ഭാഷാവിജ്‌ഞാനിയം (തുടർച്ച)
സാഹിത്യരത്നമാല : ചുനക്കരെ കെ. രാമവാര്യർ ഭാഷാപോഷിണി മാസികയുടെ 1096 മീനം ലക്കം മുതൽ ‘സാഹിത്യരത്നമാല’ എന്ന പേരിൽ ഒരു ലേഖനപരമ്പര പ്രസിദ്ധപ്പെടുത്തിവന്നു. ബ്രാഹ്മം, പാത്മം, വൈഷ്ണവം തുടങ്ങിയ പുരാണങ്ങളെയും, പഞ്ചതന്ത്രം, ഗീതോപദേശം, കഥാസരിൽസാഗരം, ബൃഹൽകഥാമഞ്ജരി തുടങ്ങിയ കല്പിത കഥകളേയും, രാഘുവംശം, കുമാരസംഭവം, കിരാതാർജ്ജുനീയം തുടങ്ങിയ കാവ്യങ്ങളേയും മറ്റും കുറിച്ചുള്ള വിശദവിവരണങ്ങളാണു് അവയിലുള്ളത്. പ്രസ്തുത ലേഖനങ്ങളുടെ സമാഹാരമാണു് രാമവാര്യരുടെ സാഹിത്യരത്നമാല.* (സംസ്കൃതത്തിൽ പലതിനും വ്യഖ്യാനമെഴുതിയിട്ടുള്ള ഒരു പണ്ഡിതനാണു് രാമവാര്യർ. മാവേലിക്കര സ്വദേശിയായ സ്മര്യപുരുഷൻ ചുനക്കരെ മാധവി അമ്മയുടെയും ചങ്ങൻകുളങ്ങരെ ചക്രപാണിവാര്യരുടെയും പുത്രനായി 1059 മിഥുനം 24-ാമനു ജനിച്ചു. ഹൈസ്കൂൾ മുൻഷിയായി ജീവിച്ചിരുന്നു. 1121 കുംഭം 25-ാനാണു് ചരമമടഞ്ഞത്,)
കേരളീയ സംസ്കൃത സാഹിത്യചരിത്രം : പണ്ഡിതാഗ്രഗണ്യനായ വടക്കംകൂർ രാജരാജവർമ്മരാജാ അവർകളുടെ ചിരന്തനവ്യവസായത്തിൻ്റെ ഫലമായി കേരളീയർക്കു സിദ്ധിച്ചിട്ടുള്ള വിശിഷ്ട സാഹിത്യ ചരിത്ര ഗ്രന്ഥപരമ്പരയാണിതു്. കേരളീയരുടെ സംസ്കൃത സാഹിത്യ പരിശ്രമ വിഷയകമായ ഒരു ചരിത്രം നിർമ്മിക്കുക അത്ര സുകകരമോ ക്ഷിപ്രസാദ്ധ്യമോ ആയ ഒരു കാര്യമല്ല. രാജാവ് അവർകളെപ്പോലെ തികഞ്ഞ പാണ്ഡിത്യവും അനിതരസാധാരണമായ ക്ഷമയും ചിന്താശീലവുമുള്ള ഒരാൾക്കു മാത്രമേ ഇത്തരം വ്യവസായത്തിൽ ഏർപ്പെടുവാൻ ധൈര്യമുണ്ടാകുകയുള്ളു. അദ്ദേഹത്തിൻ്റെ ശ്രമം പണ്ഡിത മണ്ഡലത്തിൻ്റെ അഭിനന്ദനത്തെ എന്നും അർഹിക്കത്തക്കവണ്ണം വിജയപ്രദമായിത്തീർന്നിട്ടുമുണ്ടു്. എട്ടദ്ധ്യായങ്ങളുള്ള ഒന്നാംഭാഗത്തിൽ, കൊല്ലവർഷം ഏഴാം നൂറ്റാണ്ടുവരെയുള്ള കവികളേയും പണ്ഡിതന്മാരേയും സംബന്ധിച്ച ചരിത്രമാണു പ്രതിപാദിച്ചിട്ടുള്ളതു്. കേരളീയ സംസ്കൃത സാഹിത്യത്തേയും ശാസ്ത്രത്തേയും സംബന്ധിച്ച വിവരണങ്ങൾക്കു പുറമേ അകേരളീയരായ പലരുടെ കൃതികളെക്കുറിച്ചും ഇതിൽ പ്രതിപാദിച്ചിട്ടുണ്ടു്.
