ഗദ്യസാഹിത്യചരിത്രം. പത്തൊൻപതാമദ്ധ്യായം

ഭാഷാവിജ്‌ഞാനിയം (തുടർച്ച)

കൈരളിയുടെ കഥ: പ്രശസ്ത നാടകകൃത്തായ എൻ. കൃഷ്ണപിള്ള എം. എ., 1958-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു സാഹിത്യചരിത്രമാണു ‘കൈരളിയുടെ കഥ.” മലയാളസാഹിത്യത്തിൽ ഓരോ കാലങ്ങളിലായി സംഭവിച്ചിട്ടുള്ള പരിവർത്തനങ്ങളെ മുഖ്യമായി പ്രകാശിപ്പിക്കയാണ് ഇതിൽ ചെയ്തിട്ടുള്ളതു്. ഭാഷോത്ഭവം, മലയാളഭാഷയുടെ ഉൽപത്തി എന്നു തുടങ്ങിയ കാര്യങ്ങൾ ആരംഭത്തിൽ വിവരിച്ചശേഷം, മണിപ്രവാള കൃതികൾ, പലതരം പാട്ടുകൾ, ആട്ടക്കഥാസാഹിത്യം എന്നിവയെ വഴിക്കുവഴിയെ ഇതിൽ വിവരിക്കുകയും, വിമർശിക്കുകയും ചെയ്തിരിക്കുന്നു. കൗടലീയം തുടങ്ങിയ പ്രാചീന ഗദ്യകൃതികളെപ്പറ്റി സാന്ദർഭികമായി സ്പർശിക്കുകയും ചെയ്തിട്ടുണ്ട്. ആംഗ്ലേയ വിദ്യാഭ്യാസം കേരളീയർക്കു സിദ്ധിച്ചതുമുതൽ വിവിധ പ്രസ്ഥാനങ്ങളിൽക്കൂടി ഗദ്യപദ്യങ്ങൾ പുരോഗമനോന്മുഖമായി വളർന്നുകൊണ്ടിരിക്കുന്നതിൻ്റെ ചിത്രമാണ് തുടർന്നു രേഖപ്പെടുത്തിയിട്ടുള്ളതു്. ഭാഷയുടെയും സാഹിത്യത്തിൻ്റെയും സത്വരമായ അഭിവൃദ്ധിക്കു ഹസ്താവലംബങ്ങളായിത്തീർന്ന പത്രമാസികകൾ, സാംസ്‌കാരിക സംഘടനകൾ മുതലായവയെക്കുറിച്ചും ഇതിൽ പരാമർശിക്കാതിരിക്കുന്നില്ല. ചുരുക്കത്തിൽ, കൈരളിയുടെ വളർച്ചയുടേയും തളർച്ചയുടേയും ഒരു സിംഹാവലോകനമാണു് ഈ കൃതിയെന്നു പറയാം. വിഷയവിവരം ഗ്രന്ഥത്തിൽ ചേർത്തിട്ടില്ലാത്തതു വായനക്കാർക്കു ക്ലേശകരമായിത്തീർന്നിട്ടുണ്ട്.

സാഹിത്യചരിത്രം ഭാഷാപ്രസ്ഥാനങ്ങളിലൂടെ : ജെ. സി. പാലക്കി എം. എം. 1958-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സാഹിത്യചരിത്രമാണിതു്. ഭാഷാസാഹിത്യവും കേരളജനമണ്ഡലത്തിൻ്റെ ദശാപരിണാമങ്ങളും എന്നു തുടങ്ങി ആറദ്ധ്യായങ്ങളിലായി പ്രസ്തുത വിഷയം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഭാഷയിലെ ഗാനസാഹിത്യം എന്ന ആറാമദ്ധ്യായത്തിൽ, വിനോദഗാനങ്ങൾ, മതപരമായ പാട്ടുകൾ, എന്നുതൊട്ടു കഥകളി പ്രസ്ഥാനംവരെയുള്ള ഓരോവിധ ഗാനങ്ങളാണു് വിവരിക്കുന്നതു്. വിവിധ സാഹിത്യപ്രസ്ഥാനങ്ങളെപ്പറ്റിയും, അവയുടെ വികാസപരിണാമങ്ങളെപ്പറ്റിയും വളരെ സംക്ഷിപ്തമായി പാലക്കി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ടു്.