ഭാഷാവിജ്‌ഞാനിയം (തുടർച്ച)
കേരള സാഹിത്യ ചരിത്രം: കൊല്ലം 1086-ൽ വൈക്കത്തുവച്ചു കൂടിയ ഒടുവിലത്തെ ‘ഭാഷാപോഷിണി സഭയുടെ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ച കേരളവർമ്മ വലിയകോയിത്തമ്പുരാൻ, മലയാള ഭാഷാ സാഹിത്യത്തിൻ്റെ നിഷ്കൃഷ്ടമായ ഒരു ചരിത്രം എഴുതേണ്ട ഭാരം കൈയേല്ക്കണമെന്ന് മഹാകവി ഉള്ളൂർ പരമേശ്വരയ്യരെ നിർബ്ബന്ധിക്കുകയും, മഹാകവി ആ ഗുരുനിയോഗത്തെ ആദരപൂർവ്വം സ്വീകരിക്കുകയുമുണ്ടായി. എങ്കിലും ആ വിഷയത്തിൽ, ബഹുകാര്യപരതന്ത്രനായിരുന്ന അദ്ദേഹത്തിനു കൂടുതൽ സമയം ചെലവഴിക്കാൻ സാധിച്ചിരുന്നില്ല. 1090-ാമാണ്ടു് വൃശ്ചികമാസത്തിൽ വൈക്കം സന്മാർഗ്ഗ പോഷിണിസഭയുടെ വാർഷികത്തിൽ അദ്ധ്യക്ഷം വഹിച്ചതു മഹാകവിയായിരുന്നു.
തദവസരത്തിൽ സാഹിത്യ ചരിത്ര രചനയെപ്പറ്റി അദ്ദേഹം ഏതാണ്ടു് ഇങ്ങനെ ഊന്നിപ്പറയുകയുണ്ടായി: “ഞാൻ കേരള സാഹിത്യ ചരിത്രം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുണ്ടു്. അതിൻ്റെ ജോലി പൂർത്തിയാകുന്നതുവരെ പത്രക്കാരും മാസികക്കാരും ലേഖനങ്ങൾ ആവശ്യപ്പെട്ട് എന്നെ വിഷമിപ്പിക്കരുതു്. അങ്ങനെയായാൽ അതു കാലവിളംബംകൂടാതെ എഴുതിത്തീർക്കാൻ കഴിയും” എന്നിങ്ങനെയായിരുന്നു ആ പ്രസ്താവന. മേൽ പ്രസ്താവിച്ച പ്രകാരം 1086 മുതൽ ആരംഭിച്ച് 1099 മുതൽ നിരന്തരമായി എഴുതിപ്പോന്നിട്ടുള്ളതും, ഒടുവിൽ 1949-ൽ രോഗശയ്യയിൽ കിടന്നുകൊണ്ടു പൂർത്തിയാക്കിയിട്ടുള്ളതും ഏഴു വാള്യങ്ങളിലായി 7,000-ൽ പരം ഫുൾസ്കേപ് പേജുകളോടുകൂടിയതുമായ കൈയെഴുത്തു പ്രതിയായിരുന്നു മഹാകവിയുടെ കേരളസാഹിത്യചരിത്രം. പ്രസ്തുത കൃതിയുടെ പ്രസിദ്ധീകരണത്തിനു മുമ്പായി ആ മഹാപുരുഷൻ ദിവംഗതനായി. അതിനാൽ പ്രസ്തുത കൃതിയെസ്സംബന്ധിച്ചു് ആമുഖമായി അദ്ദേഹത്തിനു പറയേണ്ടതൊന്നും പ്രസ്താവിക്കാൻ കഴിയാതെ വരികയും ചെയ്തു. പിന്നീടു പ്രസ്തുത കൃതിയുടെ പ്രസിദ്ധീകരണഭാരം തിരുവിതാംകൂർ സർവ്വകലാശാല (ഇന്നത്തെ കേരളസർവ്വകലാശാല) ഏറ്റെടുക്കുകയും 1953 ജൂൺ, 1954 സെപ്തംബർ, 1955 ജൂൺ, 1957 ജനുവരി, 1957 ആഗസ്റ്റ് എന്നീ കാലങ്ങളിൽ കോഴിക്കോട്ടു മാതൃഭൂമി പ്രസ്സിൽ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയുമാണുണ്ടായതു്. അച്ചടിയുടെ സൗകര്യം പ്രമാണിച്ചു് 7 വാള്യങ്ങളെ 5 വാള്യങ്ങളായി അഥവാ പുസ്തകങ്ങളായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.
