ഗദ്യസാഹിത്യചരിത്രം. പത്തൊൻപതാമദ്ധ്യായം

ഭാഷാവിജ്‌ഞാനിയം (തുടർച്ച)

നാലാംഭാഗം: കേരളീയ സംസ്കൃത സാഹിത്യ ചരിത്രത്തിൻ്റെ ആദ്യത്തെ മൂന്നു ഭാഗങ്ങളെക്കുറിച്ചാണല്ലോ ഇതിനു മുകളിൽ പ്രസ്താവിച്ചിട്ടുള്ളതു്. അതിൻ്റെ നാലാം ഭാഗവും ഇപ്പോൾ പ്രസിദ്ധീകൃതമായിരിക്കുന്നു. ഒന്നുമുതൽ മൂന്നുവരെ ഭാഗങ്ങൾ യഥാക്രമം 1937, 1946, 1949 എന്നീ വർഷങ്ങളിലാണു് മുദ്രിതമായിട്ടുള്ളതു്. നാലാം ഭാഗം 1962-ലും. ബാക്കിയുള്ള അഞ്ചും ആറും ഭാഗങ്ങൾകൂടി ഉടനെ പ്രസിദ്ധപ്പെടുത്തത്തക്കവണ്ണം തൃശൂർ മംഗളോദയത്തിൽ അടിച്ചുവരുന്നതായും അറിയുന്നു. നാലാം ഭാഗത്തിൽ 16 അദ്ധ്യായങ്ങളാണുള്ളത്. ആദ്യത്തെ ആറദ്ധ്യായങ്ങളിൽ രാമപാണിവാദനേയും അദ്ദേഹത്തിൻ്റെ കൃതികളേയുംപറ്റി സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഈ ഭാഗം പ്രത്യേകം പുസ്തകരൂപത്തിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. രാമപാണിവാദനും കുഞ്ചൻനമ്പ്യാരും ഒരാൾ തന്നെയാണെന്നും, രണ്ടും രണ്ടു പേരാണെന്നും ഉള്ള രണ്ടു പക്ഷങ്ങളെ സംബന്ധിച്ച വാദകോലാഹലം, രാമപാണിവാദനെപ്പറ്റി അറിയുവാൻ തുടങ്ങിയ കാലംമുതൽക്കേ കേരളത്തിലെ പണ്ഡിതന്മാരുടെ ഇടയിൽ ആരംഭിച്ചു കഴിഞ്ഞിട്ടുള്ളതാണു്. ആദ്യത്തെ പക്ഷത്തിൻ്റെ നായകനായിരുന്നു മഹാകവി ഉള്ളൂർ, രാമപാണിവാദനെ സംബന്ധിച്ചു കേരളീയർക്കു സാമാന്യം വിശദമായ ഒരറിവു് ആദ്യം നല്കിയതും മഹാകവിതന്നെയായിരുന്നു. 1102-ൽ തിരുവനന്തപുരം തൈക്കാട്ടു രാജകീയ മഹാപാഠശാലയിൽവെച്ചു ചെയ്ത പ്രസംഗം വഴിക്കും, പിന്നീട്ട് 1104-ൽ മലയാളമനോരമയിൽ എഴുതിയ ലേഖനംവഴിക്കുമാണു് മഹാകവി ആ കൃത്യം നിർവ്വഹിച്ചിട്ടുള്ളതു്.

