ഗദ്യസാഹിത്യചരിത്രം. പത്തൊൻപതാമദ്ധ്യായം

ഭാഷാവിജ്‌ഞാനിയം (തുടർച്ച)

തനിക്കു സംശയമുള്ള കാര്യങ്ങൾ ഏതു നിസ്സാരനോടും ചോദിച്ചറിയുന്നതിനും ശരിയെന്നു ധരിച്ചുവെച്ച ചിലതു പുനഃപരിശോധന ചെയ്യുന്നതിനും ദുരഭിമാനം കരുതാത്ത വിശാലഹൃദയനും സത്യാന്വേഷകനുമാണ് മഹാകവിയെന്നു കാണിക്കുവാൻ വേണ്ടിയാണ് ഇത്രയും ദീർഘിപ്പിച്ചത്. അദ്ദേഹത്തിൻ്റെ ചരിത്രനിമ്മാണസ്വഭാവവും ഒട്ടൊക്കെ മേൽപ്രസ്താവിച്ച ഭാഗങ്ങളിൽ നിന്നു വ്യക്തമാകുന്നുണ്ടല്ലോ. ഇമ്മാതിരി ക്ലേശങ്ങളൊന്നും അനുഭവിക്കാത്ത ഭാഗ്യവാന്മാരാണു് നമ്മുടെ ഇന്നത്തെ ഗവേഷകന്മാരിൽ നല്ലൊരുഭാഗവും എന്നുകൂടി നാം ഈയവസരത്തിൽ ഓർമ്മിക്കേണ്ടതുണ്ട്.

മഹാകവിയുടെ ഈ സാഹിത്യചരിത്രത്തിൽ വ്യക്തിവിദ്വേഷത്തിൻ്റെ നേരിയ ഒരു ലാഞ്ചനപോലും കണ്ടെത്തുവാൻ സാദ്ധ്യമല്ലെന്നുള്ളതു് ഇതിൻ്റെ മറ്റൊരു വൈശിഷ്ട്യമാണു്. തനിക്കു സമ്മതമല്ലാത്ത അഭിപ്രായങ്ങളെ അദ്ദേഹം എതിർക്കുമെന്നുള്ളതു ശരിതന്നെ. പക്ഷേ, അവയുടെ ഉടമസ്ഥനായ വ്യക്തിയോടു യാതൊരനാദരവും അദ്ദേഹം പ്രദർശിപ്പിച്ചുവന്നിരുന്നില്ല. അഭിപ്രായങ്ങളോടുള്ള എതിർപ്പുതന്നെയും, സംസ്കാരത്തിൻ്റെ ഭാഷയിൽനിന്നു വ്യതിചലിക്കുന്നതുമല്ല. സമുദായ ദുരഭിമാനം നിമിത്തം ഒരു സാഹിത്യചരിത്രകാരൻ ഒരു ക്ഷുദ്രകൃതിയെന്നു ഒറ്റ വാചകത്തിൽ അപഹസിച്ചുതള്ളിയ ചന്ദ്രോത്സവത്തെപ്പറ്റി ഉള്ളൂർ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം ശ്രദ്ധേയമാണു്. സാഹിത്യരസം അനുഭവിക്കാൻ കഴിവും താല്പര്യവുമുള്ളവർ അതിൽ ആനന്ദം കൊള്ളും. ഏതെങ്കിലും ഒരു പ്രത്യേക പ്രസ്ഥാനത്തിൻ്റേയോ സമുദായത്തിൻ്റേയോ വക്താവല്ല ഉള്ളൂർ. നമ്മുടെ പ്രാമാണികന്മാരായ ചരിത്രകാരന്മാർപോലും (ഗവേഷക പ്രവരന്മാരും) പ്രത്യേകം കണ്ടുപഠിക്കേണ്ട ഒരു മാതൃകയാണിതു്. ലീലാതിലകം കണ്ടുകിട്ടിയതിനോടുകൂടി മലയാളത്തിനു് ആദ്യമായി ഒരു വ്യാകരണം നിർമ്മിക്കുന്നതിനു് ഒരു യൂറോപ്യൻ പണ്ഡിതൻ വേണ്ടിവന്നുവെന്നുള്ള അപഖ്യാതിയും അഭിമാനക്കുറവും നീങ്ങിയതിൽ നാം സന്തുഷ്ടരാണെന്നു് ഉള്ളിലൂറിയ നിന്ദയുടെ നേരിയ ഒരു സ്ഫുരണത്തോടുകൂടി മഹാപണ്ഡിതന്മാരിൽ ചിലർ പ്രസ്താവിക്കുമ്പോൾ അസമഗ്രമായ ആ വ്യാകരണ ഗ്രന്ഥത്തെക്കുറിച്ച് സമഭാവനാദീക്ഷനായ ഉള്ളൂർ പ്രകാശിപ്പിച്ചിട്ടുള്ള അഭിപ്രായവും വിചാരശീലന്മാരായ വിദ്വജ്ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണു്.