ഭാഷാവിജ്‌ഞാനിയം (തുടർച്ച)
മലയാള സാഹിത്യ ചരിത്രം: പി. കെ. പരമേശ്വരൻനായരുടെ അധുനിക മലയാള സാഹിത്യം എന്ന കൃതിയെപ്പറ്റി ഇതിനുമുമ്പു പ്രസ്താവിച്ചുവല്ലൊ. പ്രസ്തുത കൃതിക്കുശേഷം 1958-ൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണു് മലയാള സാഹിത്യ ചരിത്രം. ഭാരതീയഭാഷകളുടെ സംക്ഷിപ്ത സാഹിത്യചരിത്രങ്ങൾ പ്രസിദ്ധീകരിക്കണമെന്നുള്ള കേന്ദ്രസാഹിത്യ അക്കാദമിയുടെ പദ്ധതിയനുസരിച്ചു് പരമേശ്വരൻനായർ എഴുതിയിട്ടുള്ളതും, അക്കാദമിയിൽനിന്നു പ്രസിദ്ധീകരിച്ചിട്ടുള്ളതുമാണു് പ്രസ്തുത സാഹിത്യ ചരിത്രം എന്നുകൂടി പറയേണ്ടതുണ്ട്. അതിവിപുലമായ ഭാഷാസാഹിത്യത്തിൻ്റെ പ്രാചീനഘട്ടം മുതൽ അധുനികഘട്ടംവരെയുള്ള വളർച്ചയുടെ വിവിധവശങ്ങളെ 18 അദ്ധ്യായങ്ങളിലും, 300-ൽ താഴെ പേജുകളിലുമായി അടുക്കി ഒതുക്കുവാൻ ഗ്രന്ഥകാരൻ ശ്രമിച്ചിരിക്കുന്നു. മലയാള സാഹിത്യത്തിൻ്റെ കാലഘട്ടങ്ങളെ പ്രാചീനം, നവീനം, അധുനാതനം എന്നിങ്ങനെ വിഭജിച്ചുകൊണ്ടാണ് ആ കൃത്യം നിവ്വഹിച്ചിട്ടുള്ളത്. പത്താം ശതകം മുതൽക്കേ മലയാളസാഹിത്യം ഉണ്ടായിട്ടുള്ളൂ എന്ന സങ്കല്പത്തിൽ, അതിൻ്റെ പശ്ചാത്തലത്തിൽ, ഉറപ്പിച്ചുകൊണ്ടാണു് ഈ സാഹിത്യ ചരിത്രസൗധത്തിൻ്റെ നിർമ്മിതി എന്ന വസ്തുതയും ഇവിടെ പ്രസ്താവാർഹമാണു്.
മലയാള ഭാഷയുടെ ഉത്ഭവം ആദ്യകാല സാഹിത്യത്തിൻ്റെ സ്വഭാവം, സ്വരൂപം എന്നിവയെ വിവരിച്ചതിനുശേഷം പ്രാചിന മണിപ്രവാളത്തേയും പ്രാചീന ഗാന സാഹിത്യത്തേയും വിലയിരുത്തുകയാണു് പ്രാചീനഘട്ടത്തെ സംബന്ധിച്ച അദ്ധ്യായങ്ങളിൽ. കണ്ണശ്ശകൃതികൾ, നാടൻപാട്ടുകൾ, സംഘക്കളിപ്പാട്ടുകൾ, വടക്കൻപാട്ടുകൾ. കൃഷ്ണപ്പാട്ട്, ചമ്പുക്കൾ, സന്ദേശകാവ്യങ്ങൾ, ചന്ദ്രോത്സവം തുടങ്ങിയ കൃതികളാണ് ഇവിടെ പരാമർശിക്കപ്പെട്ടിട്ടുള്ളതു്. നവീനദശയുടെ വിധാതാവെന്നനിലയിൽ എഴുത്തച്ഛനുള്ള സ്ഥാനം നിർണ്ണയിക്കുകയാണു് ആറാമദ്ധ്യായത്തിൽ. കൈരളിക്ക് ആംഗലഭാഷാസമ്പർക്കം ഉണ്ടാകുന്നതോടുകൂടിയാണ് അധുനാധനഘട്ടം ആരംഭിക്കുന്നതു്. ഗദ്യപദ്യപ്രസ്ഥാനങ്ങളിൽ അതുമുതൽക്കുണ്ടായ നവോത്ഥാനത്തിൻ്റെ ചരിത്രം ഭംഗിയായി പല അദ്ധ്യായങ്ങളിൽ പ്രപഞ്ചനം ചെയ്തിരിക്കുന്നു. കവിസമാജം തുടങ്ങിയ സാംസ്ക്കാരിക സ്ഥാപനങ്ങളെപ്പറ്റിയും ചരിത്രകാരൻ വിവരിക്കുന്നുണ്ട്. പൂർണ്ണതയും അനവദ്യതയും ഇത്തരം കൃതികൾക്കു കല്പിക്കാൻ തരമില്ലല്ലൊ. എന്നുവരികിലും മലയാള സാഹിത്യത്തിൻ്റെ അതിപ്രാചീന കാലം മുതൽ അധുനാതനഘട്ടംവരെയുള്ള ചരിത്രം ആധുനിക നിലപാടിൽനിന്നുകൊണ്ടു വീക്ഷിക്കുവാനും വിമർശിക്കുവാനും പരമേശ്വരൻനായർക്കു കഴിഞ്ഞിട്ടുണ്ടു്. അതിൽ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.
