ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
മുദ്രണാലയങ്ങളും പത്രമാസികകളും
പ്രാരംഭം: മനുഷ്യരാശിയുടെ എല്ലാവിധത്തിലുമുള്ള ജ്ഞാനവിജ്ഞാനങ്ങളുടെ പുരോഗതി, ആധുനികകാലത്തു് അച്ചടിശാലകളെ ആശ്രയിച്ചാണിരിക്കുന്നതു്. ഒരു കാലഘട്ടംവരെ, അന്നോളമുണ്ടായിരുന്ന ഗവേഷകന്മാരുടേയും താന്ത്വചിന്തകന്മാരുടേയും, മഹാത്മാക്കളുടേയും ആശയങ്ങൾ മറ്റുള്ളവർക്ക് അധികം പ്രയോജനപ്പെടാതിരിക്കുകയായിരുന്നു. കുറെയെങ്കിലും പ്രയോജനപ്പെട്ടിട്ടുള്ളതു് ആദ്യം ശിലകളിൽ വെട്ടിയെഴുതിയ ലേഖനങ്ങൾവഴിക്കും, പിന്നീടു നാരായംകൊണ്ടു പനയോലകളിലും, ലോഹത്തകിടുകളിലും തോൽക്കടലാസുകളിലും എഴുതിയ രേഖകൾ വഴിക്കുമാണു്. അച്ചടിയുടെ ആവിർഭാവത്തോടുകൂടി ഇന്നു് ആ നിലയൊക്കെ മാറിയിരിക്കയാണെന്നു് എല്ലാവക്കുമറിയാം.
ആദ്യത്തെ അച്ചടിശാലകൾ: ലോകത്തിൽ ആദ്യമുണ്ടായ അച്ചടിശാല ഹോളണ്ടിൽ സ്ട്രാസ്സ് ബർഗ്ഗിലേതാണെന്നു ചരിത്രകാരന്മാർ പ്രസ്താവിക്കുന്നു. 1460-ലാണു് അതിൻ്റെ ആരംഭം. ഇന്ത്യയിൽ ആദ്യത്തതു് 1550-ൽ പോർത്തുഗീസുകാർ ഗോവയിൽ സ്ഥാപിച്ച അച്ചുക്കൂടമാണു്. കേരളത്തിൽ ആദ്യമായി അച്ചുക്കൂടവും അച്ചടിവിദ്യയും ഏപ്പെർടുത്തിയതും മററാരുമായിരുന്നില്ല. ഗോവയിലെ അച്ചുക്കൂടസ്ഥാപനശേഷം, രണ്ടു പതിററാണ്ടുകഴിഞ്ഞു് കൃത്യമായിപ്പറഞ്ഞാൽ 1575-ൽ — കൊച്ചിക്കോട്ടയിൽ അവർ ഒരു അച്ചടിശാല സ്ഥാപിച്ചു. അക്കാലത്തു കൊച്ചിക്കോട്ടയിൽ പല സന്യാസമന്ദിരങ്ങളും, സെൻറ് ഫ്രാൻസിസ് അസ്സീസിയുടെ നാമധേയത്തിൽ ഒരു പള്ളിയും, ഒരു വിദ്യാമന്ദിരവും ഫ്രാൻസിസ്കൊ എന്ന സഭയിലുൾപ്പെട്ട ജസ്വീററുകാർ സ്ഥാപിച്ചിരുന്നു. ആശ്രമത്തിലുണ്ടായിരുന്ന ജോൺഗോൺസാൽവസ്സ് എസ്. ജെ. എന്ന സ്പെയിൻകാരനായ ഒരു ജസ്വീറ്റ് മിഷ്യനറി അക്കാലത്തു തമിഴും മലയാളവും അക്ഷരങ്ങൾ കൊത്തിയുണ്ടാക്കി. അങ്ങനെ നിർമ്മിച്ച അക്ഷരങ്ങൾകൊണ്ടാണു് Doctrina Christiana എന്ന ക്രിസ്തീയ വേദപുസ്തകം തമിഴ് ഭാഷയിൽ 1577-ൽ തമിഴ് ഭാഷയിൽ ഒന്നാമതായി അച്ചടിച്ചതു്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ആദ്യമായി മുദ്രണം ചെയ്യപ്പെട്ട പുസ്തകവും അതു തന്നെയാണെന്നു തോന്നുന്നു. “1577-ാമാണ്ടിൽ പൗലിസ്താക്കാരു (ജസ്വിറ്റുകാർ എന്നേ ഇതിനർത്ഥമുള്ളു.) കൊച്ചിക്കോട്ടയിൽ മലയായ്മപ്പേച്ചിൽ ഒരു വേദപുസ്തകം അടിച്ചു” * (കേരളരാജ്യത്തിലെ സത്യവേദചരിത്രം, പേജ് 78) എന്നു സത്യവേദചരിത്രം എന്ന ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുള്ളതു മേല്പറഞ്ഞ കൃതിയെ ലക്ഷ്യമാക്കിത്തന്നെയാണ്. മലയാംതമിൾ എന്ന അർത്ഥത്തിലാണു് ‘മലയായ്മപ്പേച്ച്’ എന്നു പ്രയോഗിച്ചിട്ടുള്ളത്. അക്കാലത്തു കേരളത്തിൽ ചില കൃതികൾ ഇവർ അച്ചടിപ്പിച്ചതെല്ലാംതന്നെ ഈ ‘മലയായ്മപ്പേച്ചി’ലായിരുന്നു എന്നുകൂടി പറഞ്ഞു കൊള്ളട്ടെ.