ഭാഷാവിജ്‌ഞാനിയം (തുടർച്ച)
രണ്ടാംഭാഗത്തിൽ, 12 അദ്ധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. ഭാരതത്തിലെ പ്രാദേശികഭാഷകൾക്കു പൊതുവേയും, കൈരളിക്കു പ്രത്യേകിച്ചും സംസ്കൃത ഭാഷാസമ്പർക്കം എത്രമാത്രം അഭിവൃദ്ധിയും പരിഷ്കാരവും വരുത്തി എന്നു വിവരിക്കുന്നതാണു് ഒന്നാമദ്ധ്യായം. രണ്ടു മുതൽ എട്ടുവരെ അദ്ധ്യായങ്ങളിൽ, കേരളീയ സംസ്‌കാരത്തിൻ്റെ പ്രതിഫലനമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന കലകൾ, ആചാരങ്ങൾ, ക്ഷേത്രങ്ങൾ എന്നുതുടങ്ങി നാനാമുഖങ്ങളായ വിഷയങ്ങളെപ്പറ്റി സവിസ്തരം പ്രതിപാദിക്കുന്നു. കൃഷ്ണപുരാണം മുതൽ തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ കരണോത്തമം എന്ന കൃതിവരെയുള്ള അനേകം ഗ്രന്ഥങ്ങളേയും അവയുടെ കർത്താക്കന്മാരേയും കുറിച്ചുള്ള നിരൂപണങ്ങളാണു് 9 മുതൽ 12 വരെയുള്ള അദ്ധ്യായങ്ങളിൽ അടങ്ങിയിരിക്കുന്നതു്.
മൂന്നാം ഭാഗത്തിൽ, 16 അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്നു. മേല്പത്തൂരിനേയും അദ്ദേഹത്തിൻ്റെ കൃതികളേയും കുറിച്ചുള്ള നിരൂപണമാണു് ആദ്യത്തെ നാലദ്ധ്യായങ്ങളിൽ. മേല്പത്തൂരിൻ്റെ സമകാലീനന്മാരും അദ്ദേഹത്തിൻ്റെ പിൻഗാമികളുമായ അനേകം കവികളേയും ശാസ്ത്രകാരന്മാരേയുംപറ്റി അശ്രുതപൂർവ്വങ്ങളായ അനവധി വിവരങ്ങൾ അനന്തരാദ്ധ്യായങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു.
