ഭാഷാവിജ്‌ഞാനിയം (തുടർച്ച)
രണ്ടാം വാല്യം: കൈയെഴുത്തു പ്രതിയിലെ രണ്ടും മൂന്നും ഭാഗങ്ങളാണു് രണ്ടാം വാല്യമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. 20-ാമദ്ധ്യായം മുതൽ 26-ാമദ്ധ്യായംവരെ രണ്ടാം ഭാഗമായും, 27-ാമദ്ധ്യായംമുതൽ 32-ാ മദ്ധ്യായംവരെ മൂന്നാം ഭാഗമായും ഉൾപ്പെടുത്തിയിരിക്കുന്നു. മണിപ്രവാള സാഹിത്യം, ഭാഷാഗദ്യഗ്രന്ഥങ്ങൾ എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന 25-ഉം, 26-ഉം അദ്ധ്യായങ്ങൾ രണ്ടാം ഭാഗത്തിൽ പ്രാധാന്യമർഹിക്കുന്നതായിത്തോന്നുന്നു. മൂന്നാം ഭാഗം പ്രധാനമായും സംസ്കൃത സാഹിത്യ ചരിത്രത്തിൻ്റെ തുടർച്ചയാണു്. മുദ്രണാലയത്തെപ്പറ്റിയുള്ള പ്രസ്താവം അതിൻ്റെ ആരംഭത്തിൽ ഉൾക്കൊള്ളുന്നു. മുപ്പതാമദ്ധ്യായത്തിൽ തുഞ്ചത്തെഴുത്തച്ഛനെപ്പറ്റി ചെയ്തിട്ടുള്ള ചർച്ച ഏറ്റവും ശ്രദ്ധേയമാണു്. വിഷയവിവരം മുതലായവ കൂടാതെതന്നെ 680-ൽപരം പേജുകൾ ഈ വാല്യത്തിലുണ്ട്.
മൂന്നാം വാല്യം: നാലും അഞ്ചും ഭാഗങ്ങളാണു് മൂന്നാംവാല്യമായി പ്രസിദ്ധീകരിച്ചിട്ടുള്ളതു്. സംസ്കൃത സാഹിത്യം എന്ന 33-ാമദ്ധ്യായം മുതൽ ആരംഭിച്ചു ചില ഭാഷാജ്യോതിഷഗ്രന്ഥങ്ങൾവരെയുള്ള 36 അദ്ധ്യായങ്ങൾ നാലാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. അഞ്ചാം ഭാഗം, ഭാഷാസാഹിത്യം എന്ന 37-ാമദ്ധ്യായത്തോടുകൂടിയാണു് ആരംഭിക്കുന്നതു്. അതിലെ 38-ാമദ്ധ്യായം കുഞ്ചൻനമ്പ്യാരെപ്പറ്റിയുള്ള ഒരു സമഗ്രപഠനമാണു്. കുഞ്ചൻനമ്പ്യാരും രാമപാണിവാദനും ഒരാൾതന്നെയാണെന്ന മഹാകവിയുടെ വാദത്തെ സ്ഥാപിക്കുന്നതിനു് അനുകൂലമായ ഒട്ടുവളരെ തെളിവുകളും യുക്തികളും ആ ഭാഗത്തു മഹാകവി പ്രദർശിപ്പിച്ചിരിക്കുന്നു. 41-ാമദ്ധ്യായത്തിൽ പലവകപ്പാട്ടുകളും പൗലിനോസ് തോമാക്കത്തനാർ മുതലായവരുടെ കൃതികളുമാണു് ചർച്ചാവിഷയമായിട്ടുള്ളതു്. 665-ൽപരം പേജുകൾ ഈ വാല്യത്തിലുണ്ടു്.
നാലാം വാല്യം: ആറും ഏഴും ഭാഗങ്ങളാണു് നാലാം വാല്യത്തിൽ ഉൾപ്പെടുന്നതു്. 42 മുതൽ 47 വരെയുള്ള ആറദ്ധ്യായങ്ങൾ ആറാം ഭാഗത്തിലും, 45 മുതൽ 56 വരെയുള്ള ഒൻപതദ്ധ്യായങ്ങൾ ഏഴാം ഭാഗത്തിലും ഉൾപ്പെടുന്നു. സ്വാതിതിരുനാൾ, ആയില്യംതിരുനാൾ, വിശാഖംതിരുനാൾ എന്നീ മഹാരാജാക്കന്മാരുടെ കാലത്തുണ്ടായ സാഹിത്യസംരംഭങ്ങളും, ജോർജ്ജുമാത്തൻ, ഗുണ്ടർട്ട്, നെടുങ്ങാടി, പി. ഗോവിന്ദപ്പിള്ള തുടങ്ങിയവർ ചെയ്ത ഭാഷാസേവനങ്ങളുമാണു് ആറാം ഭാഗത്തിലെ മുഖ്യവിഷയങ്ങൾ. ഏഴാംഭാഗം. 48-ാമദ്ധ്യായംമുതൽ വെണ്മണിപ്രസ്ഥാനമാണു്. കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ സാഹിതീസപര്യയും അതോടനുബന്ധിച്ചു നിലകൊള്ളുന്നു. 50-ാമദ്ധ്യായത്തിൽ കേരളവർമ്മയുടെ ചരിത്രം ആരംഭിക്കുന്നു. തുടർന്നു കണ്ടത്തിൽ വറുഗീസുമാപ്പിള, ഏട്ടൻതമ്പുരാൻ, മന്നാടിയാർ മുതലായവരുടെ സാഹിത്യസേവനങ്ങളെയാണു് വിവരിക്കുന്നതു്. 56-ാമദ്ധ്യായത്തിൽ, ഉത്തരകേരളത്തിലെ ചില കവികളെപ്പറ്റി – വിശേഷിച്ചു കുട്ടമത്തുകവികളെപ്പാറ്റി – വിവരിക്കുന്നതോടുകൂടി ഈ വാല്യം അവസാനിക്കുന്നു. വിഷയവിവരം, സൂചിക മുതലായവ കൂടാതെ തന്നെ 750 പേജുകൾ ഈ വാല്യത്തിലുണ്ടു്.
