ഗദ്യസാഹിത്യചരിത്രം. പത്തൊൻപതാമദ്ധ്യായം

ഭാഷാവിജ്‌ഞാനിയം (തുടർച്ച)

ഗ്രന്ഥനാമത്തിൻ്റെ ഔചിത്യം: മലയാള സാഹിത്യ ചരിത്രമെന്നല്ല, കേരള സാഹിത്യ ചരിത്രമെന്നാണു് മഹാകവി തൽഗ്രന്ഥത്തിനു നല്കിയിട്ടുള്ള നാമധേയം. മലയാള ഭാഷയ്ക്കു പുറമേ, തമിഴ്, സംസ്കൃതം എന്നീ ഭാഷകളിലും കേരളീയ കവികൾ കൃതികൾ ചമച്ചിട്ടുണ്ട്. ഇളംകോവടികൾ, ശങ്കരാചാര്യർ, മേല്പത്തൂർ മുതലായവർ അങ്ങനെയുള്ളരാണു്. അതിനാൽ അവരുടെ കൃതികളേയും ഇതിൽ ഉൾപ്പെടുത്തേണ്ടി വന്നിട്ടുണ്ട് വിശേഷിച്ചും, കേരളഭാഷയുടെ വളർച്ചയ്ക്കും പ്രൗഢതയ്ക്കും സാരമായ കൈത്തുണയേകിയ സംസ്കൃത സാഹിത്യത്തിൻ്റെ ചരിത്രം കേരളസാഹിത്യചരിത്രത്തിൽ അനുപേക്ഷണീയമാണു്. ഭാഷാസാഹിത്യ ചരിത്രത്തിൻ്റെ പൂർണ്ണതയ്ക്കും ആ അംശം കൂടിയേ കഴിയൂ. ഗവേഷണ ക്ലേശവിമുഖന്മാരായ മറ്റു ചരിത്രകാരന്മാരെല്ലാം സ്വകൃതികളിൽ ആ ഭാഗം വിട്ടുകളഞ്ഞിരിക്കയാണു്. അവിശ്രമപരിശ്രമിയും ഗവേഷണ വിചക്ഷണനും ഔചിത്യവേദിയുമായ ഉള്ളൂർ തൻ്റെ സാഹിത്യചരിത്രത്തിൽ കേരളത്തിലെ സംസ്കൃത സാഹിത്യ ചരിത്രത്തിനും ഉചിതമായ പ്രാധാന്യം നല്കിയിരിക്കുന്നു. അത്തരത്തിൽ വിരചിതമായ പ്രസ്തുത ഗ്രന്ഥ പരമ്പരയ്ക്ക് ‘കേരളസാഹിത്യചരിത്രം’ എന്നു പേരുനല്ലിയതു് സർവ്വഥാ ഉചിതമായിട്ടുണ്ട്.

ഓരോ വാല്യത്തിലേയും ഉള്ളടക്കം

ഒന്നാംവാല്യം: ഇതിൽ പത്തൊൻപതു് അദ്ധ്യായങ്ങൾ അടങ്ങിയിരിക്കുന്നു. ഭാഷയുടെ ഉൽപത്തി, ആദിമകാലം, ദ്രാവിഡഗോത്രം, ആര്യസംസ്ക്കാരം എന്നീ വിഷയങ്ങളെപ്പറ്റിയും ചെന്തമിഴ്‌ സാഹിത്യം, സംസ്കൃതസാഹിത്യം, മണിപ്രവാളകവിതകൾ, നാടോടിപ്പാട്ടുകൾ എന്നുതുടങ്ങി ഒട്ടുവളരെ പ്രാചീനകൃതികളെപ്പറ്റിയും, പ്രത്യേകിച്ചു ലീലാതിലകം എന്ന ഗ്രന്ഥത്തെപ്പറ്റിയും സനിഷ്ക്കർഷം ഒന്നാംവാല്യത്തിൽ ചർച്ച ചെയ്തിരിക്കുന്നു. ഭാഷയുടെ ഉൽപത്തിയെപ്പറ്റി വിചിന്തനം ചെയ്തിട്ടുള്ള മൂന്നാമദ്ധ്യായം അതീവ ശ്രദ്ധേയമാണു്. ഡെമ്മി എട്ടിലൊന്നു വലിപ്പത്തിൽ 450-ൽപരം പേജുകൾ ഒന്നാംവാല്യത്തിൽ അടങ്ങിയിരിക്കുന്നു.