ഭാഷാവിജ്‌ഞാനിയം (തുടർച്ച)
കേരളത്തിലെ ക്രിസ്തീയ സാഹിത്യം: ഡോക്ടർ പി. ജെ. തോമസ് മലയാള ഭാഷയ്ക്കു നല്കിയിട്ടുള്ള വിലപ്പെട്ട ഒരു സംഭാവനയാണു ‘കേരളത്തിലെ ക്രിസ്തീയ സാഹിത്യം. ‘ 1935-ൽ പ്രസിദ്ധപ്പെടുത്തിയ പ്രസ്തുത കൃതി(ഒന്നാംഭാഗം)യിൽ കേരളീയ ക്രിസ്ത്യാനികളുടെ ഉത്ഭവം മുതൽ ക്രിസ്തുവർഷം 1800 വരെയുള്ള ക്രിസ്തീയ സാഹിത്യത്തെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. പ്രതിപാദ്യവിഷയത്തെ പന്ത്രണ്ടു് അദ്ധ്യായങ്ങളായി തരംതിരിച്ചു ക്രമപ്പെടുത്തിയിട്ടുള്ളതിൽ ഗ്രന്ഥകാരൻ പ്രദർശിപ്പിച്ചിട്ടുള്ള പാടവം അന്യാദൃശമത്രെ. കേരളീയ ക്രിസ്ത്യാനികളുടെ സാഹിത്യപരിശ്രമങ്ങളെ ഇതിലുമധികം വിശദമാക്കുന്ന പ്രാമാണികഗ്രന്ഥം മലയാളത്തിൽ മറ്റൊന്നില്ല. നാലുമുതൽ എട്ടുവരെയുള്ള അഞ്ചദ്ധ്യായങ്ങളിൽ പാശ്ചാത്യമിഷ്യനറിമാരുടെ സാഹിത്യപരിശ്രമങ്ങളെയാണു പ്രതിപാദിച്ചിട്ടുള്ളതു്. ആ ഭാഗമാണ് ഇതിൽ മുഖ്യമായിട്ടുള്ളതും. നസ്രാണിമാപ്പിളമാരുടെ കല്യാണപ്പാട്ടുകൾ, കരിയാറ്റിൽ മല്പാൻ്റെയും പാറമാക്കൽ തോമാക്കത്തനാരുടേയും കൃതികൾ എന്നിവയെ വിവരിക്കുന്ന ഭാഗങ്ങളും ശ്രദ്ധേയങ്ങൾതന്നെ.
പദ്യസാഹിത്യചരിത്രം: ഈ ഗ്രന്ഥകാരൻ്റെ ഒരു കൃതിയാണു് പദ്യസാഹിത്യചരിത്രം. ‘ഭാഷാകവിത അഥവാ പദ്യസാഹിത്യചരിത്രം’ എന്ന ശീർഷകത്തിലാണു് ഇതിൻ്റെ ഒന്നാംപതിപ്പു് 1936-ൽ (കൊല്ലവർഷം 1111-ൽ) പ്രസിദ്ധപ്പെടുത്തിയിരുന്നതു്. അതിൽ ചരിതകാരൻമാർ മുതൽ ജി. ശങ്കരക്കുറുപ്പുവരെയുള്ള കവികളേയും അവരുടെ കൃതികളേയും പറ്റി പ്രതിപാദിക്കുന്നു. പിന്നീട്ട് 1942-ൽ പരിഷ്ക്കരിച്ചു പ്രസിദ്ധപ്പെടുത്തിയ രണ്ടാം പതിപ്പിൽ, ചങ്ങമ്പുഴ കൃഷ്ണപിള്ളവരെയുള്ള കവികളേയും അവരുടെ കാവ്യങ്ങളേയുമാണു് വിലയിരുത്തുന്നതു്. 1981-ൽ പരിഷ്ക്കരിച്ചു വിപുലപ്പെടുത്തിയ മൂന്നാം പതിപ്പിൽ സുഗതകുമാരിവരെയുള്ളവരുടെ കാവ്യങ്ങളെ നിരൂപണം ചെയ്തു പ്രതിപാദിച്ചിരിക്കുന്നു. അപൂർണ്ണത പലതും സംഭവിച്ചിരിക്കാമെങ്കിലും പ്രസ്ഥാനരൂപത്തിൽ ആദ്യമുണ്ടായിട്ടുള്ള മലയാള സാഹിത്യചരിത്രം ഇതാണെന്നു പറയേണ്ടതുണ്ടു്.