പക്ഷേ, ഈയിടെ എ. ഡി. ഹരിശർമ്മ, വടക്കുംകൂറിൻ്റെ രാമപാണിവാദൻ എന്ന കൃതിയെ നിരൂപണം ചെയ്തുകൊണ്ടെഴുതിയ ഒരു ലേഖനത്തിൽ ഇങ്ങനെ പറഞ്ഞുകാണുന്നു: “ഉള്ളൂരിൻ്റെ വാചാപ്രസംഗം നടക്കുന്നതിനു പത്തുനാല്പതു കൊല്ലങ്ങൾക്കു മുമ്പുതന്നെ (1062-ൽ) രാമപാണിവാദനും കുഞ്ചൻനമ്പ്യാരും അഭിന്നരാണെന്നുള്ള അഭിപ്രായം കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ പ്രകടിപ്പിച്ചുകഴിഞ്ഞിരുന്നു.” പാണിവാദൻ്റെ ചന്ദ്രികാവീഥിയെ തമ്പുരാൻ തർജ്ജമ ചെയ്തിട്ടുള്ളതിൽ പ്രസ്താവനയിലെ ഒരു ഭാഗം ഇങ്ങനെയാണു്: “ഈ സഭയിൽ, കിള്ളിക്കുറിശ്ശിമംഗലത്തുകാരനായി കുഞ്ചൻ എന്നു പേരുള്ള രാമൻനമ്പ്യാരുണ്ടാക്കിയ ചന്ദ്രിക എന്ന വീഥിയെ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ ഭാഷപ്പെടുത്തിയിട്ടുള്ളതു് ആടുന്നതിനാഗ്രഹിക്കന്നു.” ഈ പ്രസ്താവനാംശം മേല്പറഞ്ഞ വാദത്തിനു് ഒരു തെളിവായി കണക്കാക്കാമെങ്കിലും രാമപാണിവാദനും കുഞ്ചൻനമ്പ്യാരും ഒരാൾ തന്നെയാണെന്നു സ്ഥാപിക്കുവാൻ കുഞ്ഞിക്കുട്ടൻതമ്പുരാൻ ശ്രമിച്ചിട്ടില്ല! അതിലേക്കു സാധകബാധകങ്ങളായ തെളിവുകൾ പ്രദർശിപ്പിച്ചു നമ്പ്യാരും രാമപാണിവാദനും ഒരാൾതന്നെയാണെന്നു സ്ഥാപിക്കുവാൻ ആദ്യമായി ഉദ്യമിച്ചിട്ടുള്ളതു് ഉള്ളൂർതന്നെയാണെന്നു് ഇവിടെ പ്രത്യേകം പറയേണ്ടതുണ്ടു്. അന്നു മഹാകവി ഉള്ളൂർ പ്രദർശിപ്പിച്ച യുക്തികൾ ഏറ്റവും സ്വീകാര്യമായി ഈ ഗ്രന്ഥകാരനും തോന്നിയിരുന്നു. അതനുസരിച്ചു് ഈ ഗ്രന്ഥകാരൻ പ്രസിദ്ധപ്പെടുത്തിയ ‘മഹാകവി കുഞ്ചൻ നമ്പ്യാർ’ എന്ന കൃതിയിൽ ആ വസ്തുത ആയിടയ്ക്കു് (1112-ൽ) അനുബന്ധമായി പ്രകാശിപ്പിക്കയുമുണ്ടായി. എന്നാൽ പിന്നീടുണ്ടായ ആലോചനയിൽ കുഞ്ചനും പാണിവാദനും രണ്ടും രണ്ടുപേരായിരിക്കാനാണു് കൂടുതൽ സാംഗത്യം ഉള്ളതെന്ന അഭിപ്രായമാണു് ഈ ഗ്രന്ഥകാരനുണ്ടായിട്ടുള്ളതു്. വടക്കംകൂറിൻ്റെ ഈ സംസ്കൃത സാഹിത്യ ചരിത്രത്തിൽ രാമപാണിവാദനും നമ്പ്യാരും രണ്ടും രണ്ടുപേരാണെന്നു സ്ഥാപിക്കുവാൻ അദ്ദേഹം സാധകബാധകങ്ങളായ യുക്തികൾ പ്രദർശിപ്പിച്ചിരിക്കുന്നതു കണ്ടപ്പോൾ അവർണ്ണനീയമായ സംതൃപ്തിയാണു് ഈ എഴുത്തുകാരനുണ്ടായതു്. അത്രമാത്രം യുക്തിയുക്തമായിട്ടുണ്ടു് പ്രസ്തുത ഭാഗം. പാണിവാദൻ്റെ പാണ്ഡിത്യം, സഹൃദയത്വം, കവിത്വം എന്നിവയെപ്പറ്റി കൂലങ്കഷമായി വടക്കംകൂർ ഇതിൽ ചർച്ച ചെയ്തിരിക്കുന്നു. പാണിവാദൻ്റെ കൃതികൾ വായിക്കാതെതന്നെ അദ്ദേഹത്തേയും അദ്ദേഹത്തിൻ്റെ കൃതികളേയുംപറ്റി ഏതാണ്ടു സാമാന്യത്തിലധികമായ ഒരറിവു നല്കുവാൻ ഈ ചരിത്രഭാഗം ഏറ്റവും ഉപകരിക്കുന്നതാണു്. കുഞ്ചൻനമ്പ്യാരുടെ നാമധേയം കൃഷ്ണനെന്നായിരുന്നുവെന്നും, ശിവപുരാണം, പഞ്ചതന്ത്രം, ശ്രീകൃഷ്ണചരിതം മണിപ്രവാളം തുടങ്ങിയ കൃതികൾ പാണിവാദൻ്റേതാണെന്നും ഉള്ള വടക്കുംകൂറിൻ്റെ അഭിപ്രായങ്ങൾ പുനഃപരിശോധന ചെയ്യേണ്ടവതന്നെയാണെന്നു തോന്നുന്നു.