ഭാഷാവിജ്‌ഞാനിയം (തുടർച്ച)
സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ: ആകൃതിയിലും പ്രകൃതിയിലും കമനീയവും കനപ്പെട്ടതുമായ ഒരു ഉൽകൃഷ്ടകൃതിയാണു് ഡോ. കെ. എം. ജോർജ്ജ് എഡിററുചെയ്തിട്ടുള്ള പ്രസ്തുത സാഹിത്യചരിത്രം. മഹാകവി ഉള്ളൂരിൻ്റെ സാഹിത്യചരിത്രത്തിനുശേഷം ഉണ്ടായിട്ടുള്ള ഏററവും പ്രയോജനപ്രദമായ ഒരു സാഹിത്യചരിത്രവും ഇതുതന്നെ. മലയാളഭാഷ, ഭാഷയും സാഹിത്യവും, ശുദ്ധമലയാളശാഖ, തമിഴ് മിശ്രസാഹിത്യം, സംസ്കൃത മിശ്രശാഖ, ഗാഥ, കിളിപ്പാട്ട്, ഭാഷാചമ്പു, ആട്ടക്കഥ, തുള്ളൽ, ഭാഷാഗദ്യം, വിട്ടുപോയ കണ്ണികൾ എന്നിങ്ങനെ ഗ്രന്ഥത്തെ പന്ത്രണ്ടു ഖണ്ഡങ്ങളായി വിഭജിച്ചുകൊണ്ടാണ് പ്രതിപാദനം. ഡോ. കെ. എം. ജോർജ്ജ്, ജി. ശങ്കരപ്പിള്ള, ഇളംകുളം, ഡി. പത്മനാഭനുണ്ണി, കെ. എൻ. എഴുത്തച്ഛൻ, വടക്കുംകൂർ, എസ്. കെ. നായർ, ഏ. ഡി. ഹരിശർമ്മ, സി. എൽ. ആൻ്റണി, എസ്. ഗുപ്തൻ നായർ എന്നിവരാണു് യഥാക്രമം ഇതിലെ എഴുത്തുകാർ. മലയാളത്തിൽ പണ്ഡിതന്മാർ ഇങ്ങനെ സംഘംചേർന്നു് ഒരു സാഹിത്യചരിത്രം നിർമ്മിക്കുക ഇതാദ്യമായിട്ടാണു്. ഓരോ വിഷയവും കൈകാര്യം ചെയ്തിട്ടുള്ള തു് അതതിന്നു അർഹതയുള്ളവർതന്നെ.
ആരംഭചരിത്രം മുതൽ അധുനാതനഘട്ടംവരെയുള്ള സാഹിത്യചരിത്രം രണ്ടു വാള്യങ്ങളായി വിഭജിച്ചു് പ്രസ്ഥാനരൂപത്തിൽ എഴുതുവാനാണു് സങ്കല്പിച്ചിട്ടുള്ളതെന്നു കാണുന്നു. ഈ ഒന്നാം വാള്യത്തിൽ, മലയാളഭാഷയുടെ ഉൽപത്തിമുതൽ ആധുനിക ഗദ്യത്തിൻ്റെ ഉൽപത്തിവരെ – അഥവാ കേരളവർമ്മയുടെ കാലംവരെ – യുള്ള സാഹിത്യചരിത്രം ഉള്ളടക്കിയിരിക്കുന്നു. സാഹിത്യത്തിലെ വിവിധ പ്രസ്ഥാനങ്ങളോടു കൂടിയ രണ്ടാംവാള്യം, പുറപ്പെടുവാൻ പോകുന്നതേയുള്ളൂ. “ഒരു ഡസൻ സാഹിത്യചരിത്രപുസ്തകങ്ങളിലും അനേകം ഗവേഷണ ഗ്രന്ഥങ്ങളിലും നിരവധി ‘മുഖവുര’കളിലും എണ്ണമില്ലാത്ത ലേഖനങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും മറിഞ്ഞും കിടക്കുന്ന സാഹിത്യചരിത്രത്തിൻ്റെ ശുഷ്ക്കാസ്ഥികളെ തിരഞ്ഞുപിടിച്ച്, കൂട്ടിച്ചേർത്തു രൂപപ്പെടുത്തി, മാംസളമാക്കി, ജീവൻകൊടുത്തു് അതിമനോഹരമായി പുറത്തിറക്കിയ ഒന്നാണു് ഈ സാഹിത്യചരിത്രം. വസ്തുതകളും വീക്ഷണവും യുക്തിയും അനുമാനവും സമഗ്രതയും ഏകാഗ്രതയും മർഷണവും വിമർശനവും വിജ്ഞാനവും വിനോദവും എല്ലാം ഇതിൽ ഭംഗിയായി സംയോജിപ്പിച്ചുകൊണ്ടുപോകാൻ ജനറൽ എഡിറ്റർക്കു സാധിച്ചിട്ടുണ്ടു്.” ഇത്തരം ഒരു സാഹിത്യ ചരിത്രത്തിൻ്റെ നിർമ്മിതിക്കു സൂത്രധാരത്വം വഹിച്ച കോട്ടയം സാഹിത്യപ്രവത്തക സഹകരണസംഘത്തെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാകുന്നതല്ല. അടുത്ത വാള്യവും അചിരേണ പ്രകാശിപ്പിക്കുവാൻ സഹകരണസംഘപ്രവർത്തകരോട് ഈയവസരത്തിൽ അഭ്യർത്ഥിച്ചുകൊള്ളട്ടെ.
