ഭാഷാവിജ്‌ഞാനിയം (തുടർച്ച)
“ഫാദർ ജരാർദ്ദിൻ്റെ പുസ്തകം ഞാൻ വായിക്കുകയും സ്വല്പം നോട്ടു കുറിച്ചിടുകയും ചെയ്തിട്ടുണ്ട്. അതു പോരന്നു തോന്നുകയാലാണു്’ ഇപ്പോൾ പുസ്തകത്തിനായി അന്വേഷിക്കുന്നതു്. എൻ്റെ ആശ ഫലിക്കുമെന്നു കാണുന്നതിൽ കൃതാർത്ഥതയുണ്ടു്… ഞാൻ ഇക്കാര്യത്തിനു് ആദ്യം തന്നെ അങ്ങോട്ട് എഴുതേണ്ടതായിരുന്നു. ഇനിയും ഈമാതിരി ചില ആവശ്യങ്ങൾ നേരിടും: അപ്പോൾ നിങ്ങളെ മുറയ്ക്കു ബുദ്ധിമുട്ടിച്ചു കൊള്ളാം.”
“നിങ്ങൾ കുറിച്ചയച്ച ക്രിസ്തീയ സാഹിത്യകാരന്മാരുടെ പട്ടിക ശർമ്മാ എനിക്കു യഥാകാലം അയച്ചുതന്നിട്ടുണ്ടു്. ജീവൽ ഗ്രന്ഥകാരന്മാരെ തൽക്കാലം എൻ്റെ പുസ്തകത്തിൽ ഉൾപ്പെടുത്തണമെന്നു് ഉദ്ദേശിക്കുന്നില്ല. ഇപ്പോൾത്തന്നെ നാലായിരത്തിലധികം പേജ് എഴുതിക്കഴിഞ്ഞു. കൊല്ലം പതിനൊന്നാംശതകത്തിൻ്റെ പൂർവ്വാദ്ധത്തിൽ കിടന്നു നട്ടംതിരിയുകയാണു്. എങ്ങനെയെങ്കിലും സമാപിപ്പിച്ചാൽ കൊള്ളാമെന്നു്’ ആത്യാശയുണ്ട്’. ദൈവം അനുഗ്രഹിക്കുമെന്നു വിശ്വാസവുമുണ്ട്. സഹായിക്കുവാൻ ആളുകൾ വളരെ വളരെ വിരളമാണു്.” (15-12-45)
“കത്തു കിട്ടി, സന്തോഷമായി. സാഹിത്യ ചരിത്രം ഇഴഞ്ഞിഴഞ്ഞിങ്ങനെ പോകുന്നു. സമഗ്രമാക്കണമെന്നുള്ള മോഹം കലശലായുണ്ട്. സഹായിക്കാനാളുകളുമില്ല. അങ്ങനെ വിഷമിക്കയാണു്. എന്നെപ്പോലെ ഒരു ഭ്രാന്തൻ ആ പ്രദേശങ്ങളിൽ നിങ്ങളേയുള്ളൂ. അതുകൊണ്ടാണു് നിങ്ങളെ അലട്ടുന്നതു്. കഴിയുന്ന വേഗത്തിൽ മറുപടി അയക്കണേ!” (28-10-46). “പ്രിയ സുഹൃത്തെ, സ്നേഹപൂർവ്വം അയച്ച കത്തു കിട്ടി വളരെ സന്തോഷമായി……. പഥ്യവും ചികിത്സയുമായി കഴിഞ്ഞുകൂടുകയാണ് ‘. വാതം ശമിച്ചിട്ടില്ല; രക്തവാതമാണു്. അതു് എൻ്റെ ചിരന്തന സുഹൃത്തുമാണു്. എങ്കിലും സാഹിത്യചരിത്രം – അതുമാത്രം – കുറേശ്ശെ എഴുതുന്നുണ്ട്.”
“പറവൂരോ അതിൻ്റെ സമീപത്തെങ്ങാനുമോ കോട്ടപ്പടിക്കൽ, അഥവാ പേരകം എന്ന തിരുമുൽപ്പാടന്മാരുടെ ഒരു ഗൃഹം ഇപ്പോഴുണ്ടോ എന്നുകൂടി അന്വേഷിച്ചു് അറിയിച്ചുതരണേ!” (5-11-46). “കുറെക്കാലമായി നിങ്ങൾക്ക് ഒരു കത്തെഴുതീട്ടു്. ഇപ്പോൾ ചില വിവരങ്ങൾ അറിയേണ്ടതുകൊണ്ടു് ഈ കത്തെഴുതുകയാണു്. കഴിയുന്ന വേഗത്തിൽ, ഒരാഴ്ചയ്ക്കകമെങ്കിലും, മറുപടി അയച്ചുതന്നേ കഴിയൂ” ഇതിൻ്റെ മറുപടിക്കുശേഷം മഹാകവി എഴുതുകയാണു്: “18-ന് അയച്ച കത്തിൽ നിന്ന് അന്യഥാ അലഭ്യങ്ങളായിരുന്ന പല വിവരങ്ങളും കിട്ടീട്ടുണ്ടെന്ന് അറിയിച്ചുകൊള്ളട്ടെ.” ‘പരിഷ്കാരപ്പാതി’ എന്ന നോവൽ വായിച്ചിട്ടുണ്ടോ? അവിടെ ഉണ്ടെങ്കിൽ ഒന്നു നോക്കാൻ അയച്ചുതരാമോ? അതിൻ്റെ പ്രണേതാവിനെക്കുറിച്ചു കൂടി അറിയാവുന്ന വിവരങ്ങൾ എഴുതി അയച്ചുതരാനപേക്ഷ.” വേറൊന്നിൽ – “വി. കെ. ജോസഫ് മാപ്പിളയേയും, കഴിയുമെങ്കിൽ സി. ഡി. ഡേവിഡിൻ്റെ ജനനമരണകാലങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ തൽക്ഷണംതന്നെ വേണ്ടിയിരിക്കുന്നു.” ഇങ്ങനെപോകുന്നു ആ കത്തുകൾ.
