ഭാഷാവിജ്‌ഞാനിയം (തുടർച്ച)
സാഹിത്യ ചരിത്രഗ്രന്ഥങ്ങൾ
പ്രാരംഭം: സാഹിത്യഭണ്ഡാരത്തിലുള്ള സമ്പത്തുകൾ ഏതെല്ലാമെന്നും എത്രത്തോളമെന്നും ആരുടെതെല്ലാമെന്നും തിട്ടപ്പെടുത്തുകയും, അവ ഓരോന്നിൻ്റേയും ഏകദേശമായ ഒരു മൂല്യം നിർണ്ണയിക്കുകയും ചെയ്ത്, ഭാഷയുടേയും സാഹിത്യത്തിൻ്റേയും അഭിവൃദ്ധിയുടെ ശരിയായ നില ചൂണ്ടിക്കാണിക്കുന്ന കൃതികൾക്കാണു് സാഹിത്യ ചരിത്രഗ്രന്ഥങ്ങൾ എന്നു പറയുന്നതു്. ഏതുഭാഷയിലേയും സാഹിത്യം ഭിന്നഭിന്ന കാലങ്ങളിൽ വിവിധരൂപങ്ങളിലായി വളർന്നു വന്നിട്ടുള്ള ഒന്നായിരിക്കുമല്ലൊ. അങ്ങനെയുള്ള സാഹിത്യഗ്രന്ഥങ്ങളേയും അവയുടെ കർത്താക്കന്മാരേയും സംബന്ധിച്ച സംക്ഷിപ്ത വിവരണമാണു് സാഹിത്യ ചരിത്രം പ്രദാനം ചെയ്യുന്നതെന്നു വേറൊരു തരത്തിൽ പറയാം. ഓരോ സാഹിത്യത്തിനും അതതിൻ്റെ ചരിത്രമായിരിക്കും കൂടുതൽ പ്രയോജനപ്പെടുക. കേരളീയ സാഹിത്യകാരന്മാർ പലപല കാലങ്ങളിലായി നേടിവച്ച സമ്പത്തുകൾ ഏതെല്ലാമെന്നും, എത്രത്തോളമെന്നും, ആരുടേതെല്ലാമെന്നും അറിയണമെങ്കിൽ, ആ സാഹിത്യത്തിൻ്റെ ഈടുവെയ്പിൽ കടന്നുനോക്കാതെ തരമില്ലല്ലോ. ആ കൃത്യമാണു് കേരളീയ സാഹിത്യ ചരിത്രകാരന്മാർ ചെയ്യുന്നതു്. അത്തരം കൃതികൾ ഭാഷയുടേയും സാഹിത്യത്തിൻ്റെയും സാമാന്യ ജ്ഞാനത്തിനു് ഉപകരിക്കുമെന്നുള്ളതിനു പുറമേ, ഉപരിജ്ഞാന സമ്പാദനത്തിനു സർവ്വപ്രകാരേണയും പ്രചോദനമരുളുന്നവകൂടിയായിത്തീരുകയും ചെയ്യുന്നു. കൈരളി വളർന്നുകൊണ്ടിരിക്കുന്ന ഒരു ഭാഷയാകയാൽ ആ വളർച്ചയുടെ ഗതിയും വികാസവും എങ്ങനെയിരിക്കുന്നുവെന്നു കണ്ടറിയുവാനും അത്തരം കൃതികൾ അത്യന്തം പ്രയോജനപ്പെടുന്നു. ഇനി നമുക്ക് മലയാള ഭാഷയിൽ ഇന്നേവരെ ഉണ്ടായിട്ടുള്ള സാഹിത്യ ചരിത്ര ഗ്രന്ഥങ്ങൾ ഏതെല്ലാമെന്നുള്ള ഒരന്വേഷണത്തിലേക്കു കടക്കാം.