ്യസാഹിത്യചരിത്രം. ഇരുപത്തിനാലാമദ്ധ്യായം

ഭാഷാഭിവൃദ്ധിപ്രസ്ഥാനങ്ങൾ (രണ്ടാംഭാഗം)

മററു സമാജങ്ങൾ: ഭാരതവിലാസംസഭ തുടങ്ങിയശേഷം, 1082-ൽ വൈക്കത്തു സമാരംഭിച്ച ‘സന്മാർഗ്ഗപോഷിണിസഭ’ ഈ വിഭാഗത്തിൽ പ്രാധാന്യമർഹിക്കുന്ന മറെറാന്നാണു്. പ്രസ്തുത സഭ ഇന്നും വൈക്കത്തഷ്ടമിയോടനുബന്ധിച്ചു നടത്തിവരുന്നുണ്ടെന്നാണറിയുന്നതു്. 1088-ൽ അപ്പൻതമ്പുരാൻ്റെ നേതൃത്വത്തിൽ തൃശ്ശിവപേരൂരിൽ ജന്മ മെടുത്ത ‘കൊച്ചി സാഹിത്യസമാജം’, വൈക്കം സന്മാർഗ്ഗപോഷിണിസഭയുടെ നേതൃത്വത്തിൽ 1097-ൽ തുടങ്ങിയ ‘സമസ്തകേരള സാഹിത്യ സമാജം’, കൊല്ലം എസ്സ്. ടി. റെഡ്യാർ അച്ചുക്കൂടത്തിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ‘വിദ്യാഭിവർദ്ധിനിസഭ’ എന്നിങ്ങനെയുള്ള ചിലതുകൂടി ഇവിടെ പരിഗണനാർഹങ്ങളാണു്.

എന്നാൽ, ഭാഷാപോഷിണിസഭവഴി സിദ്ധിച്ചിട്ടുള്ള നേട്ടങ്ങളോടു താരതമ്യപ്പെടുത്തുമ്പോൾ മേല്പറഞ്ഞ സഭകളും സമാജങ്ങളുമെല്ലാം കേവലം അസാരങ്ങളായിത്തീരുകയും ചെയ്യുന്നു. തന്നെയുമല്ല, ഇപ്പറഞ്ഞവയിൽ ഒന്നുംതന്നെ സമസ്തകേരള പ്രാതിനിദ്ധ്യത്തോടുകൂടിയതുമല്ലായിരുന്നു. ഈ സ്ഥിതിവിശേഷം പര്യാലോചിക്കുമ്പോഴാണു്. കേരളത്തിൽ അങ്ങുമിങ്ങുമായി ഒററപ്പെട്ടുനിന്നിരുന്ന സാഹിത്യകാരന്മാരെ ഏകത്ര സമ്മേളിപ്പിച്ച്, അവരെ പരസ്പരം കൂട്ടിയിണക്കുകയും, അവരുടെ സംഘടനാശക്തിയെ കേന്ദ്രീകരിച്ചു ഭാഷാപോഷണാർത്ഥം തിരിച്ചുവിട്ടുകയും ചെയ്തു ഭാഷാപോഷിണിസ‌ഭ. മലയാളസാഹിത്യത്തിൽ ഇന്നു കാണുന്ന സംഘടനാപ്രവണതകൾക്കെല്ലാം ബലവത്തരമായ അസ്ഥിവാരമുറപ്പികയാണു ചെയ്തിട്ടുള്ളതെന്ന പരമാർത്ഥം ഏവർക്കും പകൽപോലെ തെളിഞ്ഞുകാണാൻ കഴിയുന്നതു്.