ഭാഷാഭിവൃദ്ധി പ്രസ്ഥാനങ്ങൾ (ഒന്നാംഭാഗം)
വിദ്യാവിലാസിനി: 1056-ൽ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടിരുന്ന വിദ്യാവിലാസിനിയെപ്പറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. 1073 കന്നി മാസം മുതൽ കൊല്ലം പരവൂരിൽനിന്നു് ആരംഭിച്ച മറ്റൊരു മാസികയാണ് ഇവിടെ കുറിച്ചിട്ടുള്ള വിദ്യാവിലാസിനി. ആര്യമതം, വിദ്യാഭ്യാസം, വൈദ്യം എന്നിവയെ സംബന്ധിച്ച പ്രബന്ധങ്ങൾക്കു പ്രസ്തുമാസികയിൽ പ്രാധാന്യം നല്കിയിരുന്നു. മാസികയുടെ 6-ാം ലക്കത്തിൽ മാനേജർ എസ്സ്. പത്മനാഭനാശാൻ്റെ ഒരു പ്രത്യേക വിജ്ഞാപനത്തിൽ, “അകാലമൃത്യുഗ്രസ്തയായ സുജനാനന്ദിനിയെക്കൂടി താമസിയാതെ പുനർജ്ജന്മപഥത്തെ പ്രാപിപ്പിക്കണമെന്നു” വിചാരിക്കുന്നതായി പറഞ്ഞുകാണുന്നുണ്ട്. സി. വി. കുഞ്ഞുരാമൻ, പി. കെ. കൃഷ്ണൻ വൈദ്യൻ, എസ്. പരമേശ്വരയ്യർ ബി. എ. (ഉള്ളൂർ) മുതലായവരുടെ ഗദ്യപദ്യങ്ങൾ മാസികയിൽ പ്രസിദ്ധപ്പെടുത്തിവന്നിരുന്നു. സൗന്ദരലഹരിയുടെ തർജ്ജമ ആദ്യമായി പുറപ്പെട്ടതു് ഈ മാസികവഴിക്കായിരുന്നുവെന്നു തോന്നുന്നു.
ഉപാദ്ധ്യായൻ: 1073 ചിങ്ങം മുതൽ കൊല്ലത്തുനിന്ന് ആരംഭിച്ച ഒരു വിദ്യാഭ്യാസ മാസികയാണു് ഉപാദ്ധ്യായൻ. അശ്വതിയിരുനാൾ, മാക്സ് മുള്ളർ മുതലായവരെപ്പറ്റിയുള്ള ലേഖനങ്ങൾ ആദ്യലക്കങ്ങളിൽ പ്രസിദ്ധപ്പെടുത്തിവന്നിരുന്നു. ക്ലാസ്സുകളിലേക്കുള്ള ‘പാഠക്കുറിപ്പുകളും’ പ്രസ്തുത മാസികയിൽ പ്രസിദ്ധപ്പെടുത്തുന്ന സമ്പ്രദായമുണ്ടായി
രസികരഞ്ജിനി: വിദ്യാവിനോദിനി നിന്നുപോയശേഷം. 1078 (1903) ചിങ്ങംമുതൽ കുഞ്ഞിക്കുട്ടൻതമ്പുരാൻ്റെ ആധിപത്യത്തിൽ തൃശ്ശിവപേരൂർനിന്നാരംഭിച്ച ഒരു സുപ്രസിദ്ധ മാസികയാണു് രസിക രഞ്ജിനി കൊച്ചി അപ്പൻ തമ്പുരാൻ്റെ ഇച്ഛാശക്തിയാണു് പ്രസ്തുത മാസികയുടെ പ്രാദുർഭാവത്തിനു നിദാനമായിരുന്നതു്. അതിൻ്റെ ജീവനും അദ്ദേഹം തന്നെയായിരുന്നു. 1080 മുതൽ രഞ്ജിനിയുടെ ഭാരം മിക്കവാറും കെ. എം. (വടക്കെ കുറുപ്പത്തു കുഞ്ഞൻമേനോൻ) വഹിച്ചുപോന്നു. വിശിഷ്ട ലേഖകന്മാരിൽ പരിലാളിതമായിരുന്ന പ്രസ്തുതമാസിക, 1082 വരെ മൂന്നുനാലുകൊല്ലമേ നടന്നുള്ളുവെങ്കിലും സാഹിത്യത്തിനു പലതും സംഭാവന ചെയ്യുകയുണ്ടായി. ഉണ്ണുനീലിസന്ദേശമെന്നെ സൂപ്രസിദ്ധകാര്യം രസികരഞ്ജിനിരസിക്കാണു സഹൃദയന്മാർക്ക് അനുഭവ ഗോചരമാമായിത്തീർന്നതു്. ഗവേഷണപ്രിയന്മാരായിരുന്ന രസികരഞ്ജിനി പ്രവത്തകന്മാർ കേരളചരിത്രസംബന്ധമായ പല നല്ല ലേഖനങ്ങളും ആരംഭം മുതൽ പ്രസ്തുത മാസികയിൽ പ്രസിദ്ധപ്പെടുത്തിവന്നു..