ഗദ്യസാഹിത്യചരിത്രം. പത്തൊൻപതാമദ്ധ്യായം

ഭാഷാവിജ്‌ഞാനിയം (തുടർച്ച)

അഞ്ചാം വാല്യം: ഇതു് ഏഴാംഭാഗത്തിൻ്റെ തുടർച്ചയാണെന്നു പറയാം. 57 മുതൽ 64 വരെയുള്ള എട്ടദ്ധ്യായങ്ങൾ ഈ വാല്യത്തിൽ അടങ്ങിയിരിക്കുന്നു. എ. ആർ. രാജരാജവർമ്മ, കെ. സി. കേശവപിള്ള എന്നീ രണ്ടുപേരുടെ സാഹിത്യ പരിശ്രമങ്ങളെപ്പറ്റിയാണു് 57-ാമദ്ധ്യായത്തിൽ പ്രതിപാദിക്കപ്പെടുന്നത്. വി. സി. ബാലകൃഷ്ണപ്പണിക്കർ, കുമാരനാശാൻ, ഇടപ്പള്ളി രാഘവൻപിള്ള, ചങ്ങമ്പുഴ എന്നിവരെപ്പറ്റി 60-ാമദ്ധ്യായത്തിൽ പ്രപഞ്ചനം ചെയ്യപ്പെടുന്നു. 61-ൽ പുന്നശ്ശേരി, ചട്ടമ്പിസ്വാമികൾ, നാണുഗുരുസ്വാമികൾ തുടങ്ങിയ വരെപ്പറ്റിയും 62-ൽ ചന്തുമേനോൻ, സി. വി. രാമൻപിള്ള, കൊച്ചി അപ്പൻ തമ്പുരാൻ മുതലായവരെപ്പറ്റിയും, 63-ൽ അമ്പാടി നാരായണപ്പൊതുവാൾ, സി. എസ്. ഗോപാലപ്പണിക്കർ, കുഞ്ഞിരാമമേനോൻ, നായനാർ, സഞ്ജയൻ, ഈ. വി. കൃഷ്ണപിള്ള എന്നിവരെപ്പറ്റിയുമാണു് വിചിന്തനം ചെയ്യുന്നതു്. 64-ാമദ്ധ്യായത്തിൽ മൂർക്കോത്തു കുമാരൻ, കെ. രാമകൃഷ്ണപിള്ള, തോമസ് പോൾ മുതലായവരെപ്പറ്റി പ്രസ്താവിക്കുന്നു. അതോടുകൂടി ഈ ഗ്രന്ഥപരമ്പരയും അവസാനിക്കുകയാണു്. വിഷയവിവരം കൂടാതെ 751 മുതൽ 1148 വരെ പേജുകൾ ഈ വാല്യത്തിലുണ്ട് . അഞ്ചു വാല്യങ്ങളിലുംകൂടെ ഒട്ടാകെ 3000-ൽപരം പേജുകൾ കാണുമെന്നു തോന്നുന്നു. ആധുനിക കാലത്തെസ്സംബന്ധിച്ചിടത്തോളം യശശ്ശരീരന്മാരായ കവികളേയും സാഹിത്യകാരന്മാരേയുംകുറിച്ചു മാത്രമേ ഇതിൽ പ്രതിപാദിക്കാൻ ശ്രമിച്ചിട്ടുള്ളൂ. ജീവൽസാഹിത്യകാരന്മാരെ ഒഴിച്ചു നിറത്തിയതു് മഹാകവിയുടെ ദീർഘദർശിത്വത്തെയാണ് വെളിപ്പെടുത്തുന്നതെന്നു ഈ ഗ്രന്ഥകാരൻ വിചാരിക്കുന്നു. ഏതാണ്ടു നാല്പതുവർഷത്തെ നിരന്തര പഠനങ്ങളുടേയും ഗവേഷണപരമായ പരിശ്രമങ്ങളുടേയും പരിണതഫലമായി ഉടലെടുത്ത ഈ മഹാഗ്രന്ഥം, ഭാരതീയ സാഹിത്യത്തിലെ മഹാത്ഭുത സൃഷ്ടികളെന്നു പറയപ്പെടേണ്ട മഹാഭാരതം, ബൃഹൽ കഥ മുതലായവയെപ്പോലെ മലയാളസാഹിത്യത്തിലെ മഹാത്ഭുതസൃഷ്ടിയും അനർഘനിക്ഷേപവും ഉള്ളൂർ മഹാകവിയുടെ ശാശ്വതസ്മാരകവുമായി പരിലസിക്കുമെന്നുള്ളതിൽ രണ്ടുപക്ഷമില്ല.

ആധുനീക മലയാള സാഹിത്യം: നല്ലൊരു ഗദ്യകൃത്തും ഗവേഷകനുമായ പി. കെ. പരമേശ്വരൻനായർ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു സാഹിത്യചരിത്രമാണ് ആധുനിക മലയാള സാഹിത്യം. 1954-ൽ പുറപ്പെടുവിച്ചിട്ടുള്ള പ്രസ്തുത കൃതിയുടെ ഒന്നാം വാല്യത്തിൽ, എഴുത്തച്ഛൻ്റെകാലം മുതൽ കേരളവർമ്മയുടെ കാലംവരെയുള്ള മലയാളസാഹിത്യത്തിന്റെ ചരിത്രപരമായ ഒരവലോകനം 16 അദ്ധ്യായങ്ങളിൽ അദ്ദേഹം നിർവ്വഹി ച്ചരിക്കുന്നു. പഴയ ചരിത്ര നിർമ്മാണ രീതിയിൽനിന്നു തുലോം വ്യത്യസ്തമായ ഒരു രീതിയിലാണു് പരമേശ്വരൻനായർ ഇതിൻ്റെ രചന നിർവ്വഹിച്ചിട്ടുള്ളതെന്നു പറയാം. ഗ്രന്ഥകാരന്മാരുടെ ജീവിതകാലം, കൃതികൾ എന്നു തുടങ്ങിയവയെപ്പറ്റിയുള്ള പട്ടിക നിരത്തിവെക്കുകയല്ല, ആധുനിക ഭാഷാ സാഹിത്യത്തിൻ്റെ വളർച്ചയുടെയും തളർച്ചയുടെയും ചരിത്രം പ്രതിപാദിക്കുകയാണു് ഇതിൽ ചെയ്തിട്ടുള്ളത് . അതോടൊപ്പം, അതാതു കാലഘട്ടത്തിലെ ഗ്രന്ഥകാരന്മാരേയും കൃതികളേയുംപറ്റി പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. സാഗ്രമായ ഒരു ചരിത്രം എന്നു പറയുവാൻ നിവൃത്തിയില്ലെങ്കിലും മലയാള സാഹിത്യത്തിൻ്റെ ഗതിവിഗതികളെ സാമാന്യമായി പ്രദർശിപ്പിക്കുന്ന ഒരു സാഹിത്യ ചരിത്ര നിരൂപണമെന്ന നിലയിൽ പ്രസ്തുത കൃതി പ്രശംസാർഹമാണു്.