ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
പശ്ചിമോദയവും രാജ്യസമാചാരവും: അടുത്തകാലംവരെ ചരിത്രകാരന്മാരുടെ അറിവിൽപ്പെടാതെ കിടന്നിരുന്ന രണ്ടു പ്രസിദ്ധീകരണങ്ങളാണു്. ‘പശ്ചിമോദയം’, ‘രാജ്യസമാചാരം’ എന്നീ മാസികകൾ. ജ്ഞാനനിക്ഷേപം, മുൻപറഞ്ഞതുപോലെ 1848 നവംബറിലാണ് ആരംഭിച്ചതെങ്കിൽ, അതിനു് ഏതാണ്ട് ഒരു വർഷം മുമ്പു പുറപ്പെട്ടവയാണു് പ്രസ്തുത മാസികകൾ രണ്ടും. 1960-ലെ കേരളദ്ധ്വനി വാർഷികവി ശേഷാൽപ്രതിയിൽ വിജ്ഞാനകുതുകിയായ എ. ഡി. ഹരിർശമ്മ ‘മലയാളത്തിലെ ഒന്നാമത്തെ വർത്തമാനപ്പത്രം’ എന്നൊരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിൽ കോഴിക്കോട്ട് കെ. വി. വറീദിൽനിന്നു് അദ്ദേഹത്തിനു ലഭിച്ച പശ്ചിമോദയം, രാജ്യസമാചാരം എന്നീ പ്രാചീന പ്രസിദ്ധീകരണങ്ങളെപ്പറ്റിയുള്ള നൂതനമായ ചില വിവരങ്ങൾ അദ്ദേഹം നല്കുന്നുണ്ടു്. ശർമ്മാ വെളിപ്പെടുത്തുന്ന പ്രധാന വസ്തുതകൾ താഴെ പറയുന്നവയാണ്:
1847 ഒക്ടോബർ മാസത്തിലാണു് പശ്ചിമോദയം ഭൂജാതമായതു്. മാസത്തിൽ ഒന്നുവീതമായിരുന്നു, അതിൻ്റെ പ്രസിദ്ധീകരണം. റോയൽ എട്ടിലൊന്നു വലുപ്പത്തിൽ എട്ടുപേജുവീതം അടങ്ങിയതായിരുന്നു ഓരോ ലക്കവും. ഒരു ലക്കത്തിനു് രണ്ടു പൈസ(നാലു ചില്ലിക്കാശു്)യായിരുന്നു വില. ജ്യോതിഷവിദ്യ, കേരളപ്പഴമ, ഭൂമിശാസ്ത്രം എന്നീ മൂന്നു ലേഖനങ്ങളാണു് പശ്ചിമോദയത്തിൽ തുടർച്ചയായി ചേർത്തിട്ടുള്ളതു്. അണിയറയ്ക്കുള്ളിൽ നിന്നു മാസികയുടെ ജോലി മുഴുവൻ നിർവ്വഹിച്ചിരുന്നതു് ഗുണ്ടർട്ടുതന്നെയാണ്. പക്ഷേ, ഒടുവിൽ പത്രാധിപരുടെ സ്ഥാനത്തു പേരുവച്ചിട്ടുള്ളതു് റവ: മില്ലരുടേതാണു്. 1851 ആഗസ്റ്റു വരെയുള്ള ലക്കങ്ങൾ ശ്രീ വറീദിൻ്റെ കൈവശമുള്ള ബയൻ്റു ചെയ്ത് വാള്യത്തിൽ കാണുന്നതുകൊണ്ടു് അക്കാലംവരെയെങ്കിലും മാസിക നടന്നിരുന്നുവെന്നുള്ളതു വ്യക്തമാണു്. രാജ്യസമാചാരം പശ്ചിമോദയത്തിനു മുമ്പ്, അതായതു്, 1847 ജൂൺമാസത്തിലാണു്, ആരംഭിച്ചിട്ടുള്ളത്. പ്രസ്തുത പ്രസിദ്ധീകരണത്തിൻ്റെ പിന്നാലെ പ്രവർത്തിച്ചിരുന്നതും, ഡോക്ടർ ഗുണ്ടർട്ടിൻ്റെ ഹസ്തങ്ങൾ തന്നെയാണ്. പശ്ചിമോദയത്തിൻ്റെയും രാജ്യസമാചാരത്തിൻ്റെയും നയവും ഉദ്ദേശവും ഭിന്നമായിരുന്നു. രാജ്യസമാചാരം ആരംഭിച്ചതു് മതപ്രചാരണമെന്ന പ്രധാനോദ്ദേശ്യത്തോടുകൂടിയാണ്. പശ്ചിമോദയത്തിൻ്റേതാകട്ടെ, വിജ്ഞാന വിതരണവും.
അദ്യത്തെ പ്രസിദ്ധീകരണങ്ങൾ എന്ന നിലയ്ക്കാണു്, മേല്പറഞ്ഞ മാസികകളെസ്സംബന്ധിച്ച് ഇവിടെ ഇത്ര ദീർഘമായി പ്രസ്താവിക്കുവാനിടയായത്. ഇനി വൃത്താന്തപത്രങ്ങളെപ്പറ്റി പ്രതിപാദിച്ച ശേഷം മററു മാസികകളെപ്പറ്റി തുടരാമെന്നു കരുതുന്നു.