ഭാഷാവിജ്‌ഞാനിയം (തുടർച്ച)
മലയാള സാഹിത്യം: ദക്ഷിണഭാഷാഗ്രന്ഥമണ്ഡലത്തിൻ്റെ നിർദ്ദേശമനുസരിച്ച് പണ്ഡിതവരേണ്യനായ എ. ഡി. ഹരിശർമ്മ 1959-ൽ എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള നാതിവിസ്തരമായ ഒരു സാഹിത്യചരിത്രമാണു് ‘മലയാളസാഹിത്യം’ പ്രതിപാദ്യമായ വിഷയത്തെ 23 അദ്ധ്യായങ്ങളായി തരംതിരിച്ചു ക്രമപ്പെടുത്തി, ഓരോന്നും മുറയ്ക്കു വിവരിച്ചിരിക്കയാണിതിൽ. വിപുലമായ ഒരു സാഹിത്യത്തിൻ്റെ ചരിത്രം 212 പേജുകളിൽ ഒതുക്കുക, അത്ര സുകകരമോ ക്ഷിപ്രസാദ്ധ്യമോ ആയ ഒരു കൃത്യമല്ലല്ലോ. എന്നാൽ ഹരിശർമ്മയുടെ വിചക്ഷണമായ തൂലിക ആ കൃത്യം അനായാസമായും ഭംഗിയായും ഇവിടെ നിർവ്വഹിച്ചിരിക്കുന്നു. സാധാരണക്കാർക്കു മലയാളസാഹിത്യത്തിൻ്റെ തുടക്കംമുതൽ ഇന്നുവരെയുള്ള ഒരു ചരിത്രം. ഏതാണ്ടു സമഗ്രമായിത്തന്നെ ഈ ലഘുഗ്രന്ഥത്തിൽനിന്നു ഗ്രഹിക്കുവാൻ കഴിയും. കൃതികളെപ്പറ്റി പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങളിൽ ഒരുപക്ഷേ, പക്ഷാന്തരങ്ങളുണ്ടായേക്കാം. ഭിന്നരുചിയായിട്ടുള്ള ലോകത്തിൽ അതുണ്ടാകേണ്ടതുമാണു്. എന്നാൽ മറ്റു കാര്യങ്ങളിൽ പലതിലും അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ള വസ്തുതകൾ ശങ്കാഹീനം നമുക്കു വിശ്വസിക്കാവുന്നതാണു്. ഒട്ടുവളരെ സൂക്ഷ്മവിവരങ്ങൾ ശേഖരിച്ചശേഷം പുറപ്പെടുവിച്ചിട്ടുള്ളതിനാലാണു് അവ അവികലങ്ങളും അപ്രമാദങ്ങളുമായിത്തീർന്നിട്ടുള്ളതെന്നുകൂടി പറയേണ്ടതുണ്ട്.
സാഹിത്യചരിത്രസംഗ്രഹം : രണ്ടുമൂന്നു വർഷങ്ങൾക്കു മുമ്പു് നവയുഗം, ജയഭാരതം, മാതൃഭൂമി എന്നിവയിൽ പ്രസിദ്ധീകരിച്ചിരുന്ന ആറേഴു ലേഖനങ്ങളുടെ പുസ്തകരൂപത്തിലുള്ള പ്രകാശനമാണു് ഇളംകുളത്തിൻ്റെ പ്രസ്തുത കൃതി. കൈരളിയുടെ ജനനം, പ്രാചീനമണിപ്രവാളം, ഭാഷയിലെ തമിഴ്‌കാവ്യങ്ങൾ, കവിത പതിനഞ്ചാം ശതകത്തിൽ, മദ്ധ്യകാലചമ്പുക്കൾ, ഭക്തിപ്രസ്ഥാനത്തിൻ്റെ പശ്ചാത്തലം, ചമ്പുക്കളിലെ സാമൂഹ്യപരാമർശം ഇവയാണു് അതിലെ ഉള്ളടക്കം. സംസ്കൃതത്തിൻ്റെയും തമിഴിൻ്റെയും സാമീപ്യസമ്പർക്കത്തിലൂടെ വളർന്നുവന്ന കൈരളി, ഒരു സ്വതന്ത്രഭാഷയായിത്തീർന്നതെങ്ങനെയെന്നു വിവരിക്കുകയാണു് പ്രധാനമായും ആദ്യത്തെ ഏതാനും ലേഖനങ്ങളിൽ ചെയ്തിട്ടുളളതു്. സാഹിത്യചരിത്രത്തിൻ്റെ ചില സ്‌ഫുലിംഗങ്ങൾ ഇതിൽ ഉണ്ടന്നല്ലാതെ സാഹിത്യചരിത്രം എന്നു പറയത്തക്കവണ്ണം തുടർച്ചയായ ഒരു പ്രതിപാദനം ഈ കൃതിയിൽ കാണുന്നില്ല.
