ഭാഷാവിജ്‌ഞാനിയം (തുടർച്ച)
ഒന്നാം പതിപ്പിൽ 168 പേജുകളും, 14 അദ്ധ്യായങ്ങളും അടങ്ങിയിരിക്കുന്നു. ഒന്നാമദ്ധ്യായത്തിൽ ‘മലയാള ഭാഷയുടെ ഉത്ഭവവും കൊല്ലവർഷം ആരംഭംവരെ അതിൻ്റെ സ്ഥിതിയു’മാണു് വിവരിക്കുന്നതു്. മലയാളം പ്രത്യേകം ഒരു ഭാഷയായിത്തീർന്നതുമുതൽക്കുള്ള കാര്യങ്ങൾ തുടർന്നു മറ്റദ്ധ്യായങ്ങളിൽ കുറിച്ചിരിക്കുന്നു. മിഷ്യൻ സഭക്കാരുണ്ടാക്കിയിട്ടുള്ള ഗ്രന്ഥങ്ങൾ, മലയാളപ്പത്രികകൾ എന്നിവയുടെ പ്രസ്താവനയോടുകൂടിയാണു് ഗ്രന്ഥം അവസാനിക്കുന്നതു്. പ്രസ്തുത കൃതി ഗ്രന്ഥകർത്താവുതന്നെ പരിഷ്ക്കരിച്ച് രണ്ടുവാള്യമാക്കിത്തീർക്കുകയും 1064-ലും 1065-ലുമായി ഓരോ വാള്യവും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഒന്നാം വാള്യത്തിൽ ആദ്യത്തെ 10 അദ്ധ്യായങ്ങളും, രണ്ടാം വാള്യത്തിൽ 11 മുതൽ 16 വരെ അദ്ധ്യായങ്ങളും, രണ്ടു വാള്യങ്ങളിലും കൂടി 916 ഖണ്ഡികകളും അടങ്ങിയിരിക്കുന്നു. പ്രസ്തുത കൃതിയാണ് 1956-ൽ എൻ. ബി. എസ്സ്. പതിപ്പായി പുറപ്പെട്ടിട്ടുള്ളതു്.
ഭാഷാ ചരിത്രസംബന്ധമായി ഇദംപ്രഥമമായി ഉണ്ടായ ഒരു കൃതിയാകകൊണ്ടു് ഗോവിന്ദപ്പിള്ളയുടെ ‘മലയാള ഭാഷാചരിത്രത്തിൽ ചില പ്രമാദങ്ങളെല്ലാം വന്നുപോയിട്ടുണ്ടെന്നുള്ളതു സമ്മതിക്കണം. പല കൃതികളുടേയും കാലം, കർത്തൃത്വം മുതലായവ തൊറ്റായി രേഖപ്പെടുത്തിപ്പോയിട്ടുണ്ടു്. മറ്റുചില ന്യൂനതകളും അതിൽ കടന്നുകൂടിയിട്ടില്ലെന്നില്ല. അതൊക്കെ വാസ്തവംതന്നെ. എന്നുവരികിലും, മലയാള ഭാഷാസാഹിത്യ സാമ്രാജ്യത്തിൽ ആദ്യമായി ഒരു സർവ്വേ ആരംഭിക്കുകയും, അന്നുവരെ അജ്ഞാതമായിരുന്ന പലതും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഗ്രന്ഥപ്പുരകളിൽനിന്നു പുറത്തുകൊണ്ടുവരികയും, അവയെല്ലാം പിൽക്കാലത്തു് അനന്തരഗാമികൾക്കു മാർഗ്ഗദർശകമായിത്തീരുമാറ് മുദ്രണം ചെയ്തു പ്രകാശിപ്പിക്കുകയും ചെയ്തതു് ആ ഗവേഷകകുശലൻ്റെ നിസ്വാർത്ഥ യത്നം ഒന്നുകൊണ്ടു മാത്രമാണല്ലോ. അക്കാരണത്താൽത്തന്നെ പി. ഗോവിന്ദപ്പിള്ള സമസ്ത കേരളീയരുടേയും അഭിനന്ദനങ്ങൾക്കു പാത്രമായിത്തീർന്നിരിക്കുന്നു. കേരളീയർ അദ്ദേഹത്തെ ‘ഭാഷാചരിത്രകാരൻ’ എന്ന ബിരുദം കൊണ്ടു ബഹുമാനിച്ചുപോരുന്നതു് സർവ്വഥാ ഉചിതംതന്നെ.
