ഗദ്യസാഹിത്യചരിത്രം. പത്തൊൻപതാമദ്ധ്യായം

ഭാഷാവിജ്‌ഞാനിയം (തുടർച്ച)

പ്രദക്ഷിണം: ഡോക്ടർ ചേലനാട്ട് അച്യുതമേനോൻ്റെ കൃതിയാണ് പ്രദക്ഷിണം. 1950-ൽ അദ്ദേഹം മദിരാശി സർവ്വകലാശാലയിൽ ചെയ്ത ഏതാനും പ്രസംഗങ്ങളുടെ സമാഹാരമാണ് 1953-ൽ പ്രസിദ്ധപ്പെടുത്തിയ പ്രസ്തുത കൃതി. ഭാഷാസാഹിത്യത്തിൻ്റെ ഉത്ഭവം മുതൽ കുഞ്ചൻനമ്പ്യാരുടെ കാലംവരെയുള്ള ഭാഗം ഒൻപതദ്ധ്യായങ്ങളിൽ ഒരോട്ടപ്രദക്ഷിണം നടത്തിയിരിക്കയാണിതിൽ. തോറ്റങ്ങളും നാടോടിപ്പാട്ടുകളും എന്ന രണ്ടാമദ്ധ്യായം കൂടുതൽ ഗവേഷണപരമാണ്.

കേരള ഭാഷാ സാഹിത്യ ചരിത്ര സംഗ്രഹം: ജി. രാമകൃഷ്ണപിള്ള എം. എ. 1952-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു ലഘുഗ്രന്ഥമാണിതു്. എട്ടദ്ധ്യായങ്ങളിലായി കേരള ഭാഷയേയും സാഹിത്യത്തേയും സംബന്ധിച്ച ചില വസ്തുതകൾ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഒന്നാമദ്ധ്യായത്തിൽ, കേരളഭാഷയെപ്പറ്റിയും രണ്ടിൽ സാഹിത്യത്തിൻ്റെ ഉൽപത്തി, വിഭാഗം മുതലായവയെപ്പറ്റിയുമാണു വിവരിക്കുന്നതു്. ശ്രീശങ്കരാചാര്യർ, പാട്ടുകൾ, നീലകണ്ഠകവി, പുത്രകാമേഷ്ടിപ്പാട്ട്, വീരകേരളവർമ്മ, ഗദ്യസാഹിത്യജനകൻ എന്നിങ്ങനെയാണു യഥാക്രമം മൂന്നു മുതല്ക്കുള്ള അദ്ധ്യായങ്ങളിലെ വിഷയങ്ങൾ.

കുഞ്ചൻ്റെശേഷം: കുഞ്ചൻനമ്പ്യാരുടെ കാലത്തിനുശേഷം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും വന്നിട്ടുള്ള പരിവർത്തനങ്ങളേയും ആ പരിവർത്തനങ്ങൾക്ക് ശ്രമിച്ച ചിലരേയും അവരുടെ കൃതികളേയും കുറിച്ചുള്ള നിരൂപണങ്ങൾ പതിനാറദ്ധ്യായങ്ങളിലായി കൊള്ളിച്ചു മാടശ്ശേരി മാധവവാര്യർ 1952-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു സാഹിത്യ ചരിത്രമാണു് മേല്പറഞ്ഞതു്. നിരൂപണരീതി പുരോഗമനപരമായതുകൊണ്ട് ശൈലികളിലും മറ്റും ഇന്നത്തെ പുരോഗമനക്കാരുടെ നിരങ്കശമായ സ്വാതന്ത്ര്യം അദ്ദേഹം നിർഭയം സ്വീകരിച്ചിട്ടുണ്ടു്. പൂർവ്വാപരവിരുദ്ധങ്ങളായ ആശയഗതികളും കുറവല്ല. എങ്കിലും വായിക്കുവാൻ രസമുള്ള ഒരു കൃതിയാണിതു്.