ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
കൊല്ലം വിദ്യാഭിവർദ്ധിനി: മാളിയമ്മാവു കുഞ്ഞുവറിയതിനെപ്പോലെയോ അതിൽ കൂടുതലായോ കേരളീയരുടെ അഭിനന്ദനങ്ങളെ അർഹിക്കുന്ന ഒരു വ്യക്തിയാണു്. എസ്. ടി. റെഡ്യാർ എന്ന പേരിൽ സുപ്രസിദ്ധനായിട്ടുള്ള സുബ്ബയ്യാ തെന്നാട്ടു റെഡ്യാർ. മാളിയമ്മാവിനെപ്പോലെതന്നെ, ബാല്യത്തിൽ പുസ്തകപ്പെട്ടിയുമായി കച്ചവടത്തിനിറങ്ങിയ ഒരു പ്രയത്നശാലിയുമായിരുന്നു റെഡ്യാർ. അദ്ദേഹത്തിൻ്റെ പ്രയ്ത്നഫലമായി 1062-ൽ കൊല്ലത്ത് ഒരു അച്ചുക്കൂടം സ്ഥാപിച്ചു. ആ അച്ചുക്കൂടമാണ് ‘വിദ്യാഭിവർദ്ധിനി’. കിളിപ്പാട്ടുകൾ, തുള്ളലുകൾ, ആട്ടക്കഥകൾ എന്നിങ്ങനെയുള്ള അനവധി കൃതികൾ സ്വന്തം പ്രസ്സിൽ അച്ചടിപ്പിച്ചു സാമാന്യജനങ്ങൾക്കു വാങ്ങത്തക്ക നിലയിൽ നാമമാത്രമായ വിലവെച്ചു വില്ക്കുവാനാണു് അദ്ദേഹം മുതിർന്നതു്. ഗ്രന്ഥപ്രചാരണം എന്ന നിലയിൽനിന്നു നോക്കുമ്പോൾ, എഴുത്തച്ഛൻ തുടങ്ങിയ മഹാരഥന്മാരേക്കാളും വലിയ സാഹിത്യ സേവനമാണു് റെഡ്യാർ നിർവ്വഹിച്ചിട്ടുള്ളതെന്നു് അതിശയോക്തിസ്പർശമില്ലാതെതന്നെ പറയാം. റെഡ്യാരുടെ പ്രസ്സ് വളരെ അഭിവൃദ്ധിപ്പെട്ട് പല ശാഖകളോടുകൂടി കേരളത്തിൽ പല ഭാഗത്തും ഇന്നു പ്രവർത്തിക്കുന്നുണ്ടു്. 1094 മീനംമുതൽ കൊല്ലത്തെ വി. വി. പ്രസ്സിൽനിന്നു ‘വിദ്യാഭിവദ്ധിനി’ എന്ന പേരിൽ ഒരു മാസികയും ഏതാനും കാലം പ്രസിദ്ധപ്പെടുത്തുകയുണ്ടായി.
തൃശൂർ വിദ്യാവിനോദിനി: 1058 മുതൽ തൃശൂരിൽ പുസ്തകവ്യാപാരം ആരംഭിച്ച സുന്ദരയ്യരും, അദ്ദേഹത്തിൻ്റെ സീമന്തപുത്രനും അധ്യാപകനുമായ വിശ്വനാഥയ്യരും ചേർന്നു്, 1032-ൽ സ്ഥാപിച്ച അച്ചുകൂടമാണു ‘വിദ്യാവിനോദിനി.’ സി. പി. അച്യുതമേനോൻ ഒരു മാസിക ആരംഭിക്കുവാൻ തുടങ്ങിയപ്പോൾ സ്നേഹിതനായ വിശ്വനാഥയ്യരുടെ പ്രേരണയനുസരിച്ചാണു് ആ മാസികയ്ക്കു വിദ്യാവിനോദിനി എന്നു നാമകരണം ചെയ്തതെന്നു പറഞ്ഞുകേട്ടിട്ടുണ്ടു്. അനേകം നല്ല പുസ്തകങ്ങൾ വിദ്യാവിനോദിനിയിൽനിന്നു പ്രസിദ്ധപ്പെടുത്തിവന്നു. ‘കൈരളി’മാസിക വിദ്യാവിനോദിനി പ്രസ്സിൽനിന്നുമാണു് പ്രസിദ്ധീകരിച്ചിരുന്ന തു്. എറണാകുളത്തു് വിശ്വനാഥപ്രസ്സ്’ എന്ന പേരിലും, കോഴിക്കോട്ട് ഡക്കാൻ പബ്ലീഷിംഗ് ഹൗസ്’ എന്ന പേരിലും ഓരോ പ്രസ്സ് വിശ്വനാഥയ്യരുടെ പുത്രന്മാർ പിൽക്കാലത്തു സ്ഥാപിച്ചു നടത്തുകയുണ്ടായി.
ജനരഞ്ജിനി: പോർളാതിരി അഥവാ കടത്തനാട്ട് ഉദയവർമ്മതമ്പുരാൻ 1065-ാമാണ്ടിനിടയ്ക്ക പാലക്കാട്ടുനിന്നുവാങ്ങി പുറമേരി കോവിലകത്തിനടുത്തുള്ള ആറോട്ടുമഠത്തിൽ സ്ഥാപിച്ച ഒരച്ചുക്കൂടമാണിതു്. മലബാറിലെ ആദ്യത്തെ സാഹിത്യമാസികയായ ജനരഞ്ജിനിയുടെ ഉത്ഭവം ഇതിൽ നിന്നുമാണു്. പഴയതും പുതിയതുമായ അനേകം സൽ ഗ്രന്ഥങ്ങളുടെ ഉൽപത്തിക്കു് ഈ അച്ചുക്കൂടം നിദാനമായിത്തീർന്നിട്ടുണ്ട്.