ഗദ്യസാഹിത്യചരിത്രം. പത്തൊൻപതാമദ്ധ്യായം

ഭാഷാവിജ്‌ഞാനിയം (തുടർച്ച)

ഭാഷാഗദ്യസാഹിത്യചരിത്രം: നിർമ്മാണകാലക്രമം അനുസരിച്ച് അടുത്തതായി പ്രസ്താവിക്കേണ്ടതു് ഈ ഗ്രന്ഥകാരൻ്റെ ഭാഷാഗദ്യ സാഹിത്യചരിത്രഗ്രന്ഥമാണു്. ഒന്നാംപതിപ്പു് 1955-ലാണു് പുറപ്പെട്ടതു്. അതിൻ്റെ പരിഷ്കരിച്ച പതിപ്പു പ്രസാധനം ചെയ്യുന്ന ഈയവസരത്തിൽ ഈ ഗ്രന്ഥത്തിൽ അതിനെപ്പറ്റി എന്തെങ്കിലും പ്രത്യേകമായി കുറിക്കുന്നതു് അനുചിതമായിരിക്കും. കൈയിൽ പുണ്ണിനു കണ്ണാടി ആവശ്യമില്ലല്ലൊ.

ആധുനിക മലയാള സാഹിത്യം: ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടിനായർ 1957-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു കൃതിയാണു’ ‘ആധുനിക മലയാള സാഹിത്യം.’ ആധുനിക സാഹിത്യത്തെപ്പറ്റിയുള്ള ഒരു വിഹഗാവലോകനമാണിതെന്നു പറയാം. മലയാള സാഹിത്യം, ആധുനികസാഹിതീയ പ്രസ്ഥാനങ്ങൾ, ശുദ്ധകേരളത്തിൻ്റെ ആത്മാവു്, മണിപ്രവാളസാഹിത്യം. ഗദ്യകവിത ഇങ്ങനെയുള്ള പതിനേഴ് പ്രബന്ധങ്ങൾ ഇതിൽ ഉള്ളടക്കിയിരിക്കുന്നു. മലയാള സാഹിത്യം എന്ന ആദ്യത്തെ പ്രബന്ധത്തിൽ, മനശ്ശാസ്ത്രപരവും സാമൂഹ്യവുമായ പശ്ചാത്തലത്തിൽ മലയാളസാഹിത്യത്തിൻ്റെ ഇന്നേവരെയുള്ള പുരോഗതിയെ വിമർശിച്ചിരിക്കയാണു്. മറ്റു പ്രബന്ധങ്ങളുടേയും സ്വഭാവം ഏതാണ്ടിതുപോലെതന്നെ. ആധുനിക മലയാള സാഹിത്യത്തെപ്പറ്റി സാമാന്യമായ ഒരു സ്വരൂപജ്ഞാനം നേടുവാൻ പ്രസ്തുത കൃതി എല്ലാവിധത്തിലും ഉപകരിക്കുന്നതാണു്.

ഭാരതീയ സാഹിത്യം: നമ്മുടെ ഭരണഘടന അംഗീകരിച്ചിട്ടുള്ള പതിനാലു ഭാഷകളുടെ ചരിത്രം സംക്ഷേപിച്ചെഴുതിയിട്ടുള്ള 14 ഉപന്യാസങ്ങളുടെ സമാഹാരമാണു് എ. പി. പി. നമ്പൂതിരിയുടെ ‘ഭാരതീയ സാഹിത്യം.’ എൻസൈക്ലോപീഡിയ ഓഫ് ലിറ്ററേച്ചർ’ എന്ന ബൃഹദ് ഗ്രന്ഥത്തേയും പി. ഇ. എൻ. ഗ്രന്ഥങ്ങളിൽ പലതിനേയും പശ്ചാത്തലമാക്കിയിട്ടുണ്ടെങ്കിലും, സ്വതന്ത്രമായിത്തന്നെയാണു് ഈ ഗ്രന്ഥം തയാറാക്കിയിട്ടുള്ളതു്. ആസാമിയാ മുതൽ മലയാളംവരെയുള്ള 14 ഭാഷകളിൽ, തനിക്കേറ്റവും പ്രിയപ്പെട്ടതും പരിചയപ്പെട്ടതുമായ സംസ്കൃത മലയാള ഭാഷകൾക്കു് ഗ്രന്ഥകാരൻ ഇതിൽ പ്രാധാന്യം കല്പിച്ചു കാണുന്നു. ആ രണ്ടു ഭാഷകളുടെ ചരിത്രം വിവരിക്കുമ്പോൾ അതു മറ്റു പ്രബന്ധങ്ങളെക്കാൾ ദീർഘമായിത്തീർന്നിട്ടുള്ള തുതന്നെയാണു് അതിനൊരു തെളിവു് സംസ്കൃതം ഒഴികെയുള്ള മറ്റു പതിമൂന്നു ഭാഷകളുടെയും വളർച്ച ഏതാണ്ട് സമാന്തര രേഖകളിലൂടെയാണെന്നു പറയാം. അതിനാൽ അവയുടെ ചരിത്രങ്ങൾക്കു തമ്മിലും ഏതാണ്ടൊരു സാമ്യം കാണാവുന്നതാണു്. അന്യഭാഷാ സാഹിത്യകാരന്മാരുമായി നടത്തിയ അഭിമുഖ സംഭാഷണങ്ങൾ ഇതിൽ അനുബന്ധമായി ചേർത്തിരിക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയിലെ പ്രാദേശിക ഭാഷകൾ ഓരോന്നും അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കയാണു്. ആ പുരോഗതിയുടേയും വികാസത്തിൻ്റേയും ആകെത്തുകയാണു് ഈ കൃതി എന്നു പറയുന്നതിൽ അധികം തെറ്റില്ല. ഭിന്നങ്ങളായിരുന്നാലും, മാലയിൽ നൂലുപോലെ അവയിൽക്കൂടി പായുന്ന ഭാരതീയൈക്യത്തെ ദൃഢപ്പെടുത്താൻ ഇത്തരം പ്രസിദ്ധീകരണങ്ങൾ പ്രയോജനപ്രദങ്ങളാണു്. 1957-ലാണു് എ. പി. പി. ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുള്ളതു്.