ഭാഷാവിജ്‌ഞാനിയം (തുടർച്ച)
സംസ്കൃത ഭാഷാസാഹിത്യചരിത്രം: ബംഗാളിൽ ശാന്തിനികേ തനത്തിലുള്ള വിശ്വഭാരതി ഗവേഷണശാലയിൽ (Research Institute) പ്രവർത്തിച്ചിരുന്ന കാലത്തു് അവിടെ കിട്ടിയ സുവർണ്ണാവസരം ഉപയോഗിച്ചു വിരചിച്ചിട്ടുള്ള ഒരു വിശിഷ്ട ഗ്രന്ഥമാണു് കെ. സി. പിള്ളയുടെ സംസ്കൃത ഭാഷാ സാഹിത്യചരിത്രം. സംസ്കൃത സാഹിത്യത്തെസ്സംബന്ധിച്ച പ്രമാണികഗ്രന്ഥങ്ങൾ പലതും ഇംഗ്ലിഷ് ഭാഷയിൽ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ മലയാളത്തിൽ അടുത്ത കാലത്തുമാത്രമേ അത്തരം ചില ശ്രമങ്ങൾ തുടങ്ങിയിട്ടുള്ളൂ. കെ. സി. പിള്ള 1936-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മേല്പറഞ്ഞ കൃതി അങ്ങനെയുള്ള ശ്രമത്തിൻ്റെ ആരംഭമായി ഉടലെടുത്തതാണെന്നുപറയാം. പാശ്ചാത്യരും പൗരസ്ത്യരുമായ പല പ്രാമണികന്മാരുടേയും ഗ്രന്ഥങ്ങൾ പരിശോധിച്ചു തയ്യാറാക്കിയിട്ടുള്ളതാണ് പ്രസ്തുതഗ്രന്ഥം. ആരംഭംമുതൽ ഏതാനും ശതകത്തിനു മുമ്പുവരെയുള്ള സംസ്കൃത സാഹിത്യത്തിൻ്റെ ചരിത്രമേ ഈ ഗ്രന്ഥത്തിനുള്ളൂ. കേരളീയരുടെ സംസ്കൃത സംഭാവനകളെപ്പറ്റി അതർഹിക്കുന്ന വിധത്തിൽ ഇതിൽ കുറിക്കേണ്ടതായിരുന്നു. ഭാരതീയ സാഹിത്യത്തിൻ്റെ വളർച്ചയ്ക്കുവേണ്ടി കേരളഭൂമി ചെയ്ത സംഭാവനകളെപ്പറ്റി പറയേണ്ട ഘട്ടത്തിൽ, “മലയാള സാഹിത്യ ചരിത്രഗ്രന്ഥങ്ങൾ പലതിലും അതിനെപ്പറ്റിയുള്ള വിശദവിവരങ്ങൾ കാണാമെന്നുള്ള”തുകൊണ്ട് ഉപേക്ഷിച്ചിരിക്കയാണെന്ന് അദ്ദേഹം പറയുന്നു. ഹലായുധൻ്റെ അഭിധാനരത്നമാല എന്നൊരു വാചകം പറഞ്ഞനിലയ്ക്ക് ഹലായുധൻ ഒരു കേരളീയനായിരുന്നു എന്ന വസ്തുതകൂടി വെളിപ്പെടുത്തേണ്ടതായിരുന്നു.
ഗ്രന്ഥത്തെ രണ്ടു ഭാഗമായി തിരിച്ചുകൊണ്ടാണു് പ്രതിപാദനം. പ്രഥമ ഭാഗത്തിൽ വൈദിക കാലത്തെ ഋഗ്വേദാദികളെപ്പറ്റിയും, മഹാഭാരതം തുടങ്ങിയ ഇതിഹാസപുരാണാദികളെപ്പറ്റിയും, അർത്ഥശാസ്ത്രം, കാമശാസ്ത്രം, നീതിശാസ്ത്രം തുടങ്ങിയ ശാസ്ത്ര ഗ്രന്ഥങ്ങളെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു. ദ്വിതീയഭാഗത്തിൽ, കാവ്യകാലം, ഗദ്യപ്രസ്ഥാനം, ചമ്പുകാവ്യം, കഥകളും ഉപകഥകളും, ഖണ്ഡകാവ്യം, നാടകങ്ങൾ എന്നു തുടങ്ങിയവയെപ്പറ്റിയുമാണു് പ്രതിപാദിക്കുന്നതു്. ശ്രദ്ധേയമായ ഒരു സാഹിത്യ ചരിത്ര ഗ്രന്ഥമാണിതെന്നുള്ളതിൽ സംശയമില്ല.
